| Art | Culture | Tradition |

  • Thidambu Nritham

    DescriptionThidambu Nritham is a ritual dance performed in Temples of North Malabar. This is one among many rich art traditions of North Malabar. It is mainly performed by Namboothiris, and rarely other Brahmin communities like Shivalli, Karhade and Havyaka.

  • Kathakali

    Kathakali is one of the major forms of classical Indian dance. It is a "story play" genre of art, but one distinguished by the elaborately colorful make-up, costumes and facemasks that the traditionally male actor-dancers wear.

  • Koodiyattam

    DescriptionKoodiyattam, also transliterated as Kutiyattam, is a traditional performing artform in the state of Kerala, India. It is a combination of ancient Sanskrit theatre with elements of Koothu, a Tamil/Malayalam performing art which is as old as Sangam era.

  • Thiruvathirakali

    Thiruvathirakali is a Hindu festival celebrated in the South Indian states of Tamil Nadu and Kerala. Thiruvathirai(Arudhra) in Tamil means "sacred big wave", using which this universe was created by Lord Shiva about 132 trillion years ago.

  • Thayambaka

    Thayambaka or tayambaka is a type of solo chenda performance that developed in the south Indian state of Kerala, in which the main player at the centre improvises rhythmically on the beats of half-a-dozen or a few more chenda and ilathalam players around.

