| Art | Culture | Tradition |

Thursday, 24 January 2019

തിടമ്പ് നൃത്തം - ഉത്തരകേരളത്തിലെ ക്ഷേത്രാചാരവും ക്ഷേത്രകലയും


വടക്കൻ കേരളത്തിലെ ഏഴു നൂറ്റാണ്ട് പഴക്കമുള്ള ക്ഷേത്രാചാരവും വാർഷികോത്സവത്തിന്റെ  ഭാഗമായി ആഘോഷപൂർവ്വം നടത്തി വരുന്ന അനുഷ്ഠാനവുമാണ് തിടമ്പ് നൃത്തം. ക്ഷേത്രത്തിനകത്തു വച്ച് തയ്യാറാക്കുന്ന ദേവീ / ദേവന്മാരുടെ അലംകൃതമായ വിഗ്രഹപ്രതീകം (തിടമ്പ്) ഭക്തിബഹുമാനാദികളോടെ ആചാരവിധിപ്രകാരം നർത്തകൻ ശിരസ്സിൽ സ്വീകരിക്കുന്നു. തിടമ്പ് ശിരസ്സിലേറ്റിയ നർത്തകൻ ആചാര്യന്മാർ നിഷ്കർഷിച്ചിട്ടുള്ള വാദ്യമേളങ്ങളുടെ സംഗീതാനുയാത്രയോടെ താളങ്ങൾക്കനുസരിച്ച് പാദങ്ങൾ ചലിപ്പിച്ച് നൃത്തം ചെയ്യുന്നുകാഴ്ചയിൽ മൃദംഗവുമായി സാദൃശ്യം തോന്നുന്ന 'പാണി' എന്ന വാദ്യത്തിന്റെ അകമ്പടിയോടെയാണ് നൃത്തകലാകാരൻ തിടമ്പ് ക്ഷേത്രമുറ്റത്തേക്ക് എഴുന്നള്ളിക്കുന്നത്. ശിരസ്സിൽ ഉഷ്ണിപീഠം എന്ന തലപ്പാവ് ധരിച്ച് നർത്തകൻ ഭക്തിയോടെ തിടമ്പ് തലപ്പാവിന് മുകളിൽ വയ്ക്കുന്നു. 'കൊട്ടി ഉറയിക്കൽ' എന്ന സുപ്രധാന ചടങ്ങോടെയാണ് സാധാരണയായി നൃത്തം ആരംഭിക്കുന്നത്നർത്തകൻ ശിരസ്സിലേറ്റിയ ചൈതന്യവത്തായ ദേവീ / ദേവപ്രതിരൂപത്തിന്റെ ആദിമഭാവത്തെ ആദരപൂർവ്വം എതിരേറ്റ് താളലയത്തോടെ  ഉണർത്തുന്ന ചടങ്ങാണിത്ദേവീ / ദേവന്മാരുടെ 'ദിവ്യഭാവം' ഉണരുമ്പോൾ തരംഗങ്ങൾ നർത്തകന് പദചലനങ്ങൾ ആരംഭിക്കാൻ പ്രേരകമാകുന്നു എന്നാണ് സങ്കൽപ്പംദൈവീകചൈതന്യം ഹൃദയത്തിലേക്ക് ആവാഹിക്കുന്ന നർത്തകൻ ക്രമപ്രകാരം വലതും ഇടതും തിരിഞ്ഞ്  വൃത്താകൃതിയിൽ കലാശം ചവിട്ടുന്നു. തുടർന്ന്, താളവട്ടങ്ങൾക്കനുസരിച്ചുള്ള നൃത്തപ്രകടനം ആരംഭിക്കുന്നു. ആചാരപ്രകാരം  തകിലടി, അടന്ത, ചെമ്പട, പഞ്ചാരി എന്നീ പ്രധാന താളവട്ടങ്ങളിൽ നാല് കാലങ്ങളിലാണ് (നിരപ്പുകളിൽ) തിടമ്പ് നൃത്തത്തിലെ വാദ്യവിന്യാസം ക്രമീകരിച്ചിരിക്കുന്നത്. തിടമ്പ് നൃത്തത്തിന്റെ ആദിഗുരുക്കന്മാരായ പൂർവ്വികരുടെ  ഗൗരവമുള്ള നിർദ്ദേശകതത്ത്വങ്ങളിൽപ്പെട്ട  ആചാരപ്രകാരമുള്ള ലാളിത്യവും  നൃത്താവതരണത്തിലെ കലാപ്രകടനത്തെ ഭക്തിസീമകൾക്കുള്ളിൽ നിയന്ത്രിച്ചുനിർത്താനുള്ള ആദേശങ്ങളും ലംഘിക്കപ്പെടുന്ന സാഹചര്യങ്ങളിൽ അനുഷ്ഠാനരൂപം 'കേവലം കായികപ്രകടനമായി' പലർക്കും അനുഭവപ്പെട്ടേക്കാം. മറ്റു പല  കലാമേഖലകളിലും സംഭവിച്ചു പോയ  മൂല്യച്യുതിയോട് സ്വാഭാവികമായി ഇതിനെ ചേർത്തു വായിക്കേണ്ടിയും വന്നേക്കാംതിടമ്പ് നൃത്തത്തിലെ മൗലികതയുടെ വഴിയിലൂടെ മാത്രം സഞ്ചരിച്ച് കലാരൂപത്തെ ക്ഷേത്രകല എന്ന നിലയിൽ പുനരുജ്ജീവിപ്പിച്ച പരമാചാര്യനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. തനതായ ഒട്ടേറെ സംഭാവനകൾ നൽകി ഭാരതത്തിനകത്തും പുറത്തുമായി അസംഖ്യം ബഹുമതികൾ നേടിയ ദേവനർത്തകനാണ് അദ്ദേഹം . ഇന്നും സ്വജീവിതത്തിലെ ഓരോ നിമിഷവും തിടമ്പ് നൃത്തത്തെ അദ്ദേഹം ഗഹനമായി ഉപാസിക്കുന്നു.
Share:

1 comment:

  1. ദൈവതിനെ തലയിൽ എടുക്കുമ്പോൾ വിശുദ്ധി വേണം. തിടമ്പു നൃതം ചെയ്യുന്നതിനും ചമയങ്ങൾക്കും ഒരു രീതിയുണ്ട്. അതെല്ലാം തെറ്റിച്ച് നിറപ്പകർച്ചയുള്ള പുതിയ കോലങ്ങളും താളങ്ങളുമായി ഈ ദൈവീകകലയെ നശിപ്പിക്കരുത്. ഈ കലയിലുള്ള പഴയ പാരമ്പരാഗതമായ താളങ്ങളും ചിട്ടകളും നഷ്ടപ്പെടുത്തരുത്.
    ഗോവിന്ദൻ നമ്പൂതിരി ത്യാഗപെട്ട് പുനരുജ്ജീവിപ്പിച്ച തിടമ്പ് നൃത്തത്തെ ഇല്ലായ്മ ചെയ്യരുത്.

    ReplyDelete

Ancient Indian Art forms have been passed down from generation to generation, and are still practiced and celebrated in different parts of the country. Here’s a look at few of them what makes these art forms unique.

Search This Blog

 
// //