തിടമ്പ് നൃത്തം പിന്നിട്ട വഴികൾ : സാമൂഹ്യവൽക്കരണം
ഡോ. സുബിൻ ജോസ്
അദ്ദേഹത്തിന്റെ പൂർവ്വകാലപ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഇതിലേക്കുള്ള വരവും തുടക്കവും പ്രയാസമേറിയതായിരിക്കുന്നുവെന് ന് മനസ്സിലാക്കാനായി. വളരെ ചെറുപ്പത്തിൽ അദ്ദേഹം പരിശീലനം പൂർത്തിയാക്കിയതിനു ശേഷം അക്കാലത്തെ ക്ഷേത്രാനുഷ്ഠാനമായ ഉത്സവ നൃത്തത്തിൽ ഉന്നതമായ പ്രാവീണ്യം നേടുകയും പിന്നീട് അതിനെ തിടമ്പ് നൃത്തമായി പുനർനിർവചിച്ച് പുതിയൊരു ക്ഷേത്രകലാരൂപമായി വളർത്തിയെടുക്കുകയും ചെയ്തു. തിടമ്പുനൃത്തത്തെ ഉത്തമനിലവാരത്തിലുള്ള കലാവിഷ്കാരമാതൃകയാക്കിയിട്ടും ക്ഷേത്രസമിതികൾക്ക് ഗോവിന്ദൻ നമ്പൂതിരിയുടെ ആഴമുള്ള അറിവുകളെയും അഭിപ്രായങ്ങളെയും സാധാരണക്കാരിലെത്തിക്കാനോ മറ്റു പ്രസിദ്ധകലകളുടെ വിദഗ്‌ധരിലെത്തിക്കാനോ കഴിഞ്ഞിരുന്നില്ല. തിടമ്പുനൃത്തത്തിലെ ആചാരസംബന്ധിയായ ഉന്നതപ്രവർത്തനങ്ങളും ഉത്തരവാദിത്വങ്ങളും വഹിച്ചിരുന്ന ഇദ്ദേഹം സമാനദിശയിൽ തിടമ്പുനൃത്തകലയെ സാമാന്യജനത്തിനും സമൂഹത്തിനും എത്തിപ്പിടിക്കാവുന്ന തരത്തിൽ സാധാരണക്കാരന്റെ ഭാഷയിൽ അതിനെ സാമൂഹ്യവൽക്കരിച്ചു. തിടമ്പുനൃത്തത്തിലെ അദ്‌ഭുതപ്രതിഭയായ പുതുമനയുടെ വീക്ഷണത്തിൽ ഒരു കലാകാരനെന്നാൽ കലാകാരനും വിദ്യാർത്ഥിയും വിമർശകനും ആശാനുമാണ്. പുതുമന ഗോവിന്ദൻ നമ്പൂതിരിക്ക് ഈ നിർവ്വചനം യോജിക്കുന്നു. തിടമ്പുനൃത്തത്തെ പൊതുവൽക്കരിച്ച് ലോകശ്രദ്ധ പിടിച്ചുപറ്റിയ ശേഷമാണ് അദ്ദേഹത്തെ എനിക്ക് പരിചയമാകുന്നത്. അദ്ദേഹത്തിന്റെ തിടമ്പുനൃത്തപ്രചാരണത്തിന്റെ പ്രവർത്തനങ്ങളും പ്രഭാഷണങ്ങളും കേൾക്കുവാനും അനുഭവിക്കുവാനും കഴിഞ്ഞുവെന്നതിൽ എനിക്കഭിമാനമുണ്ട്. ഗോവിന്ദൻ നമ്പൂതിരിയുടെ പ്രഭാഷണങ്ങൾ കേൾക്കുകയും ലിഖിതങ്ങൾ വായിക്കുകയും ചെയ്യുന്ന ഏതൊരാളിനും മനസ്സിലാകുന്ന ഒരു വസ്തുത, അദ്ദേഹത്തിന് തിടമ്പുനൃത്തത്തിലുള്ള താത്പര്യവും, അതിൽ കൂടി സമൂഹത്തെ ഉദ്ധരിക്കുക എന്ന പ്രക്രിയ നിർവ്വഹിക്കാൻ അദ്ദേഹത്തിനുള്ള വ്യഗ്രതയുമാണ്. ഇൻഡ്യയിൽത്തന്നെ അസാധാരണമായ ഒരു സാമൂഹികമാറ്റമാണ് 700 വർഷത്തെ പാരമ്പര്യമുള്ള കലയ്ക്ക് 60 വര്ഷം കൊണ്ട് അദ്ദേഹം നടപ്പാക്കിയത്. ചെറുതും വലുതുമായ പ്രാദേശികപ്രവർത്തിയ്ക്കു പുറമെ പുതിയ പ്രവർത്തനശൈലിയിലൂടെ അദ്ദേഹം തിടമ്പുനൃത്തത്തെ എല്ലാവർക്കുമായി അവതരിപ്പിച്ചു. വളരെയധികം ജനങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് തിടമ്പുനൃത്തത്തിന്റെ പല വിവരങ്ങളും നേരിട്ട് അദ്ദേഹത്തിൽ നിന്ന് മനസ്സിലാക്കി. തിടമ്പുനൃത്തം വളർന്നതും വിപുലപ്പെട്ടതും പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ ശക്തമായ നേതൃത്വത്തിലൂടെയും അദ്ദേഹത്തിന്റെ ശ്രമങ്ങളെ പ്രോത്സാഹിപ്പിച്ച സാമൂഹിക സാഹചര്യങ്ങളിലൂടെയുമാണ്. ഗോവിന്ദൻ നമ്പൂതിരി ശ്രദ്ധിക്കുന്നത് ഇതുപോലുള്ള വലിയ കാര്യങ്ങളിലാണ്. പുതുമന ഗോവിന്ദൻ നമ്പൂതിരിക്ക് ഇതുപോലുള്ള നല്ല പ്രവർത്തനങ്ങൾ തുടരാനുള്ള സാഹചര്യം ഉണ്ടാകട്ടെ.
0 comments:
Post a Comment