Saturday, 15 June 2024

തിടമ്പുനൃത്തം തന്നെ ജീവിതം

 തിടമ്പുനൃത്തം തന്നെ ജീവിതം 


മുദ്രകളും അംഗവിന്യാസങ്ങളും ചുവടുകളുമൊന്നും തിരിച്ചറിഞ്ഞുതുടങ്ങാത്ത ഇളംപ്രായം മുതൽ തോന്നിയ അഭിനിവേശം. പിന്നീടത് ബോധത്തിൽ പ്രവേശിച്ചുറച്ചു. ആഗ്രഹവും ജീവിതലക്ഷ്യവുമായി. അരയും കഴുത്തും കാലും ഉറയ്ക്കും മുൻപേ മനസ്സിൽ ഉറച്ചുപോയതിനാൽ നൃത്തം ചെയ്യാൻ തുടങ്ങി. അങ്ങനെയാണ് അഞ്ചു വയസ്സുമുതൽ പുതുമന ഗോവിന്ദൻ നമ്പൂതിരി തിടമ്പുനർത്തകനായത്. കണ്ടവരും കേട്ടവരും അറിഞ്ഞവരും അദ്‌ഭുതപ്പെട്ട് കയ്യടിച്ചു. എന്തൊരു സിദ്ധിയാണ് ഈ കുട്ടിക്ക് എന്ന് എല്ലാവരും പറയാനും ആ കഴിവിനെ അംഗീകരിക്കാനും തുടങ്ങി. അഞ്ചിൽ തുടങ്ങിയ അഭ്യസനം ചിട്ടപ്പടിയാകാൻ പിന്നെയും വർഷങ്ങളെടുത്തു. തിടമ്പുനൃത്തം ആധുനികകാലത്തെ നൃത്തമല്ല. പതിമൂന്നാം നൂറ്റാണ്ടു മുതൽക്കേ ഇതിന്റെ പ്രാചീനരൂപമുണ്ട് തിടമ്പുനൃത്തത്തെ മറ്റു നൃത്തതരങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അത് വിഗ്രഹം ശിരസ്സിൽ പ്രതിഷ്ഠിച്ചുചെയ്യേണ്ട അനുഷ്ഠാനനൃത്തമെന്നതുകൊണ്ടാണ്. താളം ചെവിയിലേക്കു വീഴുമ്പോൾ അത്  മനസ്സിന്റെ താളമായി പരിണമിപ്പിച്ച് അതിവേഗം കാലുകളിലേക്ക് പകർന്നുനൽകുന്ന ഗോവിന്ദൻ നമ്പൂതിരി ക്ഷേത്രദേവതയെയും ചൈതന്യത്തെയും സങ്കൽപ്പിച്ചാണ് ഭക്തജനങ്ങളെ അറിയിക്കാൻ പ്രാപ്തമാക്കുന്നത്. ഇവ്വിധമുള്ള കാണികളുടെ ആത്യന്തികാസ്വാദനം ഒരാൾക്കും ചിന്തിക്കാൻ പോലും സാധിച്ചിരുന്നില്ല. അതിനായി എത്രയോ ആയുഷ്കാലത്തിൻ്റെ പ്രയത്നം എന്നുതന്നെ പറയാവുന്ന ജീവിതസമർപ്പണം തന്നെയായിരുന്നു ഗോവിന്ദൻ നമ്പൂതിരിയുടേത്. ബാല്യവും കൗമാരവും യൗവനവുമെല്ലാം തിടമ്പുനൃത്തത്തിനായി സമർപ്പിച്ച് അതിനു പിറകേ സഞ്ചരിച്ചു. കഠിനമായ ദാരിദ്ര്യത്തിനും പ്രാരാബ്ധങ്ങൾക്കുമിടയിൽ ജീവവായുവായി തിടമ്പുനൃത്തം. സാധന മുടക്കാതെ തിടമ്പുനൃത്തം ഒരു ഭഗവൽനിശ്ചയമായി, ഹൃദയത്തിന് കുളിർമ്മയായി ഉണർവ്വ് പകരുകയും അദ്ദേഹം അതിനെ സമൂഹത്തിന് തണലാക്കി മാറ്റുകയും ചെയ്തു. 
