| Art | Culture | Tradition |

Monday 2 July 2018

തെയ്യവും തിറയും

തെയ്യവും തിറയും 

കേരളത്തിലെ പ്രാചീനമായ ഒരു അനുഷ്ഠാനനര്‍ത്തനകലയാണ്‌ തെയ്യം. ഈ കലാരൂപം ആഹാര്യമനോഹാരിതയില്‍ സമ്പന്നമാണ്. അരൂപനും അദൃശ്യനുമായ ഈശ്വരനുമായി ഭക്തര്‍ക്ക് ഇടപെടാനുള്ള ഒരു കലാമാധ്യമമായി തെയ്യാട്ടം രൂപാന്തരപ്പെടുന്നു. തെയ്യങ്ങളെ അതിന്റെ സ്വഭാവമനുസരിച്ച് നാലായി തരംതിരിക്കാം – ശൈവ-വൈഷ്ണവതെയ്യം, ഭഗവതി തെയ്യം, പുരാണ തെയ്യം, മാനുഷിക തെയ്യം. തെയ്യാട്ടത്തിന്റെ ലക്‌ഷ്യം സമൂഹത്തിന്റെ സമൂലമായ സൌഖ്യവും നന്മയുമാണ്. പല ജനസമൂഹങ്ങളെ ഒരുമിപ്പിക്കുവാനും പല തരത്തിലുള്ള ആചാരാനുഷ്ഠാനങ്ങളുമായി ബന്ധിപ്പിക്കുവാനും സാമുദായിക മൈത്രിയുടെ പ്രതീകമായി തെയ്യം നിലകൊള്ളുന്നു. സംസാരിക്കുന്ന ദൈവങ്ങളാണ് തെയ്യങ്ങള്‍. ഭക്തജനങ്ങള്‍ തങ്ങളുടെ വേദനകളും വിഷമതകളും മറ്റു പ്രശ്നങ്ങളും ദൈവത്തോട് ഉണര്‍ത്തിക്കുകയും നേര്‍ച്ചകളും വഴിപാടുകളും നേരിട്ട് സമര്‍പ്പിക്കുകയും തെയ്യങ്ങള്‍ വിഷസംഹാരിയായ മഞ്ഞള്‍ പ്രസാദം നല്‍കി ഉരിയാടി അനുഗ്രഹിക്കുമ്പോള്‍ വിശ്വാസികള്‍ക്ക് ജീവിതത്തിലെ കുഴങ്ങിമറിഞ്ഞ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകുന്നു.

കുലദൈവങ്ങളെയും തറവാട്ടു പരദേവതമാരെയും കാലാകാലങ്ങളില്‍ കെട്ടിയാടുന്നതിലൂടെയും കുടുംബത്തിന്റെയും ദേശത്തിന്റെയും അനര്‍ത്ഥങ്ങള്‍ അകറ്റി നാട്ടിനും തറവാട്ടിനും ഐശ്വര്യവുമുണ്ടാവുമത്രേ.

തെയ്യം എന്ന പോലെ തിറ എന്നൊരു പദവും പ്രചാരത്തിലുണ്ട്. ആദ്യത്തേതു വടക്കും രണ്ടാമത്തേതു തെക്കും പ്രചരിച്ചിരുന്ന പദങ്ങളെന്നല്ലാതെ വലിയ വ്യത്യാസമൊന്നുമില്ല. തറയിലെ മാടത്തില്‍ കെട്ടിയാടുന്ന തെക്കന്‍ദേശത്തുനിന്ന് ഏഴുന്നള്ളിയ ഈശ്വരന്‍മാരായ ക്ഷേത്രപാലകന്‍, വൈരജാതന്‍, വേട്ടയ്ക്കൊരുമകന്‍, ഊര്‍പ്പഴശി എന്നിവരെല്ലാം തിറകളായിട്ടാണ് അറിയപ്പെടുന്നത്. തിറകള്‍ക്ക് തലേദിവസം വെള്ളാട്ടമുണ്ടാവും. തെയ്യം കെട്ടുന്നവര്‍ ചില ചമയങ്ങള്‍ അണിഞ്ഞും മിക്കപ്പോഴും മുഖമെഴുതിയുമാണ് വെള്ളാട്ടം നടത്തുന്നത്. തെയ്യത്തിന്‍റെ ചെറിയ രൂപമായ തോറ്റം എല്ലാ തെയ്യങ്ങള്‍ക്കും പതിവില്ല. അത്തരം തെയ്യങ്ങള്‍ക്കും തിറകള്‍ക്കും വെള്ളാട്ടമാണ് പതിവ്. വെള്ളാട്ടത്തിന് തോറ്റവേഷത്തെക്കാള്‍ ഉടയാടകളും മെയ്യലങ്കാരവും ഉണ്ടാകും. മുഖത്തുതേയ്പ്പും വെള്ളാട്ടത്തിനു പതിവുണ്ട്. രൂപത്തിലും ഭാവത്തിലും അവ തെയ്യത്തോട് അടുക്കുന്നു. സ്ത്രീ ദേവതകള്‍ക്കെല്ലാം തോറ്റമുണ്ട്. എന്നാല്‍, വേട്ടക്കൊരുമകന്‍, വൈരജാതന്‍, ഊര്പ്പഴച്ചി, പൂമാരുതന്‍, വയനാട്ടുകുലവന്‍, കണ്ടനാര്‍ കേളന്‍, കന്നിക്കൊരുമകന്‍ എന്നീ പുരുഷതെയ്യങ്ങള്‍ക്ക് വെള്ളാട്ടമാണ്. വെള്ളാട്ടമുള്ളവയ്ക്ക് തോറ്റമോ തോറ്റമുള്ളവയ്ക്ക് വെള്ളാട്ടമോ സാധാരണ പതിവില്ലെങ്കിലും കൂടുതല്‍ നാളുകള്‍ കളിയാട്ടം നടത്തുമ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ വെള്ളാട്ടവും തോറ്റവും മാറി മാറി നടത്താറുമുണ്ട്.

കളിയാട്ട മഹോത്സവകാലം ഭക്തജനങ്ങള്‍ക്ക് ഒരു പുത്തനുണര്‍വ്വാണ്. നമ്മുടെ സനാതനമായ സംസ്കാരത്തെ ശാശ്വതമായി നിലനിര്‍ത്തിപ്പോന്ന, കണ്ണികള്‍ അറ്റുപോകുന്ന കുടുംബബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കുന്ന ഒത്തുചേരലിന് പരമപ്രധാനമായ പങ്ക് തെയ്യങ്ങള്‍ വഹിക്കുന്നു.
Share:

1 comment:

Ancient Indian Art forms have been passed down from generation to generation, and are still practiced and celebrated in different parts of the country. Here’s a look at few of them what makes these art forms unique.

Search This Blog

 
// //