Monday, 24 June 2019
വേലകളി
പ്രാചീനകേരളത്തിലെ പൗരുഷത്തിന്റെ കലയാണ് വേലകളി. ചെമ്പകശ്ശേരി എന്ന പ്രദേശത്തെ യോദ്ധാക്കളുടെ ശക്തിപ്രകടനം എന്നു വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. അമ്പലപ്പുഴയിലാണ് ഈ കല ആദ്യമായി രൂപം കൊണ്ടത്. കളരിയഭ്യാസങ്ങൾ, ആയോധനപരിശീലനങ്ങൾ, യുദ്ധമുറകൾ എന്നിവ ഉൾക്കൊള്ളുന്ന ഈ പ്രകടനം അഭ്യാസകലാവിഭാഗത്തിൽ പെടുത്താം. ഈ കലാകായികപ്രകടനത്തിൽ താളവും മേളവുമൊക്കെ ഒത്തിണങ്ങി നയനമനോഹരമായ ഒരു പ്രദർശനമായി രൂപം കൊള്ളുന്നു. വേലകളിയിൽ അണിനിരക്കുന്നത് നല്ല മെയ്‌വഴക്കവും കരുത്തും ആയോധനവൈദഗ്ധ്യവുമുള്ള യോദ്ധാക്കളാണ്. പ്രേക്ഷകരുടെ കണ്ണും കാതും മനസ്സും ശരീരവും ഉത്തേജിതമാവുന്ന അനുഭൂതിവിശേഷമായ വേലകളിയിലൂടെ ഒരു നാടിന്റെയും ഒരു ജനപഥത്തിന്റെയും ഹൃദയതാളങ്ങൾ ഉണരുന്നു.
കളംപാട്ട്
ഹിന്ദുമതത്തിന്റെ അനുഷ്ഠാനം എന്ന നിലയിൽ ആരംഭിച്ച് ഇന്ന് വലിയ പ്രചാരം നേടിയ ഒരു പുരാതനകലയാണ് കളംപാട്ട്. പഴയ കോലത്തുനാട്ടിൽപ്പെട്ട കണ്ണൂർ ജില്ലയിൽ ഇന്നും നടന്നുവരുന്ന ഈ കലയിലെ പ്രധാന ചടങ്ങ് കളമിട്ട് പാട്ടുപാടുക എന്നതാണ്. കളംപാട്ട് നടത്തുന്നതിനുള്ള അവകാശം ഗണകവിഭാഗത്തിൽ പെട്ടവർക്കാണ്. അപൂർവ്വം ചില പെരുവണ്ണാൻ സമൂഹാംഗങ്ങളും ഇതിൽ പാണ്ഡിത്യമുള്ളവരാണ്. യക്ഷന്മാർ, ഗന്ധർവ്വന്മാർ എന്നിവയുടെ ബാധ ഒഴിപ്പിക്കാനായിക്കൊണ്ട് സ്ത്രീകൾക്ക് വേണ്ടി ചെയ്യുന്ന അനുഷ്ഠാനമാണിത്. രാത്രിയിലാണ് ചടങ്ങ് നടത്തുക. വിവാഹം കഴിഞ്ഞതിനു ശേഷം സന്താനലബ്ധിക്കായും, ഗർഭം ധരിച്ച അവസരങ്ങളിലുമാണ് കളംപാട്ട് കഴിപ്പിക്കുന്നത്. കളംപാട്ട് നടത്തുന്നതിലൂടെ സന്താനലാഭവും ഗർഭരക്ഷയും ഭർതൃസുഖവും ദേഹസുഖവും സിദ്ധിക്കും എന്നാണത്രെ ഐതിഹ്യം.