തിടമ്പുനൃത്തത്തിന്റെ വിശ്വദാർശനികൻ
കെ ടി പ്രണവ് ശങ്കർ
പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ നാടൻകലാപ്രവർത്തനങ്ങൾ വിശ്വമഹാനർത്തകരുടെയിടയിൽ അദ്ദേഹത്തിന് പ്രതിഷ്ഠ നൽകിയിട്ടുണ്ട്. ആ നൃത്തമഹിമയുടെ ചില സവിശേഷതകൾ പരിശോധിക്കുന്നത് സന്തോഷകരമായിരിക്കും. അദ്ദേഹത്തിൻ്റെ ജീവിതത്തിലെ പ്രധാന പ്രവൃത്തി തിടമ്പുനൃത്തം തന്നെയായിരുന്നു, ഇന്നും അങ്ങനെ തന്നെ. പുതുമന ഗോവിന്ദൻ നമ്പൂതിരിയെ ഒരിക്കലും ബഹുമുഖപ്രതിഭയെന്ന് വിശേഷിപ്പിക്കാൻ സാധിക്കില്ല, നാടൻ കലയ്ക്കു വേണ്ടിയും സമൂഹത്തിനുവേണ്ടിയും ജീവിതം സമർപ്പിച്ച കലാകാരൻ. സത്യസന്ധനും കഠിനാദ്ധ്വാനിയും രാഷ്ട്രസ്നേഹിയുമായ നർത്തകൻ. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ കലാപ്രവർത്തനങ്ങളെപ്പറ്റിയറിയാൻ അദ്ദേഹത്തിൻ്റെ വ്യക്തിവൈശിഷ്ട്യത്തെയും നേട്ടത്തിന്റെ സ്വഭാവവൈപുല്യങ്ങളെയും കുറിച്ച് പൊതുജ്ഞാനം നേടേണ്ടതാണ്. ലോകത്തിനു ദർശിക്കാൻ കഴിഞ്ഞിട്ടുള്ള വിശ്വോത്തര നർത്തകരിലൊരാളാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. ക്ഷേത്ര നാടൻ അനുഷ്ഠാനരൂപമായ തിടമ്പുനൃത്തത്തിന്റെ നവോത്ഥാനപ്രചാരകൻ, ആധുനികകാലത്തെ പ്രാരംഭകൻ എന്നീ നിലകളിൽ ഒരു ദേശത്തും ആരും ഗോവിന്ദൻ നമ്പൂതിരിയെ അതിശയിച്ചിട്ടില്ലെന്നതു സുപ്രസിദ്ധമാണ്. തിടമ്പുനൃത്തത്തിന്റെ പുനർനിർവചനത്തിനും നവീകരണത്തിനും പ്രവർത്തിച്ചുവന്നതിനാൽ അദ്ദേഹത്തിൻ്റെ അസാധാരണമായ മഹത്വം നാടൻ കലാരംഗത്തു മാത്രമൊതുങ്ങിപ്പോയിയെന്നതും വാസ്തവമാണ്. നാടൻ ക്ഷേത്രകലാ പുനരുജ്ജീവനമെന്ന ലക്ഷ്യത്തോടെ അദ്‌ഭുതകരമായ മഹത്വവും വിശിഷ്ടമായ വിജയവും നേടുമ്പോൾ അതിനെ ഒരു പ്രസ്ഥാനമാക്കി ഇതിഹാസതുല്യമായ ജീവിതമാക്കി ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനർത്തകൻ എന്ന നിലയിലാകട്ടെ അദ്ദേഹത്തിനുള്ള സ്ഥാനം പരമോന്നതമാണ്. നാടൻ കലകളുടെയും തിടമ്പുനൃത്തത്തിന്റെയും വ്യത്യസ്ത നിലകളിലുള്ള പ്രചാരകൻ എന്ന നിലയിലും പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ പദവി ഒട്ടും താഴെയല്ല. അഞ്ചര ദശകത്തിലധികം വ്യാപിച്ചുകിടക്കുന്ന കലാ നൃത്തപ്രവർത്തനത്തിൽ ഒരിക്കലും ക്ഷീണിക്കുകയോ ക്ഷയിക്കുകയോ ചെയ്തുപോകാതിരിക്കത്തക്കവണ്ണം പ്രബലവും സ്ഥിരവുമായിരുന്നു അദ്ദേഹത്തിൻ്റെ സർഗ്ഗാശക്തവും നിർമ്മാണാത്മകവുമായ ആന്തരികപ്രചോദനം. