| Art | Culture | Tradition |

Friday, 23 April 2021

പുതുമന : ക്ഷേത്രനർത്തനത്തിന്റെ മഹാരഥൻ

/ പ്രമീള മഞ്ഞവയൽ / 

ദക്ഷിണേന്ത്യൻ ക്ഷേത്രനർത്തനത്തിൽ ക്ഷേത്രവേദികളിലും പൊതുവേദികളിലും ഒന്നുപോലെ സ്നേഹബഹുമാനങ്ങൾ നേടിയെടുത്ത പരമോന്നതകലാകാരനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. പുതിയ കലകളുടെ വരവിൽ പഴമയുടെ ഒരു മൂലയിൽ ഒതുങ്ങി കാലക്രമത്തിൽ ഇല്ലാതാകുമായിരുന്ന തിടമ്പു നൃത്തത്തിന്റെ പൂർവ്വാചാര പാരമ്പര്യോപദേശ സംരക്ഷകനാണ് ഗോവിന്ദൻ നമ്പൂതിരി. ഗോവിന്ദൻ നമ്പൂതിരിയുടെ നിഷ്ഠയിലൂടെയും അനുഭവത്തിലൂടെയും പ്രയോഗത്തിലൂടെയും പാരമ്പര്യപ്പകർച്ചയായ തിടമ്പ് നൃത്തം ആചാരാടിസ്ഥാനത്തിൽ സംരക്ഷിതമായി. തിടമ്പുനൃത്തആചാരത്തിലെ കലയെ കണ്ടെത്തി ഏവരും ആദരിക്കുന്ന ഉന്നതസ്ഥിതിയിലേക്ക് അദ്ദേഹം അതിനെ പ്രതിഷ്ഠിച്ചു.

ക്ഷേത്രനൃത്തനത്തിൽ ഇത്രയേറെ ഉയരങ്ങൾ കീഴടക്കുന്നതിനു പുറകിലുള്ള രഹസ്യം സ്ഥിരമായ സാധകവും കഠിനാദ്ധ്വാനവുമാണെന്ന് അദ്ദേഹം പറയുന്നു. ഭാരതത്തിലുള്ള നൃത്തകലാപ്രേമികളെക്കാൾ ഭാരതത്തിനപ്പുറത്തെ ആസ്വാദകർ ഗോവിന്ദൻ നമ്പൂതിരിയുടെ അടവുകളും ചുവടുകളും പഠിക്കുന്നു. നമ്പൂതിരിയെപ്പോലെ ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിൽ മാത്രം മനസ്സർപ്പിച്ച് പ്രസിദ്ധിയോ പൊതുജനപ്രീതിയോ കാംക്ഷിക്കാതെ ജീവിക്കുന്ന പ്രതിഭകൾ അപൂർവ്വം. പുരാണചരിതങ്ങളുടെ ആവിഷ്കരണമായി തിടമ്പു നൃത്തത്തെ പുനഃക്രമീകരിച്ച പുതുമന പല നൂറ്റാണ്ടുകളോളം അവഗണനയുടെ കയ്പ്പറിഞ്ഞ ജനവിഭാഗങ്ങളിലേക്ക് കലയുടെ മധുരം വിളമ്പിക്കൊടുത്തു. അദ്ദേഹം എല്ലാ ജനങ്ങളിലേക്കും ധൈര്യപൂർവ്വം കടന്നുചെന്ന് നർത്തനത്തിന്റെ പുതിയ ഇതിഹാസം രചിച്ചു. അപ്രകാരം  തിടമ്പു നൃത്തമെന്ന കലയ്ക്ക് ഉന്നതമായ സ്ഥാനവും ചരിത്രവും ലഭിച്ചു. പുതുമന ഗോവിന്ദൻ നമ്പൂതിരി ഇന്ന് ഭാരതീയസംസ്കാരത്തിന്റെയും കേരളീയപാരമ്പര്യത്തിന്റെയും സ്ഥാനപതിയായും പ്രതിപുരുഷനായുമായി അറിയപ്പെടുന്ന രാജ്യാന്തരപ്രാധാന്യമുള്ള കലാകാരനാണ്.  

Share:

0 comments:

Post a Comment

Ancient Indian Art forms have been passed down from generation to generation, and are still practiced and celebrated in different parts of the country. Here’s a look at few of them what makes these art forms unique.

Search This Blog

 
// //