Showing posts with label Puthumana Govindan Namboothiri. Show all posts
Showing posts with label Puthumana Govindan Namboothiri. Show all posts
Sunday, 15 July 2018
താണ്ഡവനൃത്തത്തിന്‍റെ കുലപതി
July 15, 2018P Govindan Namboothiri, Puthumana Govindan Namboothiri, അനുഷ്ഠാനം, കഥകളി, കലാകാരന്, ക്ഷേത്രകല, തിടമ്പ് നൃത്തം
1 comment
ഭാരതം ഉയര്‍ത്തിപ്പിടിച്ച തനിമയാര്‍ന്ന
കലാപാരമ്പര്യങ്ങളുടെയും കലാമൂല്യങ്ങളുടെയും കാലാതിവര്‍ത്തികളായ പ്രതിപുരുഷന്മാരില്‍
ഒരാളാണ് ‘തിടമ്പുനൃത്ത’കലാകാരന് പുതുമന ഗോവിന്ദന്‍ നമ്പൂതിരി. ഉത്തരകേരളത്തിന്‍റെ തനതു നൃത്തരൂപമായ ‘തിടമ്പ് നൃത്ത’ത്തിന് ആഗോള
പ്രശസ്തി സമ്മാനിച്ച കലാകാരനാണ് അദ്ദേഹം. പരമമായ ത്യാഗബുദ്ധിയോടെ സമൂഹത്തിലേവരേയും സമഭാവനയോടെ
കണ്ട് ‘ജനകീയനൃത്തകല’ എന്ന വികാരത്തിന്‍റെ ഐക്കണുകളിലൊന്ന്. എന്നാല്‍, അദ്ദേഹത്തെ ഐക്കണാക്കി മാറ്റാതെ, കല എന്ന
മാധ്യമത്തിലൂടെ കാലത്തിന് മാര്‍ഗ്ഗദര്‍ശനമേകാന്‍ ആ
ആശയങ്ങളെയും ദര്‍ശനങ്ങളെയും കലാപ്രയോഗങ്ങളേയും എങ്ങനെ ഉപയോഗപ്പെടുത്താം എന്ന്
ചിന്തിക്കുന്നവരുടെ കൂട്ടത്തിലാണ് ഇന്നത്തെ പല പ്രമുഖകലാപ്രവര്‍ത്തകരും.
ഉത്തരകേരളത്തിലെ ഏഴു നൂറ്റാണ്ടിലേറെ പൌരാണികമായ കലാരൂപമാണ്
തിടമ്പ് നൃത്തം. കമനീയമായി അലങ്കരിച്ച വിഗ്രഹപ്രതീകം (തിടമ്പ്) ഭക്ത്യാദരപൂര്‍വ്വം
ശിരസ്സിലേറ്റി വാദ്യസംഗീതത്തിനനുസൃതമായി നൃത്തം ചെയ്യുന്ന കലാരൂപമാണിത്. പതിഞ്ഞ
കാലത്തില്‍ ആരംഭിച്ച് ആരോഹണക്രമത്തിലാണ് നൃത്താവതരണം. ദ്രുതതാളത്തില്‍ മേളം
മുറുകുമ്പോള്‍ ആ താളക്രമത്തില്‍ വൃത്താകൃതിയില്‍ തിരിഞ്ഞ് കലാശതാളം ചവിട്ടിയാണ്
അടുത്ത താളം പതിഞ്ഞ കാലത്തില്‍ ആരംഭിക്കുന്നത്. തിടമ്പ് പുറത്ത് എഴുന്നള്ളിച്ച്
തുടങ്ങി തിരിച്ച് ശ്രീകോവിലില്‍ തിരിച്ചെത്തിക്കും വരെ നര്‍ത്തകന്
മൌനമുദ്രിതനായിരിക്കും.
ഒരു ശ്രേഷ്ഠകലാകാരന്‍ എന്നതിലുപരിയായി കല എന്ന മാധ്യമം
ഉപയോഗിച്ചുകൊണ്ട് സമൂഹത്തിന്‍റെ ആകാംക്ഷകളെയും ദു:ഖങ്ങളെയും ത്രാണനം ചെയ്യാന്‍
കഴിവുള്ള ഒരു സാഹസികനായി മാറുമ്പോള്‍ അയാള്‍ ഒരു ഉത്തമകലാകാരനാവുന്നു എന്നാണ്
പുതുമന ഗോവിന്ദന്‍ നമ്പൂതിരിയെ ഒരു മാതൃകയാക്കിക്കൊണ്ട് കലാസ്നേഹികള്‍ ഉള്‍ക്കൊള്ളുന്നത്.
അത്തരം കലാകാരന്മാര്‍ സത്യാന്വേഷികളായിരിക്കണം, സൗന്ദര്യദര്‍ശികള്‍
ആയിരിക്കെതന്നെ. ഗോവിന്ദന്‍ നമ്പൂതിരിയെ സംബന്ധിച്ചിടത്തോളം ഗുരുശ്രേഷ്ഠന്മാര്‍
പകര്‍ന്നുതന്ന കലാസങ്കല്‍പ്പങ്ങളെ സ്വായത്തമാക്കിയെടുത്ത സൃഷ്ടിവൈഭവത്തിലൂടെയും
ഭാവനാശേഷിയിലൂടെയും പരിഷ്കരിച്ച് തേച്ചുമിനുക്കുന്നതോടൊപ്പം പൂര്‍വ്വാധികം
സുന്ദരമാക്കുന്നതിലുള്ള ആത്മാര്‍ത്ഥപരിശ്രമത്തിലൂടെയാണ് ശ്രദ്ധ നേടിയെടുത്തത്.
അദ്ദേഹം ഒരു സത്യാന്വേഷിയായതുകൊണ്ടാകാം അത്. ആചാരാനുഷ്ഠാനങ്ങളുടെ പരമമായ ലക്‌ഷ്യം
പ്രപഞ്ചസത്യം മനുഷ്യന് അനുഭവവേദ്യമാക്കുക എന്നതും കൂടിയാണല്ലോ. ഗോവിന്ദന്‍
നമ്പൂതിരിയുടെ എത്രയോ പതിറ്റാണ്ടുകളായുള്ള ഭഗീരഥയത്നം ഒരു സമൂഹത്തിന് നേരിടേണ്ടി
വരുന്ന വെല്ലുവിളികള്‍ക്ക് സമാധാനം നല്‍കാന്‍ കഴിവുണ്ടാക്കികൊടുക്കുന്ന
ശക്തിയാക്കാന്‍ കലാപ്രവര്‍ത്തനത്തെ ഉപയോഗപ്പെടുത്താനായിരുന്നു.