| Art | Culture | Tradition |

Monday, 24 June 2024

പുതുമന ഗോവിന്ദൻ നമ്പൂതിരി: തിടമ്പുനൃത്തത്തിന്റെ ഭക്തിപ്രകൃതിയും ആനന്ദാനുഭൂതിയും

 പുതുമന ഗോവിന്ദൻ നമ്പൂതിരി: തിടമ്പുനൃത്തത്തിന്റെ ഭക്തിപ്രകൃതിയും ആനന്ദാനുഭൂതിയും 

-  JYOTHISH MOHAN

നാടൻ കലാകാരനെന്ന നിലയിലും നർത്തകൻ എന്ന നിലയിലും കലാഗവേഷകൻ എന്ന നിലയിലും പുതുമന ഗോവിന്ദൻ നമ്പൂതിരി മറ്റാരെപ്പോലെയുമല്ല. തിടമ്പുനൃത്തത്തിൽ പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ ശൈലിയിലുള്ള മുൻഗാമികൾ ആരുമുണ്ടായിരുന്നില്ല എന്നുതന്നെ പറയേണ്ടിവരും. പുതുമന ഗോവിന്ദൻ നമ്പൂതിരി നിർമ്മിച്ചെടുത്ത നൃത്തവഴികൾ തികച്ചും അദ്ദേഹത്തിന്റേത് തന്നെയാണ്. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തത്തിൽ അഗാധമായ അന്തർനിരീക്ഷണവും തെളിഞ്ഞ ഭാവനയും യാഥാർഥ്യവും മികച്ച അവതരണത്തിന്റെ മർമ്മവുമുണ്ട്. പരന്നുകിടക്കുന്ന മനുഷ്യത്വം, കിടയറ്റ ദൃശ്യചാതുരി, തുടങ്ങി പ്രതിഭയുടെ പ്രത്യേകതകളെല്ലാം ആ നൃത്തത്തിൽ പ്രകടമാണ്. ഒരു നൃത്തം പോലെയല്ല അദ്ദേഹത്തിന്റെ അടുത്ത നൃത്തം. സർഗ്ഗചൈതന്യം തുളുമ്പിനിൽക്കുന്ന നർത്തനപാതകൾ മഹത്തായ വികാരങ്ങളും ആശയങ്ങളും പ്രതിഫലിച്ചുകാണിക്കുകയും ദേവതയോടുള്ള ഭക്തിയും ഭക്തരോടുള്ള സമഭാവനയും പ്രകടിപ്പിച്ച് ശ്രദ്ധാർഹമാകുന്നു. പുതുമനയുടെ സർഗ്ഗശക്തിയുടെ പാരമ്യത്തിലെത്തിലിത്തിയത് തിടമ്പുനൃത്തത്തിന്റെ കലാപ്രവർത്തനങ്ങൾ പ്രചാരപ്പെടുത്താൻ തുടങ്ങിയ കാലത്താണ്. നൃത്തത്തിൽ വന്ന പുതുമ എഴുത്തിലേക്ക് വ്യാഖ്യാനം ചെയ്യുകയെന്നത് വലിയ വെല്ലുവിളിയാണ്. പുതുമന ഗോവിന്ദൻ നമ്പൂതിരി തിടമ്പുനൃത്തത്തിലേക്ക് കടന്നുവന്ന ആദ്യഘട്ടത്തിൽ ഗ്രാമജീവിതത്തിന്റെ പശ്ചാത്തലങ്ങളോടു ചേർന്ന ആചാരനൃത്തഭാഗം മാത്രമായിരുന്നു. തിടമ്പുനൃത്തത്തിൽ അദ്ദേഹം കൊണ്ടുവന്ന നവീനതയും നിരീക്ഷണത്തിന്റെ ആർജ്ജവവും പശ്ചാത്തലത്തോടു ചേർന്നുനിൽക്കുന്ന നൃത്തത്തികവും ജനകോടികൾക്ക് പുതിയ അനുഭവമായി. അതോടൊപ്പം തിടമ്പുനൃത്തത്തെ സരളവും ആർഭാടരഹിതവുമായ ഗ്രാമീണാന്തരീക്ഷത്തിന്റെ സ്നേഹനിർഭരതയും നിലനിർത്താനും സാധിച്ചു. പുതുമന ഗോവിന്ദൻ നമ്പൂതിരി പ്രകൃത്യാ തന്നെ കലാന്വേഷകനാണ്. ഉദാരതയും നിഷ്പക്ഷതയും നിർമ്മമതയും പ്രകടിപ്പിക്കുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. സ്നേഹവും മമതയും സൗഹൃദവും അദ്ദേഹം ചുറ്റുമുള്ളവരിലേക്ക് പ്രസരിപ്പിക്കുന്നു. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ തിടമ്പുനൃത്തത്തെ പ്രശംസനീയമായ ഒരു സങ്കൽപ്പസൃഷ്ടി പോലെയെന്ന് പലരും വിശേഷിപ്പിക്കുന്നു. കലാസൗന്ദര്യം വഴിഞ്ഞൊഴുകുന്ന തന്മയത്വപൂർണ്ണമായ അനന്തഭക്തിവിഭൂതികൾ ഭക്തമനസിലേക്ക് ഐന്ദ്രജാലികപ്രഭാവത്തോടെ പകരുന്നു പുതുമന ഗോവിന്ദൻ നമ്പൂതിരി. കണ്ണഞ്ചിക്കുന്ന വർണ്ണശബളവും വിലാസജ്ജ്വലവുമായ നർത്തനകാലം ഭക്തിവികാരത്തിന്റെ പശ്ചാത്തലത്തിൽ തീർത്തെടുക്കുന്നു ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്തത്തിനു നേരെ നടക്കുന്ന കൃത്രിമത്വത്തിന്റെ സമകാലികആക്രമങ്ങളെയെല്ലാം അതിജീവിക്കുന്ന ആത്മപ്രഭാവമാണ് ഗോവിന്ദൻ നമ്പൂതിരിയുടേത്.  

Share:

0 comments:

Post a Comment

Ancient Indian Art forms have been passed down from generation to generation, and are still practiced and celebrated in different parts of the country. Here’s a look at few of them what makes these art forms unique.

Search This Blog

Blog Archive

 
// //