തിടമ്പുനൃത്തത്തിന്റെ ഭാരതീയദർശനം - ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തജീവിതം
M Ravi
വേദങ്ങളും പുരാണേതിഹാസങ്ങളുമെല്ലാം പഠിച്ച് അവയെ ഹൃദയത്തിലേക്ക് ആവാഹിച്ച് ആത്മസാക്ഷാത്കാരത്തിനായി അനുഷ്ഠാനങ്ങളും ചടങ്ങുകളും തെറ്റാതെ ജീവിതചര്യയാക്കുന്ന ആചാര്യനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. ഭഗവദ്‌പ്രീതിക്കായി ഉത്സവസമയത്ത് അനുഷ്ഠിക്കുന്ന നൃത്തത്തെ വേദദർശനത്തിന്റെ മേടയിൽ സ്പർശിക്കുകയാണ് അദ്ദേഹം. ദേവനൃത്തത്തെ പരമാനന്ദത്തിന്റെയും ആത്മീയാനുഭൂതിയുടെയും പ്രതലത്തിൽ പ്രതിഷ്ഠിച്ച് ദേവസമർപ്പണമായും സമൂഹസമർപ്പണമായും പകരുകയാണ് ഗോവിന്ദൻ നമ്പൂതിരി. എണ്ണൂറു വർഷം പുരാതനമായ തിടമ്പുനൃത്തത്തെ പുനർനിർവചിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്ത് സ്വജീവിതധർമ്മം അനുഷ്ഠിച്ച ഈ പരമാചാര്യൻ പഴയതെല്ലാം നിലനിർത്തി പുതിയതിനെ സൃഷ്ടിക്കുന്നു. തിടമ്പുനൃത്തം എന്ന ഒരു ചിന്ത മാത്രം മനസ്സിൽ. ഗുരുകുലസമ്പ്രദായം അടിസ്ഥാനമാക്കിയാണ് ദിനചര്യ. രാവിലെ ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് പരിശീലനം തുടങ്ങും. സന്ധ്യാവന്ദനവും ജപവുമെല്ലാം തീർത്ത് രാവിലെ ഒൻപതുമണി വരെ നീണ്ടുപോകുന്ന വിശ്രമമില്ലാത്ത സാധകം. വൈകുന്നേരം ഭാരമേറ്റിയുള്ള പരിശീലനം. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ സാധന മറ്റുള്ളവർക്ക് കൗതുകമാകുമ്പോൾ അദ്ദേഹത്തിന് ആത്മസാക്ഷാത്കാരമാണ്. ഭാരതത്തിന്റെ പരമ്പരാഗതമായ ആചാരം നിലനിർത്താൻ പുതുമന ഗോവിന്ദൻ നമ്പൂതിരി അറുപതോളം ആണ്ടുകളായി ത്യാഗവും കഷ്ടപ്പാടും സഹിക്കുന്നത് ഉൾക്കൊള്ളുന്നവരാണ് സമൂഹം. നാലോ അഞ്ചോ വയസ്സിലാണ് ഗോവിന്ദൻ നമ്പൂതിരി യാത്ര തുടങ്ങുന്നത്. അന്ന് അമ്പല നൃത്തം എന്നറിയപ്പെട്ടിരുന്ന ലഘുവായ ഈ ആചാരത്തെ ഒരു ഉൾവിളി കേട്ട് ഏറ്റെടുത്ത് ജീവിതദൗത്യമാക്കുകയായിരുന്നു നമ്പൂതിരി. കഠിനാദ്ധ്വാനം മാത്രം കൈമുതലാക്കി തപഃശക്തിയുടെയും ജ്ഞാനശക്തിയുടെയും ഇച്ഛാശക്തിയുടെയും പിൻബലത്തോടെ ഗോവിന്ദൻ നമ്പൂതിരി ഉയർച്ചയുടെ പടവുകൾ കയറി. കാലം എത്രയോ കഴിഞ്ഞു, ഇന്ന് തിടമ്പുനൃത്തം അദ്ദേഹത്തിലൂടെ അറിയപ്പെടുന്ന നൃത്തരൂപമായി രൂപാന്തരപ്പെട്ടു. ജീവിതം തിടമ്പുനൃത്തത്തിന്റെ ഉന്നമനത്തിന് സമർപ്പിച്ച നീണ്ട കർമ്മകാണ്ഡം. മറ്റൊന്നിലും ശ്രദ്ധിക്കാനാകാതെ തിടമ്പുനൃത്തത്തെ വളർത്തികൊണ്ടുവരിക എന്ന ഒരേയൊരു ലക്‌ഷ്യം. ഭാരതീയ ദർശനം ശരിയായി ഉൾക്കൊണ്ടാൽ എല്ലാവരെയും ഉൾക്കൊള്ളണമെന്നും തിടമ്പുനൃത്തപരിജ്ഞാനം എല്ലാവർക്കുമുണ്ടാകുന്നതാണ് ശരിയെന്നും അദ്ദേഹം. ഉപനിഷത്തുക്കളും വേദങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളും ശ്രുതികളും സ്മൃതികളും അദ്ധ്യയനം നടത്തി, മനനം ചെയ്ത് ചിന്തിച്ച് അതിന്റെ സാരം ഉൾക്കൊണ്ട ആചാര്യനാണദ്ദേഹം. വേദത്തിന്റെ സാരാംശം തന്നെ സർവ്വരേയും സമമായി കാണുകയെന്ന് അദ്ദേഹം പറയുന്നു. അങ്ങനെയൊരവസ്ഥയിലെത്തിയാൽ ദൈവവും മനുഷ്യനും ഒന്നാകുമെന്നും ജീവിതം ആനന്ദപ്രദമാകുമെന്നും തിടമ്പുനൃത്തത്തിനായി സമർപ്പിച്ച ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തജീവിതം ലോകത്തെയും നാമോരോരുത്തരെയും പഠിപ്പിക്കുന്നു.
0 comments:
Post a Comment