 ഗോവിന്ദൻ നമ്പൂതിരിക്കു മുൻപ് മറ്റനുഷ്ഠാനങ്ങളെപ്പോലെ ഒരു പതിവനുഷ്ഠാനം മാത്രമായിരുന്നു നൃത്തം.പരിമിതമായ പരിശീലനം സിദ്ധിച്ച ക്ഷേത്രപുരോഹിതൻ ചടങ്ങായി നടത്തിവന്ന ക്ഷേത്രത്തിനകത്തെ ചെറിയൊരിടമായിരുന്നു അന്നത്തെ അരങ്ങ്. ആ അരങ്ങിനെയും വേഷത്തെയും താളത്തെയും സുഘടിതമാക്കി ഏവരെയും അറിയിക്കാനുള്ള വിശിഷ്ടവും വശ്യവുമായ മണ്ഡലമാക്കിയെടുക്കാൻ ഏറെ കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട് ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്ത അരങ്ങിൽ കഥയിലുറഞ്ഞ താളത്തെ ചുവടുകളിലേക്ക് സംക്രമിപ്പിച്ചുകൊണ്ടാണ് ഗോവിന്ദൻ നമ്പൂതിരി തുടങ്ങിയത്. താളത്തിലും ചുവടിലും ക്രമങ്ങളിലും ഗോവിന്ദൻ നമ്പൂതിരി കൊണ്ടുവരുന്ന ശുദ്ധിയും നിഷ്ഠയും കാണികളെ ആശ്ചര്യം കൊള്ളിക്കുന്നു. പുതുമന ഗോവിന്ദൻ നമ്പൂതിരി പ്രതിഭ കൊണ്ട് തിടമ്പുനൃത്തത്തെ അവിസ്മരണീയമാക്കി വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചു, അതിൽ നല്ലൊരു പങ്കും തികഞ്ഞ ഭക്തരുമാണ്. തിടമ്പുനൃത്തത്തിന്റെ ചരിത്രത്തിൽ പുനരുജ്ജീവനത്തിന്റെ ഒരു കാലത്തെ നിർണ്ണയിച്ചുകൊണ്ട് അടിമുടി പുതുക്കിപ്പണിയുകയായിരുന്നു ഈ ആചാര്യൻ എന്നാണ് വിദഗ്ദ്ധമതം. അനുവാചകവൃന്ദത്തിന്റെ പ്രശംസയിൽ ഒരിക്കലും മതിമറന്നിട്ടില്ല ഈ ആചാര്യൻ. പുതിയതായി ഒരു ശൈലി സൃഷ്ടിക്കുകയും അത് മൗലികമാവുകയും ഭക്തിരസം പ്രദാനം ചെയ്യുന്നതിനാലും ദൈവീകമാണ് ആ ശൈലി. സ്ഥിരോത്സാഹിയായ ഗോവിന്ദൻ നമ്പൂതിരി തിടമ്പുനൃത്തത്തിനുവേണ്ടി മാത്രം ജീവിക്കുന്ന നർത്തകനാണ്. ഗോവിന്ദൻ  നമ്പൂതിരിക്ക് തിടമ്പുനൃത്തത്തെ ജനകീയമാക്കുന്നതിൽ വെല്ലുവിളികൾ ഏറെയുണ്ടായിട്ടുമുണ്ട്. ജന്മവാസനയും അത്യധികമായ അഭിനിവേശവും ഉത്സാഹവും കറകളഞ്ഞ ആത്മാർത്ഥതയും സത്യസന്ധതയും കഠിനാദ്ധ്വാനവും അച്ചടക്കത്തോടെയുള്ള അഭ്യസനവുമെല്ലാം ഗോവിന്ദൻ നമ്പൂതിരിയെ എന്നും കലാകേരളത്തിന്റെ കുലപതിയാക്കുന്നു. ഭക്തിനിർഭരമായ സമീപനം, ആത്മാവിലലിഞ്ഞ താളബോധം, അടിയുറച്ച സാധകബലം, അചഞ്ചലമായ ആത്മവിശ്വാസം എന്നിവയെല്ലാം ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തജീവിതത്തെ ഇതിഹാസതുല്യമാക്കുന്നു. ഓരോ അരങ്ങിലും ഭക്തിയും അടിസ്ഥാനവും നഷ്ടപ്പെടുത്താതെ പുതുമകൾ ആവിഷ്കരിക്കുന്നു പുതുമന ഗോവിന്ദൻ നമ്പൂതിരി. അങ്ങനെയാണ് തിടമ്പുനൃത്തത്തിന്റെ ഒരു കാലഘട്ടം അടയാളപ്പെടുത്തപ്പെട്ടത്. 
Share:

