Tuesday, 28 August 2018
തിടമ്പുനൃത്തത്തിന്റെ അതുല്യ സര്ഗ്ഗ പ്രതിഭ പുതുമന ഗോവിന്ദന്‍ നമ്പൂതിരി
തിടമ്പുനൃത്തത്തിന്റെ അതുല്യ സര്ഗ്ഗ പ്രതിഭ പുതുമന ഗോവിന്ദന്‍ നമ്പൂതിരി
കേരളത്തിന്റെ കലാരൂപമായ തിടമ്പുനൃത്തത്തെ രാജ്യാന്തര പ്രസിദ്ധിയിലേക്ക് നയിച്ച കലാകാരനാണ് പുതുമന ഗോവിന്ദന്‍ നമ്പൂതിരി.
തിടമ്പുനൃത്തത്തിലെ എല്ലാ കാലഘട്ടത്തിലേയും ഈ അതുല്യസര്ഗ്ഗപ്രതിഭ
ഇന്നും നമ്മുടെ അമ്പലമുറ്റങ്ങളെ ധന്യമാക്കിക്കൊണ്ട് നൃത്യചാരുതയിലൂടെ
സുവര്ണ്ണകാന്തി പ്രസരിപ്പിക്കുന്നു. തിടമ്പുനൃത്തത്തെ ജനകീയമാക്കാന്‍ എത്രയോ പതിറ്റാണ്ടുകളായി നിസ്തുലമായ പങ്കു വഹിച്ച ഈ കലാകാരന് പഴയ തലമുറയിലെ കഥകളി ആശാന്മാര്ക്ക് തുല്യമായ
സ്ഥാനമാണ് സാംസ്കാരികകേരളം നല്കുന്നത്.
തിടമ്പുനൃത്തരംഗത്ത്
അസാധാരണമായ സിദ്ധിയും നിത്യസാധനയും ജന്മസിദ്ധമായ വാസനയുമുള്ള അനുഗ്രഹീതകലാകാരനായ പുതുമന ഗോവിന്ദന്‍ നമ്പൂതിരി നമ്മുടെ സംസ്ഥാനത്തിന്റെ അഭിമാനഭാജനമാണ്. കഴിഞ്ഞ നാലു ദശാബ്ദങ്ങളിലേറെയായി ലോകമെങ്ങുമുള്ള എണ്ണമറ്റ അരങ്ങുകളില്‍ തിടമ്പുനൃത്തം
അവതരിപ്പിച്ച അദ്ദേഹം കാണികളുടെയും ഭക്തജനങ്ങളുടെയും മുക്തകണ്ഠമായ
അംഗീകാരങ്ങള്‍ പിടിച്ചുപറ്റി. ഉപാസനയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പ്രശസ്തിയിലോ പണത്തിലോ ശ്രദ്ധിക്കാത്ത വ്യക്തിയായതുകൊണ്ടാകാം കലാലോകം അദ്ദേഹത്തെ
അര്ഹിക്കും വിധം തിരിച്ചറിയാത്തത്. ഇന്നത്തെ കാലഘട്ടത്തിലെ കലാപ്രകടനത്തിനപ്പുറത്തെ പുതിയ രീതികളോ കാപടൃങ്ങളോ നാടൃങ്ങളോ യാതൊന്നും അദ്ദേഹത്തിന് അറിഞ്ഞുകൂടാ. തിടമ്പുനൃത്തരംഗത്തെ ഹൃദയത്തിലാവാഹിച്ച അതിന്റെ കനകപന്ഥാവില് മായാത്ത കാല്‍പ്പാടുകള്‍ പതിപ്പിച്ചുകൊണ്ട് പുതുമന ഗോവിന്ദന്‍ നമ്പൂതിരി
താളങ്ങള്‍ ചവുട്ടി നമ്മളെ ആനയിക്കുകയാണ്, എകാഗ്രതയുടെ ശിഖരങ്ങളിലേക്ക്.
ജനങ്ങളുടെ പ്രിയ നർത്തകൻ
ജനങ്ങളുടെ പ്രിയ നർത്തകൻ
തിടമ്പുനൃത്തം എന്ന കലാരൂപത്തെ ജനകീയമാക്കിയ കലാകാരനാണ് പുതുമന ഗോവിന്ദന്‍ നമ്പൂതിരി. ഉത്തരകേരളത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ സവിശേഷതകള്‍ സ്വാംശീകരിച്ചുകൊണ്ട് അതിനെ ചുറ്റുമുള്ള സാമൂഹികാന്തരീക്ഷത്തോട് പ്രതികരിക്കുന്ന ഉപകരണമാക്കി മാറ്റുകയായിരുന്നു അദ്ദേഹം ചെയ്തത്. തിടമ്പുനൃത്തത്തെ
അതിന്റെ ആചാരനിബദ്ധമായ ആദിരൂപത്തില്‍ നിന്നും ശാസ്ത്രീയമായ അടിസ്ഥാന മാതൃകയും രൂപവും ഭാവവും നല്കിയയാള്‍. ജീവിതം തിടമ്പു നൃത്തത്തിനായി അര്പ്പിച്ച് നിത്യവും അഭ്യസിച്ച്
അതിന്റെ ഭംഗി ചോരാതെ സംരക്ഷിച്ചു നിര്ത്തിയയാള്‍. പരിശീലിക്കാനും അരങ്ങിലെത്തിക്കാനും ആളുകളില്ലാതെ അപ്രത്യക്ഷമാകുമായിരുന്ന
തിടമ്പു നൃത്തത്തെ സ്വന്തം പ്രാണനെക്കാള്‍ സ്നേഹിച്ച് അതിനെ നാടൃശാസ്ത്രത്തിനനുസൃതമായി ചിട്ടപ്പെടുത്തിയ മഹാനായ കലാകാരനാണ് അദ്ദേഹം. ഇന്ന് കഥകളി പോലുള്ള കലാരൂപങ്ങളോടൊപ്പം പുതുമന ഗോവിന്ദന്‍ നമ്പൂതിരിയുടെ തിടമ്പുനൃത്തവും
ആസ്വദിക്കാനും
പഠിക്കാനും വിദേശത്തു നിന്നും ആളുകള്‍ ഭാരതത്തിലെത്തുന്നു.
ജനകീയ കലാകാരന് എന്ന നിലയില് ഈ കലാരൂപത്തെ ഒന്നിന്റെയും വേലിക്കെട്ടുകളില്‍ ഒതുക്കാതെ
അതില്‍ കൂടുതല്‍ അറിവുകള്‍ കണ്ടെത്തുകയും
ഉള്ക്കൊള്ളുകയും ചെയ്തു അദ്ദേഹം. ദൈനംദിനജീവിതത്തില് ഓരോ നിമിഷത്തിലും തിടമ്പുനൃത്തത്തിന്റെ സകല സാധ്യതകളെക്കുറിച്ചും കലാപാരമ്പര്യത്തെക്കുറിച്ചും മഹത്വത്തെക്കുറിച്ചും
മനസ്സില്‍ ഉപാസിച്ചുകൊണ്ടിരിക്കുന്ന
കലാകാരനാണ് അദ്ദേഹം.
പുതുമന ഗോവിന്ദന്‍ നമ്പൂതിരിയുടെ നിരന്തരമായ സാധകവും തിടമ്പുനൃത്തത്തോടുള്ള അര്പ്പണബോധവും
ഓരോ കലാസ്നേഹിയെയും അതിശയിപ്പിക്കുന്നു.