Tuesday, 30 April 2019
ആദ്യന്തം വിസ്മയം പുതുമനയുടെ ദേവനൃത്തം
പുതുമന ഗോവിന്ദൻ നമ്പൂതിരി എന്നും ഒരു മാതൃകാകലാകാരനാണ്. തിടമ്പ് നൃത്തം എന്ന കലയ്ക്കു വേണ്ടി ത്യാഗത്തിന്റെയും കഷ്ടപ്പാടിന്റെയും സമർപ്പണത്തിന്റെയും കനൽവഴികളിൽ പതിറ്റാണ്ടുകളായി നടന്നുനീങ്ങി കലാചക്രവർത്തിയായപ്പോഴും ആ വഴികൾ മറക്കാത്ത വലിയ ഹൃദയമാണ് അതിന് കാരണം. പുതുമന ഗോവിന്ദൻ നമ്പൂതിരിയെപ്പോലുള്ള ഒരദ്ഭുതം ഇനി ഒരിക്കലുമുണ്ടാകില്ല. തിടമ്പ് നൃത്തത്തിന്റെ ആട്ടവേദികളിൽ ഒരിക്കൽ മാത്രം സംഭവിച്ചു പോകുന്ന മായാജാലം. തിടമ്പ് നൃത്തത്തിലെ ഓരോ ചലനവും പുതുമനയുടെ പാദങ്ങളിൽ പൂത്തുലയുമ്പോൾ അത് അദ്ദേഹത്തിന്റെ അനന്യമായ നടനമാസ്മരികതയാണ്, അതിനു മുൻപോ ശേഷമോ കാണാൻ കിട്ടാത്ത ചലനങ്ങൾ. ആ സമയങ്ങളിൽ കാഴ്ചക്കാരിലേക്ക് പടർന്നുകൊണ്ടിരിക്കുന്ന ദേവതാളം. ക്ഷേത്രനാഥനായ പ്രതിഷ്ഠയുടെ ഭാവങ്ങളും ചലനങ്ങളും പുതുമനയുടെ വിവിധങ്ങളായ ചലനങ്ങളിലൂടെ ആവിഷ്കരിക്കപ്പെടുമ്പോൾ ഭക്തമാനസം നിറയും. നിറഞ്ഞ ഭക്തിയോടെയും വലിയ ആവേശത്തോടെയും പുതുമനയുടെ തിടമ്പ് നൃത്തം കണ്ട ഓർമ്മകളാണ് മനസ്സിൽ തെളിയുന്നത്. ഇക്കാലത്തും കലാരംഗത്ത് ഒന്നാമനായി തുടരുന്നു അദ്ദേഹം. ഭൂരിഭാഗവും അനുഷ്ഠാനസ്വഭാവമുള്ള നൃത്തരൂപമാണ് തിടമ്പ് നൃത്തം. നമ്മുടെ രാജ്യത്ത് നിലവിലുള്ള മറ്റു നൃത്തരൂപങ്ങളിലെ ശൈലികളും വസ്ത്രാലങ്കാരരീതികളും അതേ പടി അനുകരിക്കാനുള്ള പ്രവണതകൾ ഉയരുമ്പോൾ തിടമ്പ് നൃത്തത്തിന്റെ മാറ്റ് കുറയുന്നു. അധ:പതനത്തിലേക്ക് നീക്കുന്ന ഈ ചായ്വുകൾക്ക് താൽക്കാലികവിജയം ഉണ്ടായേക്കാം. ഇവിടെയാണ് ഗോവിന്ദൻ നമ്പൂതിരി വ്യത്യസ്തനാവുന്നത്. അനുകരണത്തിന്റെ ഒരു കണിക പോലുമില്ലാത്ത അപൂർവ്വങ്ങളിൽ അപൂർവ്വമായ ശൈലിയാണ് പുതുമന ഗോവിന്ദൻ നമ്പൂതിരിയുടേത്. തനിമയെ ഉൾക്കൊണ്ട് സ്വയം രൂപപ്പെടുത്തിയ ഈ ശൈലിയാണ് ആബാലവൃദ്ധം ജനങ്ങളുടെ ഹൃദയതാളമായി മാറിയത്. ഇന്ത്യയുടെ ഏതു കോണിലുള്ള നൃത്തകലാകാരരായാലും കേരളത്തിന്റെ പുതുമന ഗോവിന്ദൻ നമ്പൂതിരിയെക്കുറിച്ച് സംസാരിക്കുന്നു. കലാപ്രിയരെപ്പോലെ തന്നെ പേരെടുത്ത കലാകാരന്മാരെപ്പോലും തന്നിലേക്കടുപ്പിക്കുന്ന മാന്ത്രികതയാണ് അദ്ദേഹത്തിൽ അലിഞ്ഞിരിക്കുന്നത്. അപാരമായ സിദ്ധിയുള്ള ഈ കലാനിപുണൻ തിടമ്പ് നൃത്തത്തിനു വേണ്ടി ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. തിടമ്പ് നൃത്തത്തിന്റെ പുതിയ വേദികൾ പുതുമന ഗോവിന്ദൻ നമ്പൂതിരിയെ വിളിക്കുകയാണ്, ഓരോ നാളും പുത്തനുണർവ്വുമായി മനസ്സിനെയും ശരീരത്തെയും നവീകരിക്കുന്നു അദ്ദേഹം. അമ്പലത്തിൽ ഉത്സവം കൊടിയേറുന്നു, പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ പൊടി പാറിയ തിടമ്പ് നൃത്തത്തെ വരവേൽക്കുവാൻ ആരാധകരും.