തിടമ്പുനൃത്തത്തിന്റെ ഭാരതീയദർശനം - ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തജീവിതം

 തിടമ്പുനൃത്തത്തിന്റെ ഭാരതീയദർശനം - ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തജീവിതം 

M Ravi

വേദങ്ങളും പുരാണേതിഹാസങ്ങളുമെല്ലാം പഠിച്ച് അവയെ ഹൃദയത്തിലേക്ക് ആവാഹിച്ച് ആത്മസാക്ഷാത്കാരത്തിനായി അനുഷ്ഠാനങ്ങളും ചടങ്ങുകളും തെറ്റാതെ ജീവിതചര്യയാക്കുന്ന ആചാര്യനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. ഭഗവദ്‌പ്രീതിക്കായി ഉത്സവസമയത്ത് അനുഷ്ഠിക്കുന്ന നൃത്തത്തെ വേദദർശനത്തിന്റെ മേടയിൽ സ്പർശിക്കുകയാണ് അദ്ദേഹം. ദേവനൃത്തത്തെ പരമാനന്ദത്തിന്റെയും ആത്മീയാനുഭൂതിയുടെയും പ്രതലത്തിൽ പ്രതിഷ്ഠിച്ച് ദേവസമർപ്പണമായും സമൂഹസമർപ്പണമായും പകരുകയാണ്  ഗോവിന്ദൻ നമ്പൂതിരി. എണ്ണൂറു വർഷം പുരാതനമായ തിടമ്പുനൃത്തത്തെ പുനർനിർവചിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്ത് സ്വജീവിതധർമ്മം അനുഷ്ഠിച്ച ഈ പരമാചാര്യൻ പഴയതെല്ലാം നിലനിർത്തി പുതിയതിനെ  സൃഷ്ടിക്കുന്നു. തിടമ്പുനൃത്തം എന്ന ഒരു ചിന്ത മാത്രം മനസ്സിൽ. ഗുരുകുലസമ്പ്രദായം അടിസ്ഥാനമാക്കിയാണ് ദിനചര്യ. രാവിലെ  ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് പരിശീലനം തുടങ്ങും. സന്ധ്യാവന്ദനവും ജപവുമെല്ലാം തീർത്ത് രാവിലെ ഒൻപതുമണി വരെ നീണ്ടുപോകുന്ന വിശ്രമമില്ലാത്ത സാധകം.  വൈകുന്നേരം ഭാരമേറ്റിയുള്ള പരിശീലനം. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ സാധന മറ്റുള്ളവർക്ക് കൗതുകമാകുമ്പോൾ അദ്ദേഹത്തിന് ആത്മസാക്ഷാത്കാരമാണ്. ഭാരതത്തിന്റെ പരമ്പരാഗതമായ ആചാരം നിലനിർത്താൻ പുതുമന ഗോവിന്ദൻ നമ്പൂതിരി അറുപതോളം ആണ്ടുകളായി ത്യാഗവും കഷ്ടപ്പാടും സഹിക്കുന്നത് ഉൾക്കൊള്ളുന്നവരാണ് സമൂഹം. നാലോ അഞ്ചോ വയസ്സിലാണ് ഗോവിന്ദൻ നമ്പൂതിരി യാത്ര തുടങ്ങുന്നത്. അന്ന് അമ്പല നൃത്തം എന്നറിയപ്പെട്ടിരുന്ന ലഘുവായ ഈ ആചാരത്തെ ഒരു ഉൾവിളി കേട്ട് ഏറ്റെടുത്ത് ജീവിതദൗത്യമാക്കുകയായിരുന്നു നമ്പൂതിരി. കഠിനാദ്ധ്വാനം മാത്രം കൈമുതലാക്കി തപഃശക്തിയുടെയും ജ്ഞാനശക്തിയുടെയും ഇച്ഛാശക്തിയുടെയും പിൻബലത്തോടെ ഗോവിന്ദൻ നമ്പൂതിരി ഉയർച്ചയുടെ പടവുകൾ കയറി. കാലം എത്രയോ കഴിഞ്ഞു, ഇന്ന് തിടമ്പുനൃത്തം അദ്ദേഹത്തിലൂടെ അറിയപ്പെടുന്ന നൃത്തരൂപമായി രൂപാന്തരപ്പെട്ടു. ജീവിതം തിടമ്പുനൃത്തത്തിന്റെ ഉന്നമനത്തിന് സമർപ്പിച്ച നീണ്ട കർമ്മകാണ്ഡം. മറ്റൊന്നിലും ശ്രദ്ധിക്കാനാകാതെ തിടമ്പുനൃത്തത്തെ വളർത്തികൊണ്ടുവരിക എന്ന ഒരേയൊരു  ലക്‌ഷ്യം. ഭാരതീയ ദർശനം ശരിയായി ഉൾക്കൊണ്ടാൽ എല്ലാവരെയും ഉൾക്കൊള്ളണമെന്നും തിടമ്പുനൃത്തപരിജ്ഞാനം എല്ലാവർക്കുമുണ്ടാകുന്നതാണ് ശരിയെന്നും അദ്ദേഹം. ഉപനിഷത്തുക്കളും വേദങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളും ശ്രുതികളും സ്മൃതികളും  അദ്ധ്യയനം നടത്തി,  മനനം ചെയ്ത് ചിന്തിച്ച് അതിന്റെ സാരം ഉൾക്കൊണ്ട ആചാര്യനാണദ്ദേഹം. വേദത്തിന്റെ സാരാംശം തന്നെ സർവ്വരേയും സമമായി കാണുകയെന്ന് അദ്ദേഹം പറയുന്നു. അങ്ങനെയൊരവസ്ഥയിലെത്തിയാൽ ദൈവവും മനുഷ്യനും ഒന്നാകുമെന്നും ജീവിതം ആനന്ദപ്രദമാകുമെന്നും തിടമ്പുനൃത്തത്തിനായി സമർപ്പിച്ച ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തജീവിതം ലോകത്തെയും നാമോരോരുത്തരെയും പഠിപ്പിക്കുന്നു. 
Share:

നൃത്തകലയുടെ ലോകഗുരു

 നൃത്തകലയുടെ ലോകഗുരു


അജ്ഞാന തിമിരാന്ധസ്യ ജ്ഞാനാഞ്ജന ശലാകയാ 
ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരവേ നമ:

