| Art | Culture | Tradition |

Sunday, 9 July 2023

തിടമ്പുനൃത്തകുലപതിയുടെ രംഗഭാഷ

 തിടമ്പുനൃത്തകുലപതിയുടെ രംഗഭാഷ 

"Dance is the hidden language of the soul." 
Martha Graham
വി ശരത്ചന്ദ്രൻ 

ആത്മാവിന്റെ അദൃശ്യഭാഷയാണ് നൃത്തം. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ തിടമ്പുനൃത്തം കാണുമ്പോൾ അങ്ങനെയാണ്. നൃത്തച്ചവിട്ടിന്റെ ദൃശ്യം കാണുമ്പോൾത്തന്നെ ഭംഗിയും ഭക്തിയും നാമനുഭവിക്കുന്നു. കാഴ്ചയെയും കടന്ന് തിടമ്പുനൃത്തത്തെ ആകര്ഷണീയമാക്കുവാൻ ഗോവിന്ദൻ നമ്പൂതിരിക്ക് സാധിച്ചു. ഒരിക്കൽ അവസാനിച്ചുപോകുമായിരുന്ന നൃത്തം പുതുമന തുടർന്നു, താളം പിഴയ്ക്കാതെ. സ്വാഭാവികമല്ലാത്ത ചവിട്ടിളക്കങ്ങളെ അദ്ദേഹം വിമർശിച്ചു. കാലിന്റെ ഓരോ ഇളക്കത്തെയും നൃത്തമാക്കി. ഓരോ നൃത്തത്തിലും നമ്പൂതിരിയുടേതായ ഒരു ഭാഷയുണ്ടാക്കി. അതോടെ അഗാധവും സൂക്ഷ്മവുമായ ദൃശ്യഭാഷ തിടമ്പുനൃത്തത്തിലും വന്നു. ധ്യാനവും മന്ത്രവും ഭക്തിയും ആ കാലുകളിൽ നാം കണ്ടു. അരങ്ങേറ്റം മുതൽ തന്നെ ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തത്തിൽ ഇതുകൂടാതെ കലാഭംഗിയും നാം കണ്ടു. ഇന്നത്തെ നൃത്തത്തിലും പുതിയ ദൃശ്യഭാഷകൾ നമ്മെ തേടിയെത്തുന്നു. കാലുകൾ ഇളകുമ്പോൾ അകമ്പടിയായ മാനസതാളത്തിന്റെ ആഴം കാണിയുടെ മനസ്സ് തേടിവരുന്നു. ഓരോ കെട്ടിയാടലിലും അതുവരെ കാണാത്ത എന്തൊക്കെയോ കാണിച്ചുതരികയാണദ്ദേഹം. താളം ചൂടുപിടിക്കുമ്പോൾ ചവിട്ടുകൾ തുടരുമ്പോൾ കാണിയുടെ ചിന്തകളിൽ ജ്ഞാനാന്വേഷണം വളരുന്നു. ആഹ്ളാദത്തിന്റെയും ഭക്തിയുടെയും ചവിട്ടിൽ നാം ഉള്ളിൽ നിറയ്ക്കുന്നത് അപൂർവ്വമായ ശുഭചിന്തകൾ. ഗോവിന്ദൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തം കൊട്ടിയുറയൽ വഴിയിൽ തുടങ്ങി തകിലടി, അടന്ത, ചെമ്പട, പഞ്ചാരി എന്നീ പാതയിൽക്കൂടി കലാശത്തിൽ തീരുന്നു. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തവഴിയിൽ ജീവിതമുണ്ട്. ഓരോ നൃത്തത്തിന്റെയും സ്വരൂപം വ്യത്യസ്തമാക്കി ദൃശ്യസ്ഥമാക്കുന്നതാണ് അദ്ദേഹത്തിന്റെ കഴിവ്. തകിലടിയിൽ തുടങ്ങി അടന്തയിലേക്ക് സംക്രമിച്ച്‌ അടിസ്ഥാനം അമർന്നെണീക്കുമ്പോൾ മുറുകുന്നതും ലയിപ്പിച്ചുചേർക്കുന്നതും ഭക്തിയെങ്കിൽ തുടർന്നങ്ങോട്ട് തലയിലേറ്റിയ മൂർത്തിക്ക് പ്രതീക്ഷാനിർഭരമായ താണ്ഡവപ്രാർത്ഥനയായി തട്ടിലും പ്രദക്ഷിണവഴിയിലും ഭക്തിയിലും മാറുന്നു. ആത്മീയതയുടെ ഉന്നതിയിൽ നിൽക്കുന്ന ആന്തരികമായ നൈർമ്മല്യവും ആർദ്രമായ അനുഭവവുമാണ് ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തം. ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തപ്രപഞ്ചം വിശാലമാക്കുന്നതും ഈ ഉന്നതമായ നിലയാണ്.

Share:

0 comments:

Post a Comment

Ancient Indian Art forms have been passed down from generation to generation, and are still practiced and celebrated in different parts of the country. Here’s a look at few of them what makes these art forms unique.

Search This Blog

 
// //