| Art | Culture | Tradition |

Saturday 15 June 2024

തിടമ്പുനൃത്തം തന്നെ ജീവിതം

 തിടമ്പുനൃത്തം തന്നെ ജീവിതം 


മുദ്രകളും അംഗവിന്യാസങ്ങളും ചുവടുകളുമൊന്നും തിരിച്ചറിഞ്ഞുതുടങ്ങാത്ത ഇളംപ്രായം മുതൽ തോന്നിയ അഭിനിവേശം. പിന്നീടത് ബോധത്തിൽ പ്രവേശിച്ചുറച്ചു. ആഗ്രഹവും ജീവിതലക്ഷ്യവുമായി. അരയും കഴുത്തും കാലും ഉറയ്ക്കും മുൻപേ മനസ്സിൽ ഉറച്ചുപോയതിനാൽ നൃത്തം ചെയ്യാൻ തുടങ്ങി. അങ്ങനെയാണ് അഞ്ചു വയസ്സുമുതൽ പുതുമന ഗോവിന്ദൻ നമ്പൂതിരി തിടമ്പുനർത്തകനായത്. കണ്ടവരും കേട്ടവരും അറിഞ്ഞവരും അദ്‌ഭുതപ്പെട്ട് കയ്യടിച്ചു. എന്തൊരു സിദ്ധിയാണ് ഈ കുട്ടിക്ക് എന്ന് എല്ലാവരും പറയാനും ആ കഴിവിനെ അംഗീകരിക്കാനും തുടങ്ങി. അഞ്ചിൽ തുടങ്ങിയ അഭ്യസനം ചിട്ടപ്പടിയാകാൻ പിന്നെയും വർഷങ്ങളെടുത്തു. തിടമ്പുനൃത്തം ആധുനികകാലത്തെ നൃത്തമല്ല. പതിമൂന്നാം നൂറ്റാണ്ടു മുതൽക്കേ ഇതിന്റെ പ്രാചീനരൂപമുണ്ട് തിടമ്പുനൃത്തത്തെ മറ്റു നൃത്തതരങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അത് വിഗ്രഹം ശിരസ്സിൽ പ്രതിഷ്ഠിച്ചുചെയ്യേണ്ട അനുഷ്ഠാനനൃത്തമെന്നതുകൊണ്ടാണ്. താളം ചെവിയിലേക്കു വീഴുമ്പോൾ അത്  മനസ്സിന്റെ താളമായി പരിണമിപ്പിച്ച് അതിവേഗം കാലുകളിലേക്ക് പകർന്നുനൽകുന്ന ഗോവിന്ദൻ നമ്പൂതിരി ക്ഷേത്രദേവതയെയും ചൈതന്യത്തെയും സങ്കൽപ്പിച്ചാണ് ഭക്തജനങ്ങളെ അറിയിക്കാൻ പ്രാപ്തമാക്കുന്നത്. ഇവ്വിധമുള്ള കാണികളുടെ ആത്യന്തികാസ്വാദനം ഒരാൾക്കും ചിന്തിക്കാൻ പോലും സാധിച്ചിരുന്നില്ല. അതിനായി എത്രയോ ആയുഷ്കാലത്തിൻ്റെ പ്രയത്നം എന്നുതന്നെ പറയാവുന്ന ജീവിതസമർപ്പണം തന്നെയായിരുന്നു ഗോവിന്ദൻ നമ്പൂതിരിയുടേത്. ബാല്യവും കൗമാരവും യൗവനവുമെല്ലാം തിടമ്പുനൃത്തത്തിനായി സമർപ്പിച്ച് അതിനു പിറകേ സഞ്ചരിച്ചു. കഠിനമായ ദാരിദ്ര്യത്തിനും പ്രാരാബ്ധങ്ങൾക്കുമിടയിൽ ജീവവായുവായി തിടമ്പുനൃത്തം. സാധന മുടക്കാതെ തിടമ്പുനൃത്തം ഒരു ഭഗവൽനിശ്ചയമായി, ഹൃദയത്തിന് കുളിർമ്മയായി ഉണർവ്വ് പകരുകയും അദ്ദേഹം അതിനെ സമൂഹത്തിന് തണലാക്കി മാറ്റുകയും ചെയ്തു. 
