വിശിഷ്ടം ഈ തിടമ്പുനൃത്തജീവിതം
പ്രവീൺലാൽ
തിടമ്പുനൃത്തത്തിന്റെ ചുവടുകൾ വെച്ച് ക്ഷേത്രപരിസരങ്ങളെ ധന്യമാക്കിക്കൊണ്ടിരിക്കുന്നു പുതുമന ഗോവിന്ദൻ നമ്പൂതിരി. വേഷപ്പകർച്ചയുടെ സ്ഥായിയായ ഭാവങ്ങളും ഭാവനകളും ഗോവിന്ദൻ നമ്പൂതിരിയിൽ നിന്ന് കാണികൾക്ക് ലഭിക്കുന്നു. ലളിതമായ ജീവിതം, ലളിതമായ സംസാരം, ലളിതമായ ഇടപെടൽ എന്നിവയെല്ലാം ഗോവിന്ദൻ നമ്പൂതിരിയുടെ പ്രത്യേകതകളാണ്. തിടമ്പുനൃത്തമേഖലയിൽ കർമ്മനിരതനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്തത്തിന്റെ ഉപാസന തുടങ്ങിയിട്ട് ആറു പതിറ്റാണ്ടു കഴിഞ്ഞു. കലാപാരമ്പര്യത്തിന്റെയും ആചാരങ്ങളുടെയും വൈദികപാരമ്പരകളുടെയും മഹിമയും പ്രൗഢിയും നെഞ്ചോടു ചേർക്കുന്നു പുതുമന ഗോവിന്ദൻ നമ്പൂതിരി. ഗോവിന്ദൻ നമ്പൂതിരിയുടെ അരങ്ങുകൾ ഓരോന്നും വ്യത്യസ്തമാണ്. അവയോരോന്നും തികച്ചും വേറിട്ടുനിൽക്കുകയും കാണികൾക്ക് പറഞ്ഞാലും പറഞ്ഞാലും തീരാത്ത അനുഭവങ്ങൾ സമ്മാനിക്കുന്നവയുമാണ്. ജനിച്ചതുമുതൽ പ്രകൃതിയുടെ താളങ്ങളെയും വർണ്ണങ്ങളെയും സ്നേഹിച്ച് അവയുടെ പിറകേ സഞ്ചരിച്ച കലാഹൃദയമുള്ള ബാലൻ. വളരുമ്പോൾ ക്ഷേത്രകലയായ തിടമ്പുനൃത്തത്തിലേക്കുതന്നെ എന്ന് തീരുമാനിച്ച മനസ്സുറപ്പ്. ഇതിനെയാണ് നാം പുതുമന ഗോവിന്ദൻ നമ്പൂതിരി എന്നുവിളിക്കുന്നത്. ബാല്യം മുതലേ തിടമ്പുനൃത്തത്തിന്റെ ബാലപാഠങ്ങൾ പഠിച്ചുവളർന്ന ഗോവിന്ദൻ നമ്പൂതിരി അരങ്ങേറ്റത്തിനായി കാത്തിരിക്കുകയായിരുന്നു. അരങ്ങേറ്റം കഴിഞ്ഞതിനുശേഷം അധികം താമസിയാതെ പല വേദികളിലും അദ്ദേഹം സാന്നിധ്യമറിയിച്ചു. പത്താംതരം കഴിഞ്ഞതോടെ ഗോവിന്ദൻ നമ്പൂതിരി തിടമ്പുനൃത്തവേദിയിലേക്ക് പൂർണ്ണമായി ശ്രദ്ധ തിരിച്ചു. ചെറിയ വേദികളിൽ നിന്ന് വലിയ വേദികളിലേക്കുള്ള ശക്തമായ പ്രയാണമായിരുന്നു പിന്നീട് ലോകം കണ്ടത്. ക്രമേണ കേരള നാടൻകലാവേദിയിലെ കേന്ദ്രകഥാപാത്രമായി മാറി പുതുമന ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്തത്തിലെ ജനകീയ ഇടപെടലുകളും നിരന്തരമായ അന്വേഷണബുദ്ധിയുമാണ് ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തജീവിതത്തിൽ വഴിത്തിരിവായത്. ആരും ശ്രദ്ധിക്കാതെ ഒരു മൂലയിലിരുന്ന അമ്പലത്തിലെ നൃത്തം തിടമ്പുനൃത്തമായി പൂർണ്ണത നേടിയത് പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ നർത്തനമികവിലൂടെയാണ്. നാടൻ കലയെന്നും ക്ഷേത്രകലയെന്നും മാത്രം ഒതുങ്ങിനിന്ന തിടമ്പുനൃത്തത്തിന് ശാസ്ത്രീയ നൃത്ത പശ്ചാത്തലത്തിലുള്ള ചിട്ടപ്പെടുത്തലുകളിലൂടെ കൂടുതൽ മിഴിവേകാൻ പുതുമന ഗോവിന്ദൻ നമ്പൂതിരിക്ക് സാധിച്ചു. ഗോവിന്ദൻ നമ്പൂതിരിയുടെ കലാജീവിതത്തിൽ വിജയവും പരാജയവും എതിർപ്പുകളുമെല്ലാം ഉണ്ടായിട്ടുണ്ട്. ഇവയെ ഒരുപോലെ സ്വീകരിച്ച് മുന്നേറുകയാണ് അദ്ദേഹം. ഓരോ ക്ഷേത്രവേദിയിലും പുലർത്തുന്ന വൈവിധ്യത്തിലൂടെയും തനിമയിലൂടെയും പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തപ്രകടനമികവുകളുടെ പട്ടിക നീണ്ടുകിടക്കുന്നു. വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും പുതുമകളും നൃത്തപ്രകടനത്തിൽ ഇഴചേർക്കുന്ന പുതുമന ഗോവിന്ദൻ നമ്പൂതിരി വിശ്വാസിസമൂഹത്തിനും കലാസമൂഹത്തിനും ഒരുപോലെ പ്രിയങ്കരനാണ്. ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തമികവും തികവും തെളിയിക്കുന്നതായിരുന്നു സമീപകാലത്തെ നൃത്തങ്ങൾ. കേരളത്തിന്റെ മഹനീയമായ കലാപാരമ്പര്യത്തിൽ ഉറച്ച പദചലനങ്ങളോടെ ക്ഷേത്രകലകളുടെ കുലപതിയായി യാത്ര തുടരുകയാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി.
0 comments:
Post a Comment