'ഓരോ അരങ്ങും തിടമ്പ് നൃത്തത്തിന്റെ പരിശീലനം' – പുതുമന ഗോവിന്ദൻ നമ്പൂതിരി
Bhagath
വടക്കേ മലബാറിലെ ഏഴര നൂറ്റാണ്ടുകളിലുമപ്പുറം പുരാതനവും മഹിത പാരമ്പരൃമാര്ന്നതുമായ
നൃത്തരൂപമാണ് തിടമ്പുനൃത്തം. തിടമ്പ് നൃത്തത്തിന്റെ യശസ്സ് ലോകത്തിലെ മിക്ക പ്രദേശങ്ങളിലെയും കലാസങ്കേതങ്ങളിലേക്ക് പറത്തിവിട്ട കലാകാരനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. ഗോവിന്ദൻ നമ്പൂതിരി നൃത്തം ചവിട്ടാൻ തുടങ്ങിയിട്ട് അഞ്ചു പതിറ്റാണ്ടുകളാവുന്നു. 'ഓരോ അരങ്ങ് കഴിയുമ്പോഴും എനിക്കത് പരിശീലനമാണ്, എന്റെ ജീവിതത്തിലെ പുതിയൊരു പഠനമാണ്, എന്റെ ജീവിതം തിടമ്പ് നൃത്തത്തിന്റെ അരങ്ങുകളിലാണ്' എന്ന് അദ്ദേഹം. ഭാരതത്തിൽ അനേകം ക്ഷേത്ര നൃത്ത കലാകാരന്മാർ ഉണ്ട്, എന്നാൽ, അതിന്റെ മൗലികാശയവും തനിമയും ഉൾക്കൊള്ളുന്നവരെ തേടുമ്പോഴാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി വേറിട്ട് നിൽക്കുന്നത്. പ്രേക്ഷകർ സ്വദേശികളോ വിദേശികളോ ആയിരുന്നാലും അവർ പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തത്തെ സ്വീകരിക്കുന്നത് അതുകൊണ്ടാണ്. അടിസ്ഥാനമായി തിടമ്പ് നൃത്തം താണ്ഡവമാണെങ്കിലും ലാസ്യവും അതിന്റെ പതിഞ്ഞ കാലങ്ങളിൽ ഇഴുകിച്ചേരുന്നുണ്ടെന്ന് ഗോവിന്ദൻ നമ്പൂതിരി അഭിപ്രായപ്പെടുന്നു - ‘ശിരസ്സിനു മുകളിൽ ചാർത്തിയ ഉഷ്ണിപീഠത്തിനു മുകളിൽ തിടമ്പ് പ്രതിഷ്ഠിക്കപ്പെടുന്ന നിമിഷം മുതൽ ആ മഹാശക്തിയോടുള്ള അർപ്പണമാണ് എന്റെ ഏറ്റവും വലിയ ധ്യാനം. അങ്ങനെ മനസ്സ് ഏകാഗ്രതയിലിരിക്കുമ്പോൾ എന്റെ പദചലനങ്ങളിൽ ആ ശക്തിയുടെ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കും എന്നത് ഏറ്റവും ശ്രേഷ്ഠമായ അനുഭവമാണ്.’ അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടിരുന്ന തിടമ്പ് നൃത്തത്തെ നാട്യശാസ്ത്രത്തിൽ അനുശാസിച്ചിരിക്കുന്ന ചിട്ടകളിലേക്കും നിയമങ്ങളിലേക്കും ആവാഹിച്ചെടുക്കുമ്പോൾ ഒരു ആചാരം എന്നതിലുപരിയായി അതിന് ശാസ്ത്രീയത കൈവരുന്നു. അങ്ങിനെ തിടമ്പ് നൃത്തത്തെ പുനർനിർമ്മിച്ച് ശുദ്ധീകരിച്ചെടുക്കാൻ ഗോവിന്ദൻ നമ്പൂതിരി പല ഘട്ടങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. ഗഹനവും സമ്പൂർണ്ണവുമായി പഠിച്ച്, തെറ്റുകൾ തിരുത്തി, ആഴത്തിലുള്ള അറിവുണ്ടാകുമ്പോൾ ഈ പ്രക്രിയയ്ക്ക് പൂർണ്ണത കൈവരുന്നു. ‘തനതായ തിടമ്പ് നൃത്തത്തിന് പ്രാചീനമായ പല കലാരൂപങ്ങളുടെയും സ്വാധീനം ഉണ്ടായിരുന്നിരിക്കാം. ദാർശനികവും ഭാവാത്മകവുമായ നർത്തനസംസ്കൃതിയുടെ ആർദ്രഭാവവും ആന്തരികചൈതന്യവും തനതായി ഉണ്ടാകേണ്ടതാണ്. പക്ഷേ, നിലവിലുള്ള മറ്റു തനതുകലാരൂപങ്ങളിൽ നിന്നും വ്യവഛേദിച്ചെടുത്ത് ഇതിൽ രഞ്ജിപ്പിക്കാൻ ശ്രമം നടക്കുമ്പോൾ തിടമ്പ് നൃത്തത്തിന്റെ മൗലികത ചോർന്നുപോകുന്നത് സങ്കടകരമാണ് '. പഴയതും അടിസ്ഥാനപരവുമായ ചുവടുകളെ അവഗണിക്കുമ്പോൾ അതിനേക്കാൾ കെൽപ്പുള്ള പുതിയ ചുവടുകൾ ഇല്ലാതെ വരുമ്പോഴാണ് നൃത്തകലയിലെ ഭാവുകത്വം അവകാശവാദവും കൃതിമത്വം നിറഞ്ഞതുമാവുന്നത്. നൃത്തത്തിന്റെ തനതും വിശാലവുമായ പാതയിലൂടെ ത്യാഗപ്പെട്ടു നീങ്ങാൻ ധൈര്യവും സമർപ്പണബുദ്ധിയും കുറയുമ്പോഴാണ് കുറുക്കുവഴികളും ഊടുവഴികളും പ്രത്യക്ഷപ്പെടുന്നത്. ഇത്തരം പ്രവണതകളിലൂടെ കലാരംഗപീഠത്തിൽ ജനിക്കുന്നത്
അന്ധകാരം മാത്രമാണ്. പിന്നെ ജീർണ്ണത മാത്രമാവും അവശേഷിക്കുക. അതുകൊണ്ടു തന്നെ ഈ അവസ്ഥ സംജാതമാകാതിരിക്കാനുള്ള ജാഗ്രത നൃത്തകലാരംഗത്ത് ആവശ്യമാണ്.
good boy
ReplyDelete