അജ്ഞാനമാകുന്ന തിമിരത്തെ ഇല്ലാതാക്കാൻ ജ്ഞാനമാകുന്ന അഞ്ജനം എഴുതി കണ്ണ് തുറപ്പിക്കുന്നത് ഗുരു. ആ ഗുരുവിനെ നമസ്കരിക്കുന്ന ഭാരതദേശം എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് ഗുരുവിന്റെ മഹത്വമാണ്. ഗുരുവെന്ന സങ്കൽപ്പം വളരെ വലുതാണ്. എല്ലാ രാജ്യങ്ങളിലെയും സംസ്കാരങ്ങളിൽ ഗുരുവിന് പ്രാധാന്യമുണ്ടെങ്കിലും ഭാരതത്തെപ്പോലെ ഗുരുവിന് പ്രാധാന്യം നൽകുന്ന മറ്റൊരു സംസ്കാരമില്ല. ഗുരുവെന്ന സങ്കല്പം എല്ലായിടത്തുമുണ്ട്. വേദങ്ങളിലും ഉപനിഷത്തുകളിലും സ്മൃതികളിലും ശ്രുതികളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും. നൃത്തകലയുടെ ലോകഗുരുവാണ് തിടമ്പുനൃത്ത ഇതിഹാസം പുതുമന ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്തം പഠിക്കാനും പഠിപ്പിക്കാനും ജീവിതം ഉഴിഞ്ഞുവെച്ച ഗോവിന്ദൻ നമ്പൂതിരി സാർത്ഥകമായ ജീവിതം നയിക്കുന്ന ഗുരുശ്രേഷ്ഠനാണ്. ഗുരുക്കന്മാരുടേയും ഗുരു. 
തിടമ്പുനൃത്തമെന്ന പ്രവൃത്തിമണ്ഡലത്തിൽ നിസ്വാർത്ഥമായി സമൂഹത്തിന് സേവനം ചെയ്യുകയാണ് ഗോവിന്ദൻ നമ്പൂതിരി. അദ്ദേഹം തിടമ്പുനൃത്തത്തിന്റെ മുഖ്യസേവകനും കർമ്മയോഗിയുമാണ്. ഭാരതത്തിലെ അനേകം ഗുരുപരമ്പരകളെപ്പോലെ തിടമ്പുനൃത്തത്തിന്റെ ലോകഗുരുവായി മാതൃകാജീവിതം നയിക്കുകയാണ് ഗോവിന്ദൻ നമ്പൂതിരി.
തിടമ്പുനൃത്തത്തിന്റെ പ്രാധാന്യം സമൂഹത്തിലെത്തിക്കുവാനും സമൂഹത്തെ അതിലൂടെ നവോത്ഥാനത്തിലെത്തിക്കാനുമാണ് ഈ മഹാഗുരുവിന്റെ പ്രയത്നം. ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിർത്തിക്കൊണ്ട് ആദ്ധ്യാത്മികനിഷ്ഠ കൃത്യതയോടെ പുലർത്തുവാനും സംരക്ഷിക്കുവാനും അദ്ദേഹം പരിശ്രമിക്കുന്നു. 

Share:

