തിടമ്പുനൃത്തം തന്നെ ജീവിതം
Thursday, 23 December 2021
തിടമ്പുനൃത്തം തന്നെ ജീവിതം
വി കണ്ണൻ
ആറു ദശകങ്ങളായി പുതുമന ഗോവിന്ദൻ നമ്പൂതിരിക്ക് തിടമ്പുനൃത്തവും ജീവിതവുമൊന്നാണ്. അനുഷ്ഠാനം മാത്രമായിരുന്ന തിടമ്പുനൃത്തത്തെ ദീർഘകാലത്തെ കഠിനമായ സാധനയിലൂടെയും പരിശ്രമത്തിലൂടെയും അദ്ദേഹം ക്ഷേത്രകലയാക്കി ഉടച്ചുവാർത്തു. ഈ രൂപീകരണത്തിൽ സാമ്പ്രദായികതയും മൗലികതയും നിലനിർത്തിയതിലാണ് അദ്ദേഹത്തിന്റെ പ്രാധാന്യം. അദ്ദേഹത്തിലൂടെ ഉയർന്നുവന്ന തിടമ്പുനൃത്തത്തെ എല്ലാ ജനങ്ങളിലേക്കുമെത്തിക്കാൻ തലമുതിർന്ന ഈ കലാകാരൻ ഏറെ പരിശ്രമിക്കുന്നു. തിടമ്പുനൃത്തകലയുടെ സംസ്‌കൃതരൂപത്തെ ലോകത്തിന് പരിചയപ്പെടുത്തിയത് പുതുമനയാണ്.
കുട്ടിക്കാലം മുതൽ തിടമ്പുനൃത്തത്തോട് തീവ്രമായ ഇഷ്ടമായിരുന്നു ഗോവിന്ദൻ നമ്പൂതിരിയ്ക്ക്. കൂടുതൽ ആർക്കും അറിയാത്ത അനുഷ്ഠാനരൂപമായിരുന്നതുകൊണ്ട് മനസ്സിൽ അന്വേഷിക്കാനും നിരീക്ഷിക്കാനുമുള്ള ആശ കൂടി. തുടർന്ന് ജീവിതത്തിൽ ദൃഢനിശ്ചയത്തോടെ തീരുമാനമെടുത്തു. ആത്മസമർപ്പണമായ നൃത്തപഠനവും പരിശീലനവും. തിടമ്പുനൃത്തത്തിന് സമർപ്പിച്ച ജീവിതം.