തിടമ്പേറിയ മനസ്സ്
- Raghunath A K
മലബാറിലെ 700 വർഷത്തെ ചരിത്രമുണ്ട് ക്ഷേത്രാനുഷ്ഠാനമായ തിടമ്പ് നൃത്തത്തിന്. പുതുമന ഗോവിന്ദൻ നമ്പൂതിരി തിടമ്പിന്റെ സർവ്വകാലകുലപതിയാണ്. ആകെ അവശേഷിക്കുന്ന ശുദ്ധമായ നൃത്തബിന്ദു. തിടമ്പുനൃത്തത്തിന്റെ ശരികൾ ചേർന്ന പുണ്യം. മന്ത്രങ്ങളും ചടങ്ങുകളും അനുഷ്ഠാനങ്ങളും ഉപദേശമായി കിട്ടിയ ഗോവിന്ദൻ നമ്പൂതിരിക്ക് നൂറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള നൃത്തപദങ്ങളും കിട്ടി. അനുഷ്ഠിക്കാൻ പ്രയാസമുള്ള ആ കാൽപ്പാടുകൾ മായാതെ സൂക്ഷിച്ചുനിർത്തി. പഴയ നിഷ്ഠയും ആചാരങ്ങളും കൈവെടിയാതെ നിലനിർത്തി. ജീവിതത്തിൽ അനുഷ്ഠിക്കുന്ന കടുകട്ടിയായ നിഷ്ഠകളും ചിട്ടകളുമായും തിടമ്പുനൃത്തത്തിന്റെ വൈദികചര്യകളുമായും ബന്ധപ്പെടുത്തി ജീവിതം തന്നെ അതിലേക്ക് ക്രമീകരിച്ചു. പുതുമന ഗോവിന്ദൻ നമ്പൂതിരി ഉണരുന്നത് ബ്രാഹ്മമുഹൂർത്തത്തിനാണ്. സമയമെടുത്തുള്ള ആചാരങ്ങളും തിടമ്പുനൃത്തപരിശീലനവും. പൂജകൾക്കും ജപങ്ങൾക്കുമിടയിൽ ചിന്തിക്കുന്നത് സ്വനിയോഗമായ തിടമ്പുനൃത്തത്തെക്കുറിച്ചാണ്. സ്വയം ക്രിയകളിലും ചടങ്ങുകളിലും ഒതുങ്ങിപ്പോകാതെ തിടമ്പുനൃത്തത്തിന്റെ കലാസാധ്യതകൾ കൂടി കണ്ടെത്തുകയായിരുന്നു പുതുമന ഗോവിന്ദൻ നമ്പൂതിരി. താളവട്ടങ്ങളും താളവും ഹൃദിസ്തമെങ്കിലും അതിലും മനോധർമ്മം ചേർത്തുണർത്തുന്ന അനുഭവം. അറുപതു വർഷങ്ങളായി തിടമ്പുനൃത്തമാണ് പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ ലോകം. തിടമ്പുനൃത്തത്തിന്റെ പ്രമാണങ്ങൾ ചെറുപ്പത്തിൽത്തന്നെ പഠിച്ചും പരിശീലിച്ചും മനസ്സിൽ ഉറപ്പിച്ചുനിർത്തിയ ഗോവിന്ദൻ നമ്പൂതിരി സാധകം മുടക്കാറില്ല. സമൂഹത്തോട് വലിയ ഉത്തരവാദിത്വമുണ്ടെന്ന് വിശ്വസിക്കുന്ന നർത്തകനാണ് അദ്ദേഹം. തിടമ്പുനൃത്തത്തെപ്പറ്റി പഠിച്ചറിഞ്ഞതെല്ലാം മറ്റുള്ളവർക്കുകൂടി അദ്ദേഹം നൽകുന്നു. പുരാണപ്രസിദ്ധമായ തിടമ്പ് നർത്തനത്തിന്റെ അനുഷ്ഠാനങ്ങൾ പിണഞ്ഞുകിടന്ന സ്വാഭാവികരൂപത്തെ ശാസ്ത്രീയമായി വ്യവസ്ഥ നൽകി ആധികാരികമാക്കുകയെന്ന ജീവിതപ്രവൃത്തിയിൽ സന്തുഷ്ടനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി.
0 comments:
Post a Comment