കേരളത്തിന്‍റെ തനത് കലാരൂപങ്ങളില്‍ കഥകളിയോടൊപ്പം എടുത്തുപറയാവുന്ന കലാരൂപമാണ് തിരുവാതിരക്കളി. ഓണത്തിന് മാവേലി മന്നനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ വീട്ടിലെ സ്ത്രീകള്‍ അവതരിപ്പിക്കുന്ന കലാരൂപമായിട്ടാണ് മലയാളികള്‍ക്ക് തിരുവാതിരക്കളി ഏറെ പരിചിതമായിട്ടുള്ളത്.
കാമദേവനെ ഭാസ്മമാക്കിയ പരമ ശിവനെയും ശിവന്‍റെ പത്നിയായ പാര്‍വതി ദേവിയേയും സ്തുതിച്ചുകൊണ്ട് ധനു മാസത്തിലെ തിരുവാതിര നാളില്‍ ഒരു അനുഷ്ഠാനമെന്ന നിലയിലും തിരുവാതിര അവതരിപ്പിക്കപ്പെടാറുണ്ട്. പരമശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ തപസ്സുചെയ്ത സതി (പാര്‍വതി) യുടെ ഹൃദയശുദ്ധിയും, ഭക്തി കലര്‍ന്ന സ്നേഹവായ്പും ഈ കലയിലൂടെ അനുസ്മരിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ഉത്തമനായ പതിയെ ലഭിക്കുന്നതിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയായും തിരുവാതിരക്കളി അവതരിപ്പിക്കപ്പെടാറുണ്ട്.
സാധാരണ നൃത്തങ്ങള്‍ക്ക് ഗാനമാലപിക്കുന്നത് നര്‍ത്തകരല്ല. എന്നാല്‍ തിരുവാതിരക്കളിയില്‍ മുതിര്‍ന്ന ഒരു നര്‍ത്തകി പാട്ട് പാടുകയും അതേ താളത്തില്‍ മറ്റുള്ള നര്‍ത്തകിമാര്‍ ഏറ്റു പാടുകയും ചെയ്യുന്നു. ഒരു നിലവിളക്ക് കത്തിച്ചുവെച്ച് അതിനു ചുറ്റുമാണ് നൃത്തം ചെയ്യുക. ഓണത്തിന് നിലവിളക്കിനു ചുറ്റുമായി പൂക്കളവും നിറപറയും വെയ്ക്കാറുണ്ട്. ഒരേ നിറത്തിലുള്ള ബ്ലൌസും കസവുമുണ്ടുമാണ് തിരുവാതിര കളിക്കുന്നവരുടെ വേഷം.
പ്രയാസമുള്ള ചുവടുകള്‍ ഒന്നും തന്നെ തിരുവാതിരക്കളിയില്‍ ഇല്ല. അതുകൊണ്ട് തന്നെ ഇത് അവതരിപ്പിക്കാന്‍ ഒരുപാട് തയ്യാറെടുപ്പുകള്‍ ആവശ്യമില്ല. പാട്ടിനൊപ്പം ലാസ്യഭാവത്തില്‍ ചലിക്കുകയും കൈകൊട്ടുകയും ചെയ്യുന്ന നൃത്തരൂപമായതിനാല്‍ ഇതിനെ കൈകൊട്ടിക്കളി എന്നും വിളിക്കാറുണ്ട്. അമിതമായ ശാരീരിക അധ്വാനം ഇല്ലാതെ തന്നെ ചെയ്യാവുന്ന കലയായതിനാല്‍ പ്രായമായവര്‍ക്ക് പോലും തിരുവാതിരക്കളി ചെയ്യാം.
കേരളത്തിലെ മറ്റു പല കലാരൂപങ്ങളെയും പോലെ സമൂഹത്തില്‍ നിന്ന് അന്യം നിന്നുപോകാത്ത, അനവധി വേദികളില്‍ അവതരിപ്പിച്ചുപോരുന്ന കലയാണ് തിരുവാതിരക്കളി. വിവിധ കലാസാംസ്കാരിക വേദികളില്‍, കലാലയങ്ങളില്‍ മത്സര ഇനമായിപ്പോലും തിരുവാതിരക്കളിയുണ്ട്.
ഈ കലയുടെ മനോഹാരിതയില്‍ അഭിരമിച്ച് ഒട്ടനേകം വിദേശികളും തിരുവാതിരക്കളി പഠിച്ച് ഇന്ത്യയിലും വിദേശരാജ്യങ്ങളിലും അവതരിപ്പിക്കാറുണ്ട്.ദൃശ്യഭംഗി കൊണ്ടും, അവതരണത്തിലെ ലാളിത്യം കൊണ്ടും, സമത്വസന്ദേശം കൊണ്ടും ഏറെ മികവുറ്റൊരു കലാരൂപമാണ് കേരളത്തിന്‍റെ സ്വന്തം തിരുവാതിരക്കളി.