| Art | Culture | Tradition |

Monday 2 July 2018

തിടമ്പ് നൃത്തം ഒരു സപര്യ


വേദബാഹു 


പുതുമന ഗോവിന്ദന്‍ നമ്പൂതിരിക്ക് ജീവിതമെന്നാല്‍ തിടമ്പ് നൃത്തം എന്ന ക്ഷേത്രകലാരൂപത്തോടുള്ള തീവ്രമായ ഉപാസനയാണ്. ഈ കലാരൂപത്തെ ജനകീയമാക്കി സാംസ്കാരികവിപ്ലവം സൃഷ്ടിച്ച ഗോവിന്ദന്‍ നമ്പൂതിരിയുടെ ത്യാഗത്തെ കലാകേരളം ആദരിച്ചു, ഏറെ വൈകിപ്പോയെങ്കിലും.

വടക്കേ മലബാറിലെ ചില അമ്പലങ്ങളിലെ ഉത്സവഭാഗമായി രാത്രിസമയത്ത് നടന്നിരുന്ന ‘തിടമ്പ് നൃത്തം’ എന്ന ക്ഷേത്രാചാരത്തില്‍ ശാസ്ത്രീയമായ ചിട്ടപ്പെടുത്തലുകള്‍ വരുത്തി പാരമ്പര്യച്ചുവടുകള്‍ നിലനിര്‍ത്തിക്കൊണ്ട് ലോകമെമ്പാടും അവതരിപ്പിച്ചു നടന്ന കലാകാരനാണ് ഗോവിന്ദന്‍ നമ്പൂതിരി. തിടമ്പ് നൃത്തത്തില്‍ രണ്ട് അംശങ്ങളുണ്ട് – അനുഷ്ഠാനപരമായ വലിയ അംശവും കലാപരമായ ചെറിയ അംശവും. അനേകം വര്‍ഷങ്ങളുടെ സിദ്ധിയും സാധനയും ചേര്‍ന്ന വൈഭവത്തിലൂടെ ഇതിലെ കലാപരമായ അംശത്തെ വിപുലീകരിച്ച് ജനകീയമാക്കിയ തിടമ്പ്നൃത്ത കുലപതിയാണ് അദ്ദേഹം. കേവലം 'പരിഷ്കാരത്തിനു വേണ്ടി' മാത്രം സിനിമാറ്റിക് നൃത്തത്തിന്റെപാതയിൽ വർണ്ണാഭമായ വേഷവിധാനങ്ങൾ ഉൾക്കൊള്ളിച്ചും ഇതരനൃത്തകലാരൂപങ്ങളുടെ അന്ധമായ അനുകരണം കൊണ്ടും ഏഴു നൂറ്റാണ്ടുകൾ പഴക്കമുള്ള പവിത്രമായ ഈ കലാരൂപം വളരുകയല്ല, തളരുകയാണെന്ന് അദ്ദേഹം ശക്തമായി അഭിപ്രായപ്പെട്ടിരുന്നു. ചടുലമായ കാലപ്രവാഹത്തില്‍ ആത്മശോഭയ്ക്ക് മങ്ങലേറ്റ് ക്രമേണ ഇല്ലാതാകുമായിരുന്ന തിടമ്പ് നൃത്തത്തിന് അദ്ദേഹം ചൈതന്യം പകര്‍ന്ന് പുതുജീവനേകി ഒരു ക്ഷേത്രാചാരം എന്ന അവസ്ഥയില്‍ നിന്ന് ക്ഷേത്രകലയാക്കി വളര്‍ത്തിയെടുത്തു.

ഭാരതീയ നാട്യശാസ്ത്രത്തില്‍ തന്നെ കലയും സമൂഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ നിയമങ്ങള്‍ അനുസരിക്കുന്ന കലയാണ്‌ തിടമ്പ് നൃത്തം എന്നാണ് ഗോവിന്ദന്‍ നമ്പൂതിരി അഭിപ്രായപ്പെടുന്നത്. ഭൗതികതകളുടെ പ്രായോഗികതലങ്ങള്‍ സൃഷ്ടിച്ച് അവയെ വളര്‍ത്തുന്ന സാമൂഹികമനശാസ്ത്രശൈലിയാണ് നാട്യശാസ്ത്രത്തില്‍. അതിലെ ഘടകങ്ങളായ നൃത്തം, ഗീതം, വാദ്യം എന്നിവയില്‍ മുഖ്യം നൃത്തം തന്നെയാണ്.



നൃത്തകുലപതി കലാശ്രീ. പുതുമന ഗോവിന്ദൻ നമ്പൂതിരി ചെറുകുന്ന് ശ്രീ അന്നപൂർണ്ണേശ്വരീക്ഷേത്രത്തിൽ നടത്തിയ തിടമ്പ് നൃത്തം