 ഗോവിന്ദൻ നമ്പൂതിരിക്കു മുൻപ് മറ്റനുഷ്ഠാനങ്ങളെപ്പോലെ ഒരു പതിവനുഷ്ഠാനം മാത്രമായിരുന്നു നൃത്തം.പരിമിതമായ പരിശീലനം സിദ്ധിച്ച ക്ഷേത്രപുരോഹിതൻ ചടങ്ങായി നടത്തിവന്ന ക്ഷേത്രത്തിനകത്തെ ചെറിയൊരിടമായിരുന്നു അന്നത്തെ അരങ്ങ്. ആ അരങ്ങിനെയും വേഷത്തെയും താളത്തെയും സുഘടിതമാക്കി ഏവരെയും അറിയിക്കാനുള്ള വിശിഷ്ടവും വശ്യവുമായ മണ്ഡലമാക്കിയെടുക്കാൻ ഏറെ കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട് ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്ത അരങ്ങിൽ കഥയിലുറഞ്ഞ താളത്തെ ചുവടുകളിലേക്ക് സംക്രമിപ്പിച്ചുകൊണ്ടാണ് ഗോവിന്ദൻ നമ്പൂതിരി തുടങ്ങിയത്. താളത്തിലും ചുവടിലും ക്രമങ്ങളിലും ഗോവിന്ദൻ നമ്പൂതിരി കൊണ്ടുവരുന്ന ശുദ്ധിയും നിഷ്ഠയും കാണികളെ ആശ്ചര്യം കൊള്ളിക്കുന്നു. പുതുമന ഗോവിന്ദൻ നമ്പൂതിരി പ്രതിഭ കൊണ്ട് തിടമ്പുനൃത്തത്തെ അവിസ്മരണീയമാക്കി വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചു, അതിൽ നല്ലൊരു പങ്കും തികഞ്ഞ ഭക്തരുമാണ്. തിടമ്പുനൃത്തത്തിന്റെ ചരിത്രത്തിൽ പുനരുജ്ജീവനത്തിന്റെ ഒരു കാലത്തെ നിർണ്ണയിച്ചുകൊണ്ട് അടിമുടി പുതുക്കിപ്പണിയുകയായിരുന്നു ഈ ആചാര്യൻ എന്നാണ് വിദഗ്ദ്ധമതം. അനുവാചകവൃന്ദത്തിന്റെ പ്രശംസയിൽ ഒരിക്കലും മതിമറന്നിട്ടില്ല ഈ ആചാര്യൻ. പുതിയതായി ഒരു ശൈലി സൃഷ്ടിക്കുകയും അത് മൗലികമാവുകയും ഭക്തിരസം പ്രദാനം ചെയ്യുന്നതിനാലും ദൈവീകമാണ് ആ ശൈലി. സ്ഥിരോത്സാഹിയായ ഗോവിന്ദൻ നമ്പൂതിരി തിടമ്പുനൃത്തത്തിനുവേണ്ടി മാത്രം ജീവിക്കുന്ന നർത്തകനാണ്. ഗോവിന്ദൻ  നമ്പൂതിരിക്ക് തിടമ്പുനൃത്തത്തെ ജനകീയമാക്കുന്നതിൽ വെല്ലുവിളികൾ ഏറെയുണ്ടായിട്ടുമുണ്ട്. ജന്മവാസനയും അത്യധികമായ അഭിനിവേശവും ഉത്സാഹവും കറകളഞ്ഞ ആത്മാർത്ഥതയും സത്യസന്ധതയും കഠിനാദ്ധ്വാനവും അച്ചടക്കത്തോടെയുള്ള അഭ്യസനവുമെല്ലാം ഗോവിന്ദൻ നമ്പൂതിരിയെ എന്നും കലാകേരളത്തിന്റെ കുലപതിയാക്കുന്നു. ഭക്തിനിർഭരമായ സമീപനം, ആത്മാവിലലിഞ്ഞ താളബോധം, അടിയുറച്ച സാധകബലം, അചഞ്ചലമായ ആത്മവിശ്വാസം എന്നിവയെല്ലാം ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തജീവിതത്തെ ഇതിഹാസതുല്യമാക്കുന്നു. ഓരോ അരങ്ങിലും ഭക്തിയും അടിസ്ഥാനവും നഷ്ടപ്പെടുത്താതെ പുതുമകൾ ആവിഷ്കരിക്കുന്നു പുതുമന ഗോവിന്ദൻ നമ്പൂതിരി. അങ്ങനെയാണ് തിടമ്പുനൃത്തത്തിന്റെ ഒരു കാലഘട്ടം അടയാളപ്പെടുത്തപ്പെട്ടത്. 
Share:

0 comments:

Post a Comment

Ancient Indian Art forms have been passed down from generation to generation, and are still practiced and celebrated in different parts of the country. Here’s a look at few of them what makes these art forms unique.

Search This Blog

Blog Archive

 
// //