തിടമ്പുപാരമ്പര്യത്തിന്റെ ചരിത്രപുരുഷൻ
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അനുഷ്ഠാനകലയായ തിടമ്പ് നൃത്തത്തിന്റെ പുനരുജ്ജീവനം, പുനർനിർവചനം, നവീകരണം, പൊതുവത്ക്കരണം, പൊതുപ്രചാരണം എന്നീ മേഖലകളിലാണ് ആറു ദശകങ്ങളായുള്ള ഗോവിന്ദൻ നമ്പൂതിരിയുടെ പ്രവർത്തനം
കെ. സുരേന്ദ്രൻ പിള്ള
അന്യം നിന്നുപോയേക്കാവുന്ന അപൂർവ്വമായ തിടമ്പ് നൃത്തപാരമ്പര്യത്തിന്റെ സുഗന്ധം പകരുകയാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. നൂറ്റാണ്ടുകൾക്കുമുമ്പ് മലബാറിലെ മഹാക്ഷേത്രങ്ങളിൽ രാജകുടുംബങ്ങളുടെ ഉപദേശപ്രകാരം ഉത്സവത്തിൽ കൂട്ടിച്ചേർത്ത ഒടുവിലത്തെ ഇനമാണിത്. ദൈവീകമായ അനുഗ്രഹവും കണിശമായ ചിട്ടകളും ഒത്തുചേർന്ന സിദ്ധിവിശേഷമാണ് പണ്ടുകാലത്തെ തിടമ്പ് നൃത്തകലാകാരന്മാർ അവതരിപ്പിക്കുമ്പോൾ നമുക്കു കാണാനായിരുന്നത്. അദ്‌ഭുതകരമായ ഈ ശരീരചലനങ്ങൾ അവതരിപ്പിക്കാനുള്ള അപൂർവ്വസിദ്ധിയും കഴിവും നിലനിർത്തുന്ന ഒടുവിലത്തെ ആചാര്യനാണ് പുതുമന. പുതുമന നിലനിർത്തുന്നത് നൂറ്റാണ്ടുകളുടെ പഴമയും ചരിത്രസ്പന്ദനങ്ങളുടെ പെരുമയുമാണ്. തലമുറകളിലൂടെ കൈമാറിവന്ന തിടമ്പ് നൃത്തത്തിന്റെ ചവിട്ടുകളും കാൽവെയ്പ്പുകളും അറുപതു വർഷങ്ങളായി പുതുമനയുടെ ജീവിതമാണ്. തിടമ്പ് നൃത്തത്തിന്റെ തുടക്കത്തെക്കുറിച്ച് നിരവധി കഥകളുണ്ട്. കർണ്ണാടകയിലും തമിഴ് നാട്ടിലും തിരുവിതാംകൂറിലുമെല്ലാം ഇത്തരം ആചാരരൂപങ്ങൾ അനുഷ്ഠിക്കപ്പെടുന്നു. ഈ രൂപങ്ങളെല്ലാം പല പേരുകളിൽ അറിയപ്പെടുന്നു. പ്രചരിപ്പിക്കപ്പെടുന്ന വാദങ്ങളും കഥകളും നിരവധി.
