Showing posts with label സംസ്കാരം. Show all posts
Showing posts with label സംസ്കാരം. Show all posts
Tuesday, 28 August 2018
തിടമ്പുനൃത്തത്തിന്റെ അതുല്യ സര്ഗ്ഗ പ്രതിഭ പുതുമന ഗോവിന്ദന്‍ നമ്പൂതിരി
തിടമ്പുനൃത്തത്തിന്റെ അതുല്യ സര്ഗ്ഗ പ്രതിഭ പുതുമന ഗോവിന്ദന്‍ നമ്പൂതിരി
കേരളത്തിന്റെ കലാരൂപമായ തിടമ്പുനൃത്തത്തെ രാജ്യാന്തര പ്രസിദ്ധിയിലേക്ക് നയിച്ച കലാകാരനാണ് പുതുമന ഗോവിന്ദന്‍ നമ്പൂതിരി.
തിടമ്പുനൃത്തത്തിലെ എല്ലാ കാലഘട്ടത്തിലേയും ഈ അതുല്യസര്ഗ്ഗപ്രതിഭ
ഇന്നും നമ്മുടെ അമ്പലമുറ്റങ്ങളെ ധന്യമാക്കിക്കൊണ്ട് നൃത്യചാരുതയിലൂടെ
സുവര്ണ്ണകാന്തി പ്രസരിപ്പിക്കുന്നു. തിടമ്പുനൃത്തത്തെ ജനകീയമാക്കാന്‍ എത്രയോ പതിറ്റാണ്ടുകളായി നിസ്തുലമായ പങ്കു വഹിച്ച ഈ കലാകാരന് പഴയ തലമുറയിലെ കഥകളി ആശാന്മാര്ക്ക് തുല്യമായ
സ്ഥാനമാണ് സാംസ്കാരികകേരളം നല്കുന്നത്.
തിടമ്പുനൃത്തരംഗത്ത്
അസാധാരണമായ സിദ്ധിയും നിത്യസാധനയും ജന്മസിദ്ധമായ വാസനയുമുള്ള അനുഗ്രഹീതകലാകാരനായ പുതുമന ഗോവിന്ദന്‍ നമ്പൂതിരി നമ്മുടെ സംസ്ഥാനത്തിന്റെ അഭിമാനഭാജനമാണ്. കഴിഞ്ഞ നാലു ദശാബ്ദങ്ങളിലേറെയായി ലോകമെങ്ങുമുള്ള എണ്ണമറ്റ അരങ്ങുകളില്‍ തിടമ്പുനൃത്തം
അവതരിപ്പിച്ച അദ്ദേഹം കാണികളുടെയും ഭക്തജനങ്ങളുടെയും മുക്തകണ്ഠമായ
അംഗീകാരങ്ങള്‍ പിടിച്ചുപറ്റി. ഉപാസനയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പ്രശസ്തിയിലോ പണത്തിലോ ശ്രദ്ധിക്കാത്ത വ്യക്തിയായതുകൊണ്ടാകാം കലാലോകം അദ്ദേഹത്തെ
അര്ഹിക്കും വിധം തിരിച്ചറിയാത്തത്. ഇന്നത്തെ കാലഘട്ടത്തിലെ കലാപ്രകടനത്തിനപ്പുറത്തെ പുതിയ രീതികളോ കാപടൃങ്ങളോ നാടൃങ്ങളോ യാതൊന്നും അദ്ദേഹത്തിന് അറിഞ്ഞുകൂടാ. തിടമ്പുനൃത്തരംഗത്തെ ഹൃദയത്തിലാവാഹിച്ച അതിന്റെ കനകപന്ഥാവില് മായാത്ത കാല്‍പ്പാടുകള്‍ പതിപ്പിച്ചുകൊണ്ട് പുതുമന ഗോവിന്ദന്‍ നമ്പൂതിരി
താളങ്ങള്‍ ചവുട്ടി നമ്മളെ ആനയിക്കുകയാണ്, എകാഗ്രതയുടെ ശിഖരങ്ങളിലേക്ക്.