നാട്യശാസ്ത്രം ഉദ്ഭവിച്ചതു തന്നെ സാധാരണ മനുഷ്യനുമായി ബന്ധപ്പെട്ട സകലത്തിന്റെയും പ്രതിരൂപമായി അവന് വിജ്ഞാനവും വിനോദവും പകരുന്നതിനാണ്. ക്ഷേത്രോത്സവത്തിലെ ഒരു പ്രധാന അനുഷ്ഠാനമായിരുന്ന തിടമ്പ് നൃത്തത്തിന്റെ ഈ സാധ്യതയെ ശാസ്ത്രീയമാക്കി ജനകീയവൽക്കരിക്കുകയാണ് ഗോവിന്ദൻ നമ്പൂതിരി ചെയ്തത്. നാട്യശാസ്ത്രപ്രകാരം വിവക്ഷിക്കപ്പെട്ട 13 അംഗങ്ങളിൽ രസം, ഭാവം, അഭിനയം, ധർമ്മി, വൃത്തി, പ്രവൃത്തി, സിദ്ധി, സ്വരം, അതോദ്യാ, ഗാനം, പ്രകൃതി, ഉപചാരം, മണ്ഡപം എന്നിവയിൽ പലതിനും തിടമ്പ് നൃത്തവുമായി ബന്ധമുണ്ട്. ഭരതമുനി ബ്രഹ്‌മാവിങ്കൽ സമർപ്പിച്ച് പ്രയോഗിച്ച ഭാരതീ, സാത്വതീ, ആരഭി എന്നീ വൃത്തികളുടെ അവലംബങ്ങൾ പുരുഷപ്രകൃതി ഉയർത്തിക്കാട്ടുന്ന 'താണ്ഡവ'ത്തിൽ ഉൾപ്പെടുന്നു; താണ്ഡവസമ്പ്രദായപ്രകാരമുള്ള നൃത്തമാണ് തിടമ്പ് നൃത്തം.

തിടമ്പ് നൃത്തത്തിലെ ദൃശ്യാനുഭവം നർത്തകന്റെ ചുവടുകളിലൂടെയും ശ്രവണാനുഭവം ചെണ്ട, വലംതല, കൊമ്പ്, കുഴൽ, ശ്രുതി, ഇലത്താളം എന്നീ വാദ്യോപകരണങ്ങളിലൂടെയുമാണ്. പതിഞ്ഞ താളത്തിൽ നിന്ന് മുറുകിയ താളത്തിലേക്കാണ് അവതരണത്തിന്റെ സഞ്ചാരം. താളങ്ങളിൽ വാദ്യം വിനിമയം ചെയ്യുന്ന ശബ്ദഭാഷ, അനുസൃതമായി നർത്തകൻ പദചലനത്തിലൂടെ വിനിമയം ചെയ്യുന്ന രൂപഭാഷ, നർത്തകന് ഹൃദയമുദ്രയെന്ന ഒരേയൊരു മുദ്ര. ഗോവിന്ദൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തം പ്രേക്ഷകമനസ്സിൽ വർണ്ണോജ്ജ്വലമായ വൈകാരികതലങ്ങളിലൂടെ ഇന്നും തീവ്രമായ അനുഭൂതികൾ സൃഷ്ടിക്കുന്നു. നാട്യശാസ്ത്രത്തിൽ ജനകീയതയെ അതിജീവനത്തിന്റെ മോക്ഷമാർഗ്ഗമായി പ്രതിപാദിക്കുമ്പോൾ, ഈ കാലഘട്ടത്തിലും പുതുമന ഗോവിന്ദൻ നമ്പൂതിരി ഒരു വശത്ത് തിടമ്പ് നൃത്തത്തിന്റെ തനിമയും സ്വാഭാവികതയും നിലനിർത്തുന്നതോടൊപ്പം മറുവശത്ത് ഈ കലാരൂപത്തിന് ജനപ്രീതി നേടിയെടുക്കുകയും ചെയ്യുന്നു.



ക്ഷേത്രാങ്കണങ്ങളിലെ നൃത്തപ്രകടനങ്ങള്‍ക്ക് പ്രേക്ഷകമനസ്സില്‍ സമാനതകളില്ലാത്ത ഉയരങ്ങള്‍ താണ്ടിയ നൃത്തവൈഭവന്‍..

പേരും പെരുമയും കൊടുമുടിയോളം എത്തിയിട്ടും എളിമയുടെ നറുംപുഞ്ചിരി പൊഴിക്കുന്ന തിടമ്പ് നൃത്ത അദ്ഭുതം..

പുതിയ ഉയരങ്ങളും പദവികളും കീഴടക്കി തിടമ്പ് നൃത്തത്തെ ലോകത്തിന്‍റെ നെറുകയിലെത്തിയ വിസ്മയകലാകാരന്‍..

ഇത്തരം ഇതിഹാസങ്ങള്‍ നൂറ്റാണ്ടുകളുടെ കാത്തിരിപ്പില്‍ ഒരിക്കല്..
Share:

4 comments:

  1. legend in thidambu nritham.

    ReplyDelete
  2. ''Buy YouTube Services In Cheap Price''
    ✔️YouTube Video Likes
    ✔️YouTube Subscribers
    ✔️ YouTube Views
    ✔️YouTube Comments
    Order Now https://goo.gl/xqhEpG ◀️


    ReplyDelete
  3. Find your lewd art here - > http://art.darkp.com

    ReplyDelete
  4. കലാപരമായും ശ്രമകരമായും ഏറെ സമയമെടുത്താണ് തിടമ്പുനൃത്തത്തിനുള്ള മാലകൾ തയ്യാറാക്കുന്നത്.ഇതിന് മിന്നി, മുഖം ,വെളുമ്പ്, മടി, പച്ച എന്നിങ്ങനെ പേരുകളുമുണ്ട്. തിടമ്പ് നൃത്തത്തിൽ ഒഴിച്ച നിർത്താൻ കഴിയാത്തതും ഭക്തജനങ്ങൾക്കു ദൃശ്വവിരുന്നാവുന്നതും ഈ കഴകകലാകാരൻമാരുടെ ഏറെ നേരത്തെ പ്രവർത്തി കൂടി ആണ്

    ReplyDelete

Ancient Indian Art forms have been passed down from generation to generation, and are still practiced and celebrated in different parts of the country. Here’s a look at few of them what makes these art forms unique.

Search This Blog

 
// //