നാടൻ കലകളുടെയും നാട്ടറിവിൻ്റെയും നായകൻ

 നാടൻ കലകളുടെയും നാട്ടറിവിൻ്റെയും നായകൻ

- ഉണ്ണികൃഷ്ണൻ  കെ 

പരിശീലനം എന്നും പുലർച്ചെ. തിടമ്പില്ലാതെയും തിടമ്പെടുത്തും പരിശീലനം. മുടക്കമില്ലാതെ എന്നും. നൃത്തത്തിലും നാടൻ കലകളിലും നാട്ടറിവിലും ഒന്നാമൻ. പുതുമന ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്ത കുലപതി. ഹൃദയത്തിലാണ് തിടമ്പുനൃത്തം വർഷമോ അറുപതിലുമധികമായി. നൃത്തം ചെയ്യുന്നതിലും പരിശീലിക്കുന്നതിലും വേഷം കെട്ടുന്നതിലും ഇന്ന് ഇതുപോലെ മറ്റാരുമില്ല. 
ഈ പ്രായത്തിലും ഗോവിന്ദൻ നമ്പൂതിരി തന്നെ നൃത്തത്തിൽ ഉത്തമൻ. നൃത്തത്തെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും കാണികളും എല്ലാം ഗോവിന്ദൻ നമ്പൂതിരിയേയും അദ്ദേഹത്തിൻ്റെ നൃത്തത്തെയും ഇഷ്ടപ്പെടുന്നു. നൃത്തം കഴിഞ്ഞാൽ നേരിട്ടുകണ്ട് നമസ്കരിച്ച് തൊഴുത് അഭിനന്ദിക്കാൻ ആളുകൾ കാത്തിരിക്കുന്നു. ആശ്ചര്യപ്പെടാൻ ഒന്നും ഇല്ല, ഭക്തിയും പ്രവൃത്തിഗുണവും അച്ചടക്കവും പരിശീലനവും മാത്രമാണത്തിനു കാരണമെന്ന് ഗോവിന്ദൻ നമ്പൂതിരി. 
അറിയപ്പെടാതിരുന്ന പുതുമന ഗോവിന്ദൻ നമ്പൂതിരി ഇന്ന് നാടൻ കലയിലും നാട്ടറിവിലും ലോകം അറിയപ്പെടുന്ന അറിവിൻ്റെ കീർത്തിമുദ്രയാണ്. അറുപതു വർഷമായിട്ടും കീർത്തി നിലനിർത്തുകയെന്നാൽ ആശ്ചര്യപ്പെടാൻ ഇല്ലേ? പുതിയ അടവുകൾ പയറ്റുന്നതിലും ഗോവിന്ദൻ നമ്പൂതിരി മുന്നിലാണ്. അടവുകൾ ദൈവികചൈതന്യത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കും. തിടമ്പുനൃത്തത്തിൽ എല്ലാം ഗോവിന്ദൻ നമ്പൂതിരിക്ക് സ്വന്തമാണ്. താളം സ്വന്തം, തിടമ്പ് സ്വന്തം, വേഷം സ്വന്തം, അടവ് സ്വന്തം. താളപ്പൊരുത്തവും വേഷപ്പൊരുത്തവും കാലപ്പൊരുത്തവും ഒത്തുവന്നാൽ കാഴ്ച്ചക്കാരായ ഭക്തരുടെ മനപ്പൊരുത്തവും സാധ്യമാകുമെന്ന് നമ്പൂതിരി. സമയക്രമീകരണവും താളക്രമീകരണവും ശ്രദ്ധിച്ചാണ് നമ്പൂതിരി നൃത്തം അനുഷ്ഠിക്കുന്നത്. 
നൃത്തത്തിന് വിളിച്ചാൽ നമ്പൂതിരി ഇപ്പോഴും തയ്യാർ. അറുപത് വർഷം ശീലമായതുകൊണ്ട് നമ്പൂതിരിക്ക് എല്ലാം എളുപ്പം. 
നാട്ടുകാർക്കും നാടൻ കലാസ്വാദകർക്കുമെല്ലാം തിടമ്പുനൃത്തത്തിൽ ഗോവിന്ദൻ നമ്പൂതിരിഎന്നാൽ വിശ്വാസമാണ് ഗ്യാരണ്ടിയാണ്. ഭക്തനും നിഷ്ഠയുള്ളവനുമായ ഉത്തമനായ നർത്തകൻ. ഗോവിന്ദൻ നമ്പൂതിരിയെ എന്നും വിളിക്കുന്നു ഒരുപാടാളുകൾ, നാടൻ കലകളെക്കുറിച്ചും നാട്ടറിവിനെക്കുറിച്ചും അറിയാൻ. 

Share:

