| Art | Culture | Tradition |

Wednesday 19 June 2024

പുതുമന, തിടമ്പുനൃത്തകലയുടെ മഹാഗുരു

പുതുമന, തിടമ്പുനൃത്തകലയുടെ മഹാഗുരു 

- മോഹൻദാസ് ശിവകൃപ 

പുതുമന ഗോവിന്ദൻ നമ്പൂതിരിയെ സ്‌കൂൾ വിദ്യാഭ്യാസത്തിനായിരുന്നു അച്ഛൻ വിദ്യാലയത്തിലയച്ചത്. അച്ഛന്റെ സ്വപ്നങ്ങളിൽ മകനെ പഠിപ്പിച്ച് വലിയ ഉദ്യോഗസ്ഥനാക്കണം എന്നായിരുന്നു. പക്ഷേ, ഗോവിന്ദൻ നമ്പൂതിരിയുടെ മനസ്സിൽ മറ്റൊന്നായിരുന്നു. എല്ലാവരും അറിയപ്പെടുന്ന ക്ഷേത്രനർത്തകനാകുക. തിടമ്പുനൃത്തകലാരൂപത്തെ പുനർനിർവചിച്ച് പുനരുജ്ജീവിപ്പിക്കുക. അതിനെ ക്ഷേത്രമതിൽക്കെട്ടിന് പുറത്തുള്ള വിശാലമായ ലോകത്തേക്ക് കൊണ്ടുപോയി ലോകത്തെ അറിയിക്കുക. ഇളംപ്രായത്തിൽ തന്നെ പുതുമന ഗോവിന്ദൻ അരങ്ങേറ്റം കുറിച്ച് ഭക്തിയുടെയും ഭാവനയുടെയും ലോകങ്ങൾ സാക്ഷാത്കരിച്ച് നൃത്തവിസ്മയങ്ങൾക്ക് ആരംഭം കുറിക്കുകയായിരുന്നു. തിടമ്പുനൃത്തത്തോട് അടങ്ങാത്ത അഭിനിവേശമാണ് പുതുമന ഗോവിന്ദൻ നമ്പൂതിരിക്ക്. ഓരോ ദിവസവും എഴുന്നേൽക്കുമ്പോൾ ചിന്തിക്കുന്നത് തിടമ്പുനൃത്തത്തെപ്പറ്റിയാണ്. സമൂഹവുമായി നല്ല ബന്ധം പുലർത്തുമ്പോഴും ക്ഷേത്രത്തിനകത്തെ ഉത്സവങ്ങളിലും ചടങ്ങുകളിലും  സജീവം.തിടമ്പുനൃത്തത്തിന്റെ വേഷം അലങ്കരിക്കാനും മുന്നിൽത്തന്നെ. തിടമ്പുനൃത്തത്തെ ജനകീയമാക്കാനായി വേഷവിധാനങ്ങളും കിരീടവും മറ്റു സംവിധാനങ്ങളുമെല്ലാം ഡിസൈൻ ചെയ്തത് പുതുമന ഗോവിന്ദൻ നമ്പൂതിരിയാണ്. തിടമ്പുനൃത്തം രംഗത്ത് അവതരിപ്പിക്കാനുള്ള മൂലപ്രമാണവും ചുവടുകളുടെ ഘടനയും വികസിപ്പിച്ചെടുത്തത് ഗോവിന്ദൻ നമ്പൂതിരിയാണ്. രംഗസംവിധാനത്തിലും അദ്ദേഹം സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വാർഷികാഘോഷങ്ങളിൽ ഗോവിന്ദൻ നമ്പൂതിരിയുടെ തിടമ്പുനൃത്തം ശ്രദ്ധേയമാണ്. ഒരു പ്രതിഫലേച്ഛയുമില്ലാത്ത ഭക്തസമൂഹത്തിനുള്ള സേവനമാണ് അദ്ദേഹത്തിന് തിടമ്പുനൃത്തം. 
തിടമ്പുനൃത്തത്തിന്റെ ദീർഘകാലത്തെ പ്രചാരകൻ കൂടിയാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. ലഭിച്ച അവസരങ്ങളിലെല്ലാം സമൂഹത്തിനു പ്രയോജനപ്പെടും വിധം തിടമ്പുനൃത്തത്തിലേയും മറ്റു നാടൻ കലാരൂപങ്ങളിലെയും അറിവും അനുഭവങ്ങളും അദ്ദേഹം പകർന്നുനൽകി. ഒട്ടനവധി അനുഭവങ്ങൾ സമൂഹം സ്വീകരിക്കുമ്പോൾ തിരിച്ചു ലഭിക്കുന്ന പ്രശംസാവചനങ്ങൾ ഗോവിന്ദൻ നമ്പൂതിരിയുടെ കണ്ണു നനയിച്ചു. തിടമ്പുനൃത്തത്തെക്കുറിച്ച് പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട് ഗോവിന്ദൻ നമ്പൂതിരി. സമൂഹത്തിന്റെ വ്യക്തിത്വവികസനത്തിനും സ്വഭാവരൂപീകരണത്തിനും സ്വയം ഒരു മാതൃകയായി ഈ നർത്തകൻ ജീവിക്കുന്നു. ഇത്രയും ശിഷ്യസമ്പത്തുള്ള മറ്റൊരു കലാകാരനും ഉണ്ടോയെന്ന് സംശയമാണ്. തിടമ്പുനൃത്തത്തോട് താൽപര്യമുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും പുതുമന ഗോവിന്ദൻ നമ്പൂതിരി താല്പര്യം കാണിക്കാറുണ്ട്. തിടമ്പുനൃത്തത്തിന്റെ രംഗവേദിയിൽ അറുപതിലേറെ വർഷങ്ങൾ ആടിത്തിമിർത്ത ഗോവിന്ദൻ നമ്പൂതിരി അരങ്ങിൽ കയറിയാൽ ഇന്നും കൗതുകം തീരാത്ത അദ്‌ഭുതമാണ്. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ ഓരോ അരങ്ങും ചരിത്രമാണ്. തിടമ്പുനൃത്തത്തോട് താത്പര്യമുള്ള ഒരു പ്രേക്ഷകസമൂഹത്തെ സൃഷ്ടിച്ച മാർഗ്ഗദർശിയാണ് അദ്ദേഹം. ഏറ്റവും ലളിതജീവിതം നയിച്ച് ഒരു അംഗീകാരത്തിനും പിറകേ പോകാതെ ഭക്തിയുടെ പാതയിലൂടെ നീങ്ങുന്ന മഹാഗുരുവാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി.
Share:

0 comments:

Post a Comment

Ancient Indian Art forms have been passed down from generation to generation, and are still practiced and celebrated in different parts of the country. Here’s a look at few of them what makes these art forms unique.

Search This Blog

Blog Archive

 
// //