കുലദൈവങ്ങളെയും തറവാട്ടു പരദേവതമാരെയും കാലാകാലങ്ങളില്‍ കെട്ടിയാടുന്നതിലൂടെയും കുടുംബത്തിന്റെയും ദേശത്തിന്റെയും അനര്‍ത്ഥങ്ങള്‍ അകറ്റി നാട്ടിനും തറവാട്ടിനും ഐശ്വര്യവുമുണ്ടാവുമത്രേ.
തെയ്യം എന്ന പോലെ തിറ എന്നൊരു പദവും പ്രചാരത്തിലുണ്ട്. ആദ്യത്തേതു വടക്കും രണ്ടാമത്തേതു തെക്കും പ്രചരിച്ചിരുന്ന പദങ്ങളെന്നല്ലാതെ വലിയ വ്യത്യാസമൊന്നുമില്ല. തറയിലെ മാടത്തില്‍ കെട്ടിയാടുന്ന തെക്കന്‍ദേശത്തുനിന്ന് ഏഴുന്നള്ളിയ ഈശ്വരന്‍മാരായ ക്ഷേത്രപാലകന്‍, വൈരജാതന്‍, വേട്ടയ്ക്കൊരുമകന്‍, ഊര്‍പ്പഴശി എന്നിവരെല്ലാം തിറകളായിട്ടാണ് അറിയപ്പെടുന്നത്. തിറകള്‍ക്ക് തലേദിവസം വെള്ളാട്ടമുണ്ടാവും. തെയ്യം കെട്ടുന്നവര്‍ ചില ചമയങ്ങള്‍ അണിഞ്ഞും മിക്കപ്പോഴും മുഖമെഴുതിയുമാണ് വെള്ളാട്ടം നടത്തുന്നത്. തെയ്യത്തിന്‍റെ ചെറിയ രൂപമായ തോറ്റം എല്ലാ തെയ്യങ്ങള്‍ക്കും പതിവില്ല. അത്തരം തെയ്യങ്ങള്‍ക്കും തിറകള്‍ക്കും വെള്ളാട്ടമാണ് പതിവ്. വെള്ളാട്ടത്തിന് തോറ്റവേഷത്തെക്കാള്‍ ഉടയാടകളും മെയ്യലങ്കാരവും ഉണ്ടാകും. മുഖത്തുതേയ്പ്പും വെള്ളാട്ടത്തിനു പതിവുണ്ട്. രൂപത്തിലും ഭാവത്തിലും അവ തെയ്യത്തോട് അടുക്കുന്നു. സ്ത്രീ ദേവതകള്‍ക്കെല്ലാം തോറ്റമുണ്ട്. എന്നാല്‍, വേട്ടക്കൊരുമകന്‍, വൈരജാതന്‍, ഊര്പ്പഴച്ചി, പൂമാരുതന്‍, വയനാട്ടുകുലവന്‍, കണ്ടനാര്‍ കേളന്‍, കന്നിക്കൊരുമകന്‍ എന്നീ പുരുഷതെയ്യങ്ങള്‍ക്ക് വെള്ളാട്ടമാണ്. വെള്ളാട്ടമുള്ളവയ്ക്ക് തോറ്റമോ തോറ്റമുള്ളവയ്ക്ക് വെള്ളാട്ടമോ സാധാരണ പതിവില്ലെങ്കിലും കൂടുതല്‍ നാളുകള്‍ കളിയാട്ടം നടത്തുമ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ വെള്ളാട്ടവും തോറ്റവും മാറി മാറി നടത്താറുമുണ്ട്.
കളിയാട്ട മഹോത്സവകാലം ഭക്തജനങ്ങള്‍ക്ക് ഒരു പുത്തനുണര്‍വ്വാണ്. നമ്മുടെ സനാതനമായ സംസ്കാരത്തെ ശാശ്വതമായി നിലനിര്‍ത്തിപ്പോന്ന, കണ്ണികള്‍ അറ്റുപോകുന്ന കുടുംബബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കുന്ന ഒത്തുചേരലിന് പരമപ്രധാനമായ പങ്ക് തെയ്യങ്ങള്‍ വഹിക്കുന്നു.