- കെ. ചന്ദ്രിക
ഇന്ത്യയിലെ അറിയപ്പെടുന്ന ക്ഷേത്രകലാകാരനും, മലബാറിലെ ക്ഷേത്രങ്ങളിലെ അറിയപ്പെടാത്ത അനുഷ്ഠാനമായിരുന്ന തിടമ്പ് നൃത്തത്തെ അന്തർദ്ദേശീയമായ അതിരുകളോളം കൊണ്ടെത്തിച്ച തിടമ്പ് നൃത്ത കുലപതിയുമാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. മൂന്നു വയസ്സു മുതൽ അമ്പലത്തിലെ നൃത്തം കണ്ടു തുടങ്ങിയ ഈ കലാകാരന് എന്നെങ്കിലും ഒരു നർത്തകനാകണമെന്ന ആഗ്രഹം കലശലായിരുന്നു. ബാലാവസ്ഥയിൽ തന്നെ അത് സഫലമായെങ്കിലും അറുപതു വർഷത്തോളം ദീർഘിച്ചുനിൽക്കുന്ന ആ മോഹത്തിന് കുറവില്ല ഇന്നും. കേരളത്തിലും, തെക്കൻ കർണ്ണാടകയിലുമുള്ള ക്ഷേത്രമുറ്റങ്ങളിലെല്ലാം തിടമ്പ് നൃത്തം ആടിത്തകർത്തിട്ടുണ്ട് ഗോവിന്ദൻ നമ്പൂതിരി. അമ്പലദൈവങ്ങൾ നൃത്തമാടാൻ വിളിച്ചപ്പോൾ കുട്ടിയായ പുതുമന ഗോവിന്ദൻ വിദ്യാലയജീവിതം നിർത്തി. അറുപതാണ്ടോളമുള്ള കലാപരിശീലന - കലാപ്രകടനകാലം തുടങ്ങിയത് അങ്ങനെ. ക്ഷേത്രങ്ങളുടെയും കാവുകളുടെയും പ്രൗഢിയുടെയും കലാപാരമ്പര്യത്തി ന്റെയും ആചാരചരിത്രങ്ങളുടെയും അടയാളങ്ങൾ വഹിക്കുന്ന വ്യത്യസ്തഗണത്തിൽപ്പെട്ട തിടമ്പു നൃത്തങ്ങൾ അവതരിപ്പിച്ച ഒരേയൊരു കലാകാരനേയുള്ളൂ, അത് പുതുമന ഗോവിന്ദൻ നമ്പൂതിരിയാണ്. ക്ഷേത്രനിഷ്ഠകളും ചടങ്ങുകളും കീഴ്വഴക്കങ്ങളും തിടമ്പ് നൃത്തത്തിൽ വഴിമാറുന്നതും ഈ കലാകാരനു മുന്നിലാണ്, ഏതുകൊണ്ടെന്നാൽ ഏഴു നൂറ്റാണ്ടുകൾക്കും പിറകിലെ ആദിമതാളങ്ങളും പ്രാചീനച്ചുവടുകളും തികഞ്ഞ മറ്റൊരു നൃത്തക്കാരനില്ല.
അമ്പലത്തിലെ തേവരുടെ സൂക്ഷ്മമായ ലക്ഷണങ്ങളൊക്കെ സ്വാഭാവികമായി സന്നിവേശിപ്പിക്കാനും ഇതുപോലെ വേറൊരു നർത്തകൻ ഉണ്ടായിട്ടില്ല. സാധകസമർപ്പണവും അനുഗ്രഹസിദ്ധിയും നർത്തനഭംഗിയും ഒത്തിണങ്ങിയിരുന്ന പഴയ കേരളീയകലാചാര്യന്മാരിലെ അവസാനകണ്ണികളിലൊന്നാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി, അപ്രത്യക്ഷമാകുമായിരുന്ന തിടമ്പ് നൃത്തത്തിന്റെ മൗലികതയെയും തനിമയെയും ജീവൻ കൊടുത്ത് നിലനിർത്തിയ പരമാചാര്യനും. വെറുംവിനോദം പോലെയും തമാശകളി പോ ലെയും പല മലയാളകലകളുടെയും അവതരണത്തിന്റെ നിലവാരത്തകർച്ച ലോകം അഭിമുഖീകരിച്ചിരുന്നപ്പോൾ അതിനിടയിൽ തലയുയർത്തിനിന്ന നൃത്തസചിവൻ, തിടമ്പ് നൃത്തത്തിലെ പൗരാണികപദന്യാസങ് ങളെ നിലനിർത്തി നെഞ്ചേറ്റിയ ഒറ്റയാൻ. ഇത്രയും കലാജ്ഞാനമുള്ള ക്ഷേത്രനർത്തകർ ഇന്ത്യയിൽ അപൂർവ്വമാണ്. തിടമ്പ് നൃത്തത്തിൽ അഞ്ചു കൊല്ലത്തെ ശാസ്ത്രീയപഠനത്തിന് ശേഷമാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി ആദ്യമായി നൃത്തമാടിയത്. മന്ത്രങ്ങൾ ഉരുക്കഴിച്ചു വ്രതമെടുത്ത് ആദ്യനർത്തനം നടത്തിയത് നമ്പൂതിരിക്ക് ദൈവീകമായ അനുഭവമായിരുന്നു. ആദ്യത്തെ നൃത്തമാടാൻ പോലും അനുവാദമുണ്ടാകാൻ തീക്ഷ്ണമായ വാക്തർക്കങ്ങളും എതിർപ്പുകളും അന്ന് നിലനിന്നിരുന്നു. കാഞ്ഞങ്ങാടുള്ള സുബ്രഹ്മണ്യക്ഷേത്രത്തിലായിരുന് നു അതിഗംഭീരമായ തുടക്കം. തിടമ്പ് നർത്തകനായ പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ ജൈത്രയാത്രയുടെ ആരംഭമായിരുന്നു അത്. ഓരോ ക്ഷേത്രത്തിലെയും തിടമ്പ് നൃത്തം ദൈവത്തിന്റെ അനുഗ്രഹമാണ് നൽകുന്നതെന്ന് അദ്ദേഹം പറയുന്നു. പുതുമന ഗോവിന്ദൻ നമ്പൂതിരി ഒരു അമ്പലത്തിൽ ഒരിക്കൽ നർത്തനമാടിയാൽ പിന്നീട് പതിവായി എല്ലാ വർഷവും അദ്ദേഹത്തെ ഏൽപ്പിക്കുന്നത് ഒരു പതിവാണ്. ഒരമ്പലത്തിൽ നിന്നും പ്രതിഫലം ചോദിച്ച് വാങ്ങാത്ത ഒരേയൊരു കലാകാരനും അദ്ദേഹമായിരിക്കാം. പുതുമന ഗോവിന്ദൻ നമ്പൂതിരിക്ക് തിടമ്പ് നൃത്തം സമർപ്പണമാണ്. കേരളത്തിനുള്ളിലും കേരളത്തിനു വെളിയിലും തിടമ്പ് നൃത്തം കാലമൊരുപാടായി തിടമ്പുനൃത്തം അവതരിപ്പിച്ചുവരുന്ന പുതുമന ഗോവിന്ദൻ നമ്പൂതിരി ഇന്ത്യൻ ക്ഷേത്രകലാചാര്യന്മാരുടെ പട്ടികയിൽ പ്രഥമസ്ഥാനത്തു തന്നെയാണ്.
0 comments:
Post a Comment