Sunday, 16 July 2023

കഥകളിയുടെ പ്രതാപകാലം - ഗുരു കുഞ്ചുക്കുറുപ്പ്

 കഥകളിയുടെ പ്രതാപകാലം -   ഗുരു കുഞ്ചുക്കുറുപ്പ് 


കഥകളി പ്രസ്ഥാനത്തിന് സാത്വികവും ആഹാര്യവുമായ പുതിയ ശോഭാപ്രസരം കൈവരുത്തുന്നതില്‍ മാത്രല്ല, അതില്‍തന്നെ ജീവിതമര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് പുതിയ അഭിമാനബോധം ഉളവാക്കുന്നതിനും അവര്‍ക്ക് സമൂഹമധ്യത്തിലുള്ള പദവി ഉയര്‍ത്തുന്നതിലും എക്കാലവും ശ്രദ്ധ പതിപ്പിച്ച ഒരു കലോപാസനകനാണ് കുഞ്ചുക്കുറുപ്പ്.
ചങ്ങനാശേരി താലൂക്കില്‍ കുറിച്ചിയിലുള്ള കോമടത്തു കുടുംബത്തില്‍ നിന്ന് താഴ്വഴി പിരിഞ്ഞ്
തകഴിയില്‍ പൊയ്പള്ളിക്കുളത്തില്‍ വീട്ടില്‍ താമസമുറപ്പിച്ച ലക്സ്മിഅമ്മയും വേലിക്കകത്ത് പരമേശ്വരകൈമാളുമായിരുന്നു കുറുപ്പിന്‍റെ മാതാപിതാക്കള്‍. ഇവരുടെ ആറുസന്താനങ്ങളില്‍ ഏറ്റവും ഇളയവനായി കുഞ്ചുക്കുറുപ്പ് 1881 ഏപ്രിലില്‍ (1056 മീനം) ജനിച്ചു. തകഴിയിലും സമീപഗ്രാമങ്ങളായ ചമ്പക്കുളത്തും നെടുമുടിയിലും തന്‍റെ മൂലകുടുംബം സ്ഥിതി ചെയ്യുന്ന കുറിച്ചിയിലും എണ്ണപ്പെട്ട കഥകളി കലാകാരന്മാര്‍ അക്കാലത്ത് സുലഭമായിരുന്നു. കഥകളി പ്രസ്ഥാനത്തെപ്പറ്റിയുള്ള ഒരു ആധുനികഗ്രന്ഥത്തില്‍ തല്‍കര്‍ത്താവ് കഥകളിയുടെ വികാസ പരിണാമചരിത്രത്തെ ചില നടന്മാരുടെ "കാല' മെന്ന നിലയില്‍ വിശേഷിച്ചു കാണുന്നു. ഏതെങ്കിലും വിഭാഗവത്കരണത്തിനു രണ്ടാം നൂറ്റാണ്ടിന്‍റെ പൂര്‍വാര്‍ധത്തിലെ കഥകളിലോകത്തെ വിധേയമാക്കണമെങ്കില്‍ "കുഞ്ചുക്കുറുപ്പിന്‍റെ കാലം' എന്ന രീതിയില്‍ മാത്രമായിരിക്കും.കുറുപ്പിന്‍റെ ആദ്യകാലഗുരുക്കന്മാര്‍ പ്രസിദ്ധ നാട്യകലാചാരന്മാരും സഹോദരന്മാരുമായ കൊച്ചപ്പിരാമന്മാരയിരുന്നു (കൊച്ചയ്യപ്പപ്പണിക്കര്‍, 1846-1948) രാമപ്പണിക്കര്‍, (1866-1931) പന്ത്രണ്ടാം വയസ്സില്‍ ഇവരുടെ കീഴില്‍ അഭ്യസനമാരംഭിച്ച കുറുപ്പിന്‍റെ അരങ്ങേറ്റം അടുത്തവര്‍ഷം (1849) തന്നെ നടന്നു.  പിന്നീട് ചമ്പക്കുളം ശങ്കുപ്പിള്ളയുടെ കീഴില്‍ അഭ്യസനം തുടര്‍ന്ന കുറുപ്പ് അടുത്ത ഏഴുവര്‍ഷം മാത്തൂര്‍ കുഞ്ഞുപ്പിള്ളപ്പണിക്കരുടെ കളിയോഗത്തിലെ ഒരു കുട്ടിത്താരമായി. മറ്റു പലരേയും പോലെ ആദ്യം കുറുപ്പും സ്ത്രീവേഷക്കാരനായിരുന്നു. ചില പ്രത്യേക സാഹചര്യങ്ങളും അനുഭവങ്ങളുമാണ് വികസ്വരാവസ്ഥയിലേക്ക് നീങ്ങുന്ന കുഞ്ചുക്കുറുപ്പിലെ കലാപ്രതിഭയെ കണ്ടെത്തിയതും തട്ടിയുണര്‍ത്തിയതും. അക്കാലത്തെ ഒരു പ്രസിദ്ധ നടനായിരുന്ന തിരുവല്ലാ കുഞ്ഞുപിള്ളയുടെ നേതൃത്വത്തില്‍, വെച്ചൂര്‍ അയ്യപ്പക്കുറുപ്പ് എന്ന മറ്റൊരു നടന്‍, 1902 ല്‍തന്‍റെ കളിയോഗവുമായി ഒരു ഉത്തരകേരള പര്യടനം അരംഭിച്ചു. അതോടെ തെക്കന്‍ ചിട്ടക്കാരനായ കുറുപ്പിന്‍റെ അഭിനയസിദ്ധി മലബാറില്‍ പരക്കെ പ്രസിദ്ധമായി.  മൂത്തജ്യേഷ്