തിടമ്പുനൃത്തത്തിനായി ഒരു ജന്മം
- SREEKANTH NAMBIAR
വർഷം 1977. കണ്ണൂരിലെ പ്രശസ്തമായ ദേവീക്ഷേത്രം. ക്ഷേത്രമതിൽക്കകത്ത് വാദ്യഘോഷം മുഴങ്ങി. അതാ ഇടതുകൈയിൽ തിടമ്പും വലതുകൈയിൽ കമനീയമായ ശിരോഭൂഷണവുമായി കൃശഗാത്രനായ ഒരു ചെറുപ്പക്കാരൻ പുറത്തേക്കുവരുന്നു. പുതുമന ഗോവിന്ദൻ നമ്പൂതിരി, ക്ഷേത്രചൈതന്യം ശിരസ്സിലേറ്റിയ നൃത്തകേസരി. എങ്ങും നിശബ്ദത. തിടമ്പുനൃത്തത്തിന്റെ ആരംഭം കുറിക്കാനുള്ള ശംഖനാദം മുഴങ്ങി. ഭക്തജനങ്ങൾ കൈകൂപ്പി എഴുന്നേറ്റുനിന്നു. ദൈവീകചൈതന്യം പ്രവഹിക്കുന്ന ക്ഷേത്രനർത്തകൻ ഗോവിന്ദൻ നമ്പൂതിരി നൃത്തം ആരംഭിച്ചപ്പോൾ ക്ഷേത്രമുറ്റത്തെ അരയാലിലകൾ പോലും ഭക്തിയിൽ ഉറയാടിപ്പോയോ? ലോകം നടുങ്ങുംവണ്ണം വാദ്യം മുറുകി കടലിലെ തിരമാലകൾ പോലെ ഇളകിമറിഞ്ഞപ്പോൾ ഗോവിന്ദൻ നമ്പൂതിരിയുടെ ശരീരവും ക്ഷേത്രപ്രതിഷ്ഠയുടെ അനുഗ്രഹത്തിൽ ഉറഞ്ഞാടി. ചെവി പൊട്ടുമാറുച്ചത്തിൽ കതിന. ഏറെ താമസിച്ചില്ല, ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തവൈഭവത്തിൽ സദസ്യർ ഭക്തിയോടെ തൊഴുതു നമസ്കരിച്ചു. 'ഉള്ളിലുള്ള ഭക്തിയെ ഉണർത്തുന്നതിലും ചുവടുവയ്‌പ്പിന്റെ മേന്മയിലും നൃത്തശൈലിയുടെ ഉന്നതിയിലും ഇതുപോലൊരാൾ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല' പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തപ്രകടനം അത്രയേറെ മികച്ച നിലവാരം പുലർത്തിയിരുന്നു. അന്ന് ഈ കാഴ്ചയ്ക്കായി കാത്തുനിന്ന ഒരു സ്‌കൂൾ കുട്ടിയായിരുന്നു ഞാൻ. ഇന്നും പുതുമന ഗോവിന്ദൻ നമ്പൂതിരി നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത ലോകപ്രസിദ്ധനായ ആചാര്യനും. കാലം എത്ര വേഗം കടന്നുപോയി...
പുതുമന ഗോവിന്ദൻ നമ്പൂതിരിക്ക് തിടമ്പുനൃത്തത്തിലെ എല്ലാ വിഷയങ്ങളിലും എ പ്ലസാണ്, ഒന്നാം സ്ഥാനമാണ്. അലങ്കാരത്തിൽ, വേഷവിധാനത്തിൽ, ചുവടുകളിലെ ഭംഗിയിൽ, നൃത്തത്തിലെ അറിവിൽ, ഭക്തിപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ എല്ലാം. തിടമ്പുനൃത്തത്തിനായി ജനിച്ച ഒരു ജന്മം.
കേരളത്തിന്റെ അഭിമാനഭാജനമാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്തരംഗത്തും നാടൻ കലാരംഗത്തും എന്നും തലയെടുത്തുനിൽക്കുന്ന പരമാചാര്യൻ പുതുമന ഗോവിന്ദൻ നമ്പൂതിരി. ഗോവിന്ദൻ നമ്പൂതിരി ജീവിക്കുന്നതുതന്നെ തിടമ്പുനൃത്തത്തിനാണോ എന്ന് തോന്നിപ്പോകും.
അഞ്ചു വയസ്സുമുതൽ തുടങ്ങിയ പരിശീലനം. ആ പരിശീലനം തുടർന്ന് കൃത്യമായി നിലനിർത്തുന്നു പുതുമന ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്തത്തിൽ നിന്നുണർന്ന് തിടമ്പുനൃത്തത്തിലൂടെ സഞ്ചരിച്ച് തിടമ്പുനൃത്തത്തിലേക്ക് ഉറങ്ങാൻ കിടക്കുന്ന അതികായൻ. ഇതിഹാസം, അതെ അഭിമാനത്തോടെ നമുക്ക് ചൂണ്ടിക്കാട്ടാം കലാകേരളത്തിന്റെ ഈ ആചാര്യനെ. കേരളത്തിന്റെ ആസ്ഥാനനർത്തകൻ. ഭാരതത്തിൻ്റെ ആചാര്യമഹിമ - പുതുമന ഗോവിന്ദൻ നമ്പൂതിരി.
0 comments:
Post a Comment