തിടമ്പ് നൃത്തത്തെ ശാസ്ത്രീയമായി പുനർനിർമ്മിക്കുവാനും കലാസുന്ദരമായി പ്രകാശിപ്പിക്കുവാനും ജീവിതം ഉഴിഞ്ഞുവെച്ച കലാകാരനാണ് പുതുമന. ത്യാഗവും കഷ്ടപ്പാടും സഹിച്ച് സാധനയുടെ പാരമ്യത്തിൽ ശുദ്ധമായ തിടമ്പ് നൃത്തത്തെ പുനർനിർവ്വചിക്കാനും പുനരുജ്ജീവിപ്പിക്കാനും നവീകരിക്കുവാനുമായിരുന്നു പുതുമനയുടെ കലാജീവിതത്തിന്റെ ആദ്യപരിച്ഛേദം. മനുഷ്യനെ മനുഷ്യനായിക്കണ്ട് തിടമ്പ് നൃത്തത്തെ പരിചയപ്പെടാൻ നിഷേധിക്കപ്പെട്ടിരുന്ന സമൂഹങ്ങൾക്ക് അതിനെ പരിചയപ്പെടുത്താൻ ദേശങ്ങളും കടന്നു നടത്തിയ പുതുമനയുടെ പദയാത്രകളും ജനകീയവത്ക്കരണവുമെല്ലാം ഇന്ന് ചരിത്രപ്രാധാന്യമുള്ളവയാണ്. അനേകവർഷത്തെ പരിശ്രമത്തിൽക്കൂടിയാണ് തടസ്സങ്ങളെയെല്ലാം ഒറ്റയ്ക്ക് സധൈര്യം നേരിട്ടുകൊണ്ട് തിടമ്പ് നൃത്തത്തിന്റെ പൊതുവത്ക്കരണവും സാമൂഹ്യവത്ക്കരണവും പുതുമന നേടിയെടുത്തത്. തിടമ്പ് തലയിൽ ഉറപ്പിച്ചുനടത്തിയ നൃത്തമാകയാലാണ് ഇതിനെ അദ്ദേഹം തിടമ്പ് നൃത്തമെന്നു പേരു വിളിക്കുന്നത്. കാളിയമർദ്ദനകഥയും അക്രൂരായണവുമടങ്ങിയ പ്രമേയം ചേർത്ത് ആരോഹണത്തിലുയരുന്ന കൃഷ്ണലീലകളുടെ ചിട്ടവഴിയാണ് പുതുമന നിർമ്മിച്ചത്. പൂർവ്വികരുടെ അടിസ്ഥാനനിർമ്മിതികളെ തള്ളാത്ത കാതലായ തിടമ്പ് നൃത്തം. നീണ്ട കാലത്തെ കഠിനമായ പരിശീലനം തിടമ്പ് നൃത്തത്തിന് ആവശ്യമുണ്ട്. പഴയ കാലത്ത് ഇതിനോടുണ്ടായ സ്വയം അർപ്പണവും നീണ്ട കാലത്തെ കഷ്ടപ്പാടും പുതുമന സ്മരിക്കുന്നു. വളരെ കൃത്യമായ നിയന്ത്രണത്തോടെയാണ് കാൽ ചലിപ്പിക്കേണ്ടത്. തിടമ്പ് നൃത്തത്തിന്റെ ചമയം അലങ്കരിക്കേണ്ടതിനും തിടമ്പ് എടുക്കേണ്ടതിനും വയ്‌ക്കേണ്ടതിനും ചവിട്ടുകൾക്കും നിഷ്ഠയും കണക്കുകളുമുണ്ടെന്ന് അദ്ദേഹം. തിടമ്പിന്റെ ചലനനിയമങ്ങൾ നന്നായി അറിഞ്ഞിരുന്നാലേ നൃത്തം ഭംഗിയാവൂ. ' ഓരോ ദിശയിലേക്കും ഇത്ര അളവ് എന്ന കണക്കുണ്ട്, അങ്ങനെയാണ് കാൽ വയ്‌ക്കേണ്ടത്. പണ്ട് കാണികൾക്കും ഈ അളവും കണക്കുമെല്ലാം നല്ല ധാരണയുണ്ടായിരുന്നു. നൃത്തചുവടിന്റെ അളവുകളും കണക്കുകളും തെറ്റിപ്പോയാൽ തിടമ്പ് നൃത്തത്തിന്റെ മൂല്യത്തിന് കോട്ടം വരാൻ തന്നെ സാധ്യതയുണ്ട്.'. ജന്മസിദ്ധമായ പ്രതിഭയും ചെറുപ്രായം തൊട്ടേ നൃത്തം ചെയ്ത് ശീലമുള്ളതിനാലുള്ള പ്രാവീണ്യവുമാണ് പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തത്തിന്റെ ഭംഗി ഇന്നും കൂടിക്കൊണ്ടിരിക്കുന്നത്.