പുതുമന ഗോവിന്ദൻ നമ്പൂതിരി - പല ജന്മങ്ങളുടെ നിസ്വാർത്ഥ കലാസേവനം
രാഹുൽ
എല്ലാവരും സ്വന്തം കാര്യം മാത്രം നോക്കി പണം സമ്പാദിച്ചുകൂട്ടാനായി പരക്കംപായുമ്പോൾ സ്വന്തം ജീവിതം തന്നെ ക്ഷേത്രകലയായ തിടമ്പുനൃത്തത്തിന് സമർപ്പിച്ച കലാകാരനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. പ്രതിഫലത്തെക്കുറിച്ച് ചിന്തിക്കാതെ കാലം മുന്നോട്ടുപോയപ്പോൾ അദ്ദേഹം ദരിദ്രനായി. കലാകാരന്മാർക്ക് ചൂണ്ടിക്കാണിക്കാൻ ആത്മാർത്ഥതയുടെയും സത്യസന്ധതയുടെയും ആൾരൂപമായി അഭിമാനമായ പുതുമന ഗോവിന്ദൻ നമ്പൂതിരിയെ ഒരുകാലത്ത് ആരും അംഗീകരിച്ചില്ലെന്നു മാത്രമല്ല, എതിർക്കാനും ഭീഷണിപ്പെടുത്താനും അനേകം ആളുകളുണ്ടായി. തിടമ്പുനൃത്തത്തിന്റെ തനിമ സൂക്ഷിക്കുന്നതും അതിനെ സാമൂഹ്യവൽക്കരിക്കുന്നതുമായിരു ന്നു വിഷയം. നാം എത്ര കാലം ജീവിക്കുന്നു എന്നതിലല്ല, സമൂഹത്തിന് ഉപകാരം ചെയ്തുകൊണ്ട് എങ്ങനെ ജീവിതം കഴിച്ചുകൂട്ടുന്നു എന്നതിലാണ് കാര്യം. മറ്റുള്ളവർക്കുവേണ്ടി ജീവിക്കാനും സമൂഹനന്മയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യാനും സാധിച്ചില്ലെങ്കിൽ ആ ജന്മം കൊണ്ട് ആർക്കാണ് പ്രയോജനം?
നാശോന്മുഖമായിരുന്ന ഒരു ക്ഷേത്രാചാരത്തെ പുനർനിർമ്മിക്കാനും അതിനെ ക്ഷേത്രകലയാക്കി സമൂഹത്തിന് പരിചയപ്പെടുത്താനും തകർന്നുപോയ ക്ഷേത്രങ്ങളെ പുനരുദ്ധരിക്കാനും ഇറങ്ങിച്ചെന്ന സർവ്വജനബന്ധിയായ മഹാമനസ്സ്. ഇതിലും ശ്രേഷ്ഠമായി മറ്റെന്തുണ്ട് നാടിനെ സേവിക്കാൻ ! ഹൃദയശുദ്ധിയും നിർവ്യാജതയും നിസ്വാർത്ഥതയും അനാഡംബരതയും ഗോവിന്ദൻ നമ്പൂതിരിയെ എവിടെ കൊണ്ടുചെന്നെത്തിച്ചു എന്നാലോചിക്കുമ്പോൾ നാം ദുഃഖിച്ചുപോകുന്നു. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ ത്യാഗത്തെക്കുറിച്ച് ആരറിയാൻ? ഒന്നിനുപിറകെ ഒന്നായി ഉപജാപകസംഘങ്ങൾ ഉയർത്തിയെടുത്ത നുണക്കോട്ടകൾ തകരാൻ കാലമേറെയെടുത്തു. ജീവിതം തന്നെ നന്മ ചെയ്യാൻ തിരഞ്ഞെടുത്ത ഗോവിന്ദൻ നമ്പൂതിരി ഇന്ന് സ്വയം സമാധാനിക്കുന്നു. സാമ്പത്തികമായ ശോചനീയാവസ്ഥയിലും ബൗദ്ധികവും ശാരീരികവുമായ കഠിനശ്രമങ്ങളിലൂടെയാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി സ്വന്തം ജീവിതദൗത്യം ഏറ്റെടുത്തത്. നിരന്തര പോരാട്ടങ്ങളിലൂടെ ജീവിതത്തിലെ വെല്ലുവിളികളും തിടമ്പുനൃത്തത്തിന്റെ പുനരുജ്ജീവനത്തിനു മുന്നിലെ പ്രതിബന്ധങ്ങളും അദ്ദേഹം ഒരുപോലെ അതിജീവിച്ചു. ഒടുവിൽ ഗോവിന്ദൻ നമ്പൂതിരിയെ ഈശ്വരൻ കനിഞ്ഞനുഗ്രഹിച്ചു. നിരവധി അരങ്ങുകൾ അദ്ദേഹത്തെ തേടിവന്നു. കലയും ആചാരവും കൈവിടാതെ 800 വർഷത്തെ പാരമ്പര്യം അദ്ദേഹം നിലനിർത്തുന്നു. തിടമ്പുനൃത്തത്തെ ഹൃദയത്തിലേറ്റി തിടമ്പ് ശിരസ്സിലേറ്റി പുതുമന ഗോവിന്ദൻ നമ്പൂതിരി പ്രായം മറന്ന് ഇന്നും ഒരുത്സവത്തിൻ്റെ ഉത്സാഹവും ആവേശവും നിലനിർത്തുന്നു.
0 comments:
Post a Comment