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ സംഭാവനകൾ വൈവിധ്യത്തിലും സംഖ്യയിലും ഒരദ്‌ഭുതമായി നമ്മുടെ മുന്നിൽ നിൽക്കുന്നു. എന്നാൽ ഇതിലുമധികം ഗണ്യമായിരിക്കുന്നത് വിപുലമായ ഈ പ്രവർത്തനങ്ങളിലധികവും സമൂഹത്തിന് ഗുണപ്രദമാവുകയും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു എന്നുള്ളതുമാണ്. ദീർഘമായ അനുഭവങ്ങളിലൂടെ നിരന്തരമായ നാടൻ കലാപ്രവർത്തനങ്ങളിലൂടെ അദ്ദേഹത്തിൻ്റെ തിടമ്പുനൃത്തം ശുഷ്കമോ കൃശമോ ആയി മാറിയില്ല, നേരെ മറിച്ച് അനേകം നവീനസൃഷ്ടികൾക്ക് ഹേതുവായി മാറുകയാണ് ചെയ്തത്. തിടമ്പുനൃത്തകലാകാരനെന്ന നിലയ്ക്ക് പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ കലാസപര്യയുടെ അഗാധതയും വ്യാപ്തിയും അദ്ദേഹത്തിൻ്റെ സമുന്നതവും സമ്പന്നവുമായ പ്രതിഭയുടെ ആവിഷ്കാരം മാത്രമാണ്. പുതുമന ഗോവിന്ദൻ നമ്പൂതിരി അരങ്ങുകളിൽ അവതരിപ്പിച്ച ബിംബങ്ങളോളം മഹത്വമുണ്ട് ആ ജീവിതത്തിനും. ഗോവിന്ദൻ നമ്പൂതിരിയുടെ തിടമ്പുനൃത്തത്തിനായുള്ള നിസ്വാർത്ഥ പ്രവർത്തനങ്ങളെ ബന്ധിപ്പിച്ച് ആ ജീവിതത്തെ പ്രകാശപൂരിതമായ ഒരു സമഗ്രരൂപമായി കണ്ടെങ്കിലേ അദ്ദേഹത്തിന്റെ മഹത്വവും വർത്തമാനകാലത്തിലെയും ഭാവികാലത്തിലെയും അദ്ദേഹത്തിൻ്റെ പ്രസക്തി ഗ്രഹിക്കാൻ സാധിക്കൂ. ചെറുപ്പത്തിൽ ഗോവിന്ദൻ നമ്പൂതിരി തിടമ്പുനൃത്തത്തിന്റെ അരങ്ങേറ്റം കഴിയവേ അദ്ദേഹത്തിൻ്റെ ഉത്തരവാദിത്വം വളരെ വലുതാണെന്ന് തിരിച്ചറിയുകയും ഏകാകിയായി തിടമ്പുനൃത്തത്തിന്റെ പൊരുൾ തേടിയലയുകയും ചെയ്തിരുന്നു. ആ പാതയിൽ ഒന്നും തടസ്സമായി നിൽക്കാൻ അവസരം നൽകാതെ നവനവങ്ങളായ പ്രവർത്തനങ്ങൾക്കായി എപ്പോഴും പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന ശക്തനായ പ്രചോദനമായി അദ്ദേഹം മാറി. തിടമ്പുനൃത്തത്തിന്റെ പുനരുജ്ജീവനം എന്ന പ്രവൃത്തിയുടെ ഒരു ഘട്ടം പൂർത്തിയാക്കിയതുകൊണ്ടോ അതിൽ വിജയം നേടിയതുകൊണ്ടോ മാത്രം സംതൃപ്തനാകാതെ അദ്ദേഹം നിരന്തരം മുന്നോട്ടുതന്നെ പോയതായി നമുക്ക് കാണാം. സമൂഹത്തിന് പ്രയോജനമുള്ള കർമ്മമാണ് മഹത്തായ കർമ്മമെന്നും അതിൽക്കൂടിയേ ഒരു കലാകാരന് പൂർണ്ണത നേടാനാകൂവെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വിശാലമായ സമൂഹത്തിലേക്കിറങ്ങി ബഹുമുഖങ്ങളായ മനുഷ്യരോട് ചേർന്ന് യത്നങ്ങളുടെയും സംഘട്ടനങ്ങളുടെയും ലോകത്തേക്ക് പ്രവേശിച്ചു. പിന്നീട് കൂടുതൽ വിപുലമായ തിടമ്പുനൃത്തത്തിന്റെ സർഗാത്മക യത്നങ്ങളിലേക്കു ചെന്നെത്തിക്കുന്ന പുതിയ പന്ഥാവിലൂടെ സഞ്ചരിച്ചു. നാടൻ കലകളുടെ ഉദ്ഭവവും അർത്ഥവും തേടിനടന്ന പുതുമന ഗോവിന്ദൻ നമ്പൂതിരി സ്വയം കണ്ടെത്തുകയും സ്വവ്യക്തിത്വത്തിന്റെ അതുവരെ അപ്രകാശിതമായിരുന്ന വശങ്ങൾ അനാച്ഛാദനം ചെയ്യുവാൻ സാധ്യതകളും സ്വാതന്ത്ര്യവുമുള്ള സുപ്രധാനമായ അദ്ധ്യായങ്ങൾ എഴുതിച്ചേർത്തു. നാടൻ കലകൾ, നാട്ടറിവുകൾ, അപൂർവ്വവിവരങ്ങൾ മുതലായവയുടെ പുനരുദ്ധാരണവും ഏകീകരണവും തിടമ്പുനൃത്തത്തിന്റെ നവീകരണം എന്നിവയ്ക്കായുള്ള പ്രയത്നങ്ങൾക്കിടയിൽ ക്ഷേത്രപുനരുദ്ധാരണപ്രവർത്തനങ് ങളിലും തന്റേതായ സംഭാവനകൾ നൽകി. തനതുകലകൾ ദേശീയോദ്ഗ്രഥനത്തിനായി രൂപാന്തരപ്പെടുത്താനും അതിലൂടെ രാഷ്ട്രഏകീകരണവും പുനർനിർമ്മാണവും എന്ന മഹത്തായ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ചു. ഓരോ കലാഗ്രാമത്തിലും ചെന്നെത്തി അതിലൂടെ മർമ്മഭൂതവും മൗലികവുമായ ഐക്യനാദം ഉയർത്തിയെടുത്തു. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ ജീവിതസത്തയുടെ വിവിധ വശങ്ങൾ ഒന്നിച്ചുചേർത്താൽ നമുക്ക് കാണാൻ സാധിക്കുന്ന പരിപൂർണ്ണത തിടമ്പുനൃത്തമെന്ന ക്ഷേത്രാചാരവും കലയും ഇന്നിന്റേതായി എന്നതാണ്. പുതുമന ഗോവിന്ദൻ നമ്പൂതിരി ഇതിലേക്കായി ഏറ്റെടുത്ത് നടത്തിയ പ്രവൃത്തികൾ എണ്ണമറ്റതും വ്യത്യസ്തങ്ങളും പലപ്പോഴും മനുഷ്യമനസ്സിന്റെ അഗാധതയിൽ ചെന്നുകൊള്ളും വിധം മഹത്തരവുമായിരുന്നു. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ ശൈലി ശാന്തവും ഒരു കുലപതിക്കുമാത്രം സാധ്യമായ ലാവണ്യത്തോടും ലാഘവത്തോടും കൂടിയുള്ളതാണ്. അനായാസമെന്നു തോന്നിക്കുംവിധം പ്രകടമെങ്കിലും എത്രയോ മനുഷ്യായുസ്സുകളുടെ കഠിനാദ്ധ്വാനം അവയ്ക്കുപിറകിൽ ഒളിഞ്ഞുകിടപ്പുണ്ടെന്ന് മനസ്സിലാക്കാൻ പ്രയാസമാണ്. വിശ്രമമില്ലാത്ത ജോലിയിൽ മുഴുകുന്ന ഗോവിന്ദൻ നമ്പൂതിരിയെ ചൂഴ്ന്നുനിന്ന വിശ്രാന്തിയെയും പ്രശാന്തതയെയും കുറിച്ച് അദ്‌ഭുതത്തോടെയല്ലാതെ ചിന്തിക്കാനാവില്ല. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ ആത്മചൈതന്യം വ്യക്തിജീവിതത്തിന്റെ സങ്കുചിതമായ വലയത്തിനുള്ളിൽ ചുരുണ്ടുകൂടാതെ വിശാലമായ മാനവലോകത്ത് ജീവിക്കുന്നു. മനുഷ്യചിന്തകളിലെയും മനുഷ്യസംബന്ധമായ പ്രമേയങ്ങളിലെയും അർത്ഥവത്തായ ഓരോ ചലനങ്ങളും അന്യാദൃശമായ ഉണർവോടെ ഗോവിന്ദൻ നമ്പൂതിരിയുടെ ഹൃദയത്തിൽ പ്രതിഫലിച്ചു. ഗോവിന്ദൻ നമ്പൂതിരിയുടെ പ്രവർത്തനങ്ങൾ പലതായിരുന്നുവെങ്കിലും അവയ്‌ക്കെല്ലാം ഒരു ഐക്യം നിലനിന്നിരുന്നു, അത് തിടമ്പുനൃത്തത്തിന്റെയും നാടൻ കലകളുടെയും പുനർനിർമ്മാണമായിരുന്നു. ബാല്യകാലം മുതൽ തീവ്രമായ പ്രതിപത്തിയോടുകൂടി ഗോവിന്ദൻ നമ്പൂതിരി തുടർന്നുപോന്ന വിപുലമായ പരിശ്രമങ്ങളുടെ മണ്ഡലവും കടന്നുചെന്ന് അദ്ദേഹത്തിൻ്റെ കഷ്ടപ്പാടുകളെയും ത്യാഗങ്ങളെയും ലോകത്തിനും ദൈവത്തിനും ഒരു സമർപ്പിതജന്മമാകാൻ അദ്ദേഹം ആഗ്രഹിക്കുന്നു. തിടമ്പുനൃത്തത്തിന്റെ ജനകീയവത്കരണത്തിൽ അദ്ദേഹം നേരിട്ട എതിർപ്പുകൾ വളരെ വലുതായിരുന്നു. ആ എതിർപ്പുകളെ നേരിടേണ്ടിവന്നുവെങ്കിലും അഗാധമായ ആത്മസംതൃപ്തി കൊണ്ടുള്ള ചാരിതാർഥ്യം ഉണ്ടായിട്ടുണ്ടെന്ന് പുതുമന ഗോവിന്ദൻ നമ്പൂതിരി. അമൂല്യമായ അനുഭവസമ്പത്തിലൂടെയും ജ്ഞാനസമ്പാദനത്തിലൂടെയും മഹത്വവും ത്യാഗവും കൂട്ടിച്ചേർത്ത ജീവിതമാതൃകയിൽ സമൂഹത്തിന് നല്കേണ്ടതെല്ലാം അദ്ദേഹം നൽകി. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ മനസ്സും ഹൃദയവും ലോകത്തിനായി തുറന്നിട്ടു. വ്യക്തിത്വത്തിന്റെ വൈശിഷ്ട്യം കൊണ്ടും നേട്ടങ്ങളുടെ മഹത്വം കൊണ്ടും എത്രയോ കാലഘട്ടങ്ങളുടെ സർവ്വാതിശായിയായ സമുന്നതവ്യക്തിത്വമാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. നാടൻ കലകളുടെ ആസ്വാദകർക്കും കലാകാരന്മാർക്കും ജനങ്ങൾക്കും എല്ലാ ജീവിതസരണികളിലും സ്വാധീനശക്തിയായി അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. കലാമാർഗ്ഗത്തിൽക്കൂടി സത്യാന്വേഷണത്തിലേക്കും ജീവിതസാഫല്യത്തിലേക്കും ആനന്ദത്തിലേക്കും അഭിമാനത്തിലേക്കും നിർഭയത്വത്തിലേക്കുമുള്ള പാത അദ്ദേഹം അഭിനവമാനവർക്ക് കാട്ടിക്കൊടുത്തു. പുതുമന ഗോവിന്ദൻ നമ്പൂതിരിയെപ്പോലെ സർവലൗകികനും സർവ്വാശ്ലേഷിയും മനുഷ്യസ്നേഹിയുമായ ഒരാൾ അപൂർവ്വമാണ്.
0 comments:
Post a Comment