| Art | Culture | Tradition |

Tuesday 8 February 2022

തിടമ്പ് നൃത്തത്തിന്റെ വിശ്വപ്രതിഭ

സാംസ്കാരികപ്രതിരോധത്തിന്റെ ഗുരുത്വകേന്ദ്രം: ഗുരുജി പുതുമന. 

ഉണ്ണിക്കൃഷ്ണൻ  റ്റി  എം വി. 

കേരളത്തിന്റെ തിടമ്പ് നൃത്തം ചരിത്രപ്രാധാന്യമുള്ള അനുഷ്ഠാനമാണ്. അനുഷ്ഠാനകർമ്മങ്ങളുമായി അനുബന്ധിച്ചുള്ള അവതരണത്തിൽ രൂപവും ഭാവവും അവതരണക്രമവും മറ്റു കലകളിൽ നിന്ന് വേറിട്ട് നില്കുന്നു. അടിസ്ഥാനത്തിൽ നിന്നുമകന്നുപോകുന്ന നാടൻ സംസ്കൃതികൾ ഒന്നൊന്നായി നഷ്ടപ്പെടുന്നതാണ് പൊതുവിൽ ദൃശ്യമാകുന്നത്. നവീനപരിഷ്കാരങ്ങളുടെ കടന്നുകയറ്റം കലകളുടെ അടിസ്ഥാനാടിത്തറയെ തകർക്കുകയും സാങ്കേതികത പാലിക്കാതെയുള്ള വിനോദപരതയിലേക്കും നാടൻതനിമയുടെ മറഞ്ഞുപോകലിലേക്കും എത്തിക്കുന്നു. ഇത്തരം കടന്നുകയറ്റങ്ങളെ സാംസ്കാരികമായി പ്രതിരോധിക്കുവാനുള്ള ഗുരുത്വകേന്ദ്രമാണ് പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ തിടമ്പ് നൃത്ത കലാശൈലി. 

അസാമാന്യമായ നൃത്തവൈഭവത്തിൽക്കൂടി തിടമ്പ് നൃത്തത്തെ വിശ്വപ്രസിദ്ധമാക്കിത്തീർത്ത പരമാചാര്യനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. ക്ഷേത്രനൃത്തത്തിന്റെ എക്കാലത്തെയും ഈ അതുല്യപ്രതിഭ ഇന്നും കാണികൾക്ക് വിസ്മയകരമായ നൃത്തസന്ദർഭങ്ങൾ സമ്മാനിക്കുന്നു. അഞ്ചര ദശാബ്ദങ്ങളിലേറെയായി തിടമ്പ് നൃത്തത്തിന്റെ ഉപാസനയിൽ മുഴുകി ജീവിതം ഉഴിഞ്ഞിട്ട കലാകാരൻ. നന്നേ ചെറുപ്പത്തിൽത്തന്നെ ചെറിയ ചുവടുകൾ വെച്ചുകൊണ്ട് പരിശീലനം ചെയ്യുന്നത് കണ്ടവരെല്ലാം അത് ജന്മസിദ്ധമായ കഴിവുതന്നെയെന്ന് പറഞ്ഞു. ചെറിയ കാലത്തെ ശിക്ഷണം കൊണ്ടുതന്നെ പുതുമന സുപ്രസിദ്ധനായി. മുന്നോട്ടുള്ള ജീവിതത്തിന് പുതുമന കൂടെ നിർത്തിയത് തിടമ്പ് നൃത്തത്തെ. ആഗോള ക്ഷേത്രനൃത്തവേദിയിൽ തിളങ്ങിയ പുതുമന തിടമ്പ് നൃത്തത്തെ ക്ഷേത്രമതിൽ കടന്ന് ജനപ്രിയമാക്കിയതോടുകൂടി അതിന്റെ പ്രസിദ്ധിയാണുയർന്നത്. തനിമ നിലനിർത്തുന്ന ഈ ജനപ്രിയ തിടമ്പ് നൃത്തവഴിക്ക്  ആസ്വാദകരേറി വരുന്നു. ശരീരവും മനസും അർപ്പിച്ചുകൊണ്ടുള്ള സൂക്ഷ്മമായ അദ്‌ഭുത തിടമ്പ് നൃത്തപ്രകടനങ്ങൾ സദസ്സുകളെ പുളകം കൊള്ളിച്ചു. അക്രൂരനെന്ന കൃഷ്ണഭക്തന്റെ ഭാവപ്രദർശനത്തിലൂടെ പുതുമന പ്രേക്ഷകഹൃദയം കീഴടക്കി. പുതുമന ഗോവിന്ദൻ നമ്പൂതിരിക്ക് തിടമ്പ് നൃത്തത്തോട് എന്നും തീരാത്ത അഭിനിവേശവും ഉത്സാഹവുമാണ് ഇന്നും. തിടമ്പ് നൃത്തത്തിന്റെ പാരമ്പര്യത്തെ അവഗണിക്കാതെ പുതിയ പദ്ധതികളുണ്ടാക്കിയ പുതുമന മഹാനായ പ്രതിഭയാണെന്നാണ് ഗവേഷകരെല്ലാം ഒറ്റ സ്വരത്തിൽ പറയുന്നത്. പുതുമന കഷ്ടപ്പെട്ട് ചിട്ടപ്പെടുത്തിയ തിടമ്പ് നൃത്തത്തിന്റെ ജനപ്രിയവഴികളെക്കുറിച്ച് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാനുള്ള വലിയ മനസ്സാണ് ഇത്രയേറെ പ്രേക്ഷകഹൃദയം തൊടാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. നാടൻ കലകളിലും ക്ലാസ്സിക് കലകളിലും ശിൽപ്പകലകളിലുമെല്ലാം പ്രവർത്തിക്കുന്നവർക്ക് ആത്മവിശ്വാസം നൽകുന്ന ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുന്ന കലാചാര്യനാണ് പുതുമന. എല്ലാ കലാകാരന്മാർക്കും ഉത്തമമാതൃകയാണദ്ദേഹം. ഉയരങ്ങൾ കീഴടക്കുമ്പോഴും പുതുമന പിന്തുടരുന്ന തിടമ്പ് നൃത്തത്തിന്റെ അടിസ്ഥാന ചിട്ടകളോടുള്ള ഭക്തിയും വിനയവും ലാളിത്യവുമാണ് അദ്ദേഹത്തെ എല്ലാ ജനങ്ങൾക്കും കൂടി ആദരണീയനാക്കുന്നത്.
Share:

0 comments:

Post a Comment

Ancient Indian Art forms have been passed down from generation to generation, and are still practiced and celebrated in different parts of the country. Here’s a look at few of them what makes these art forms unique.

Search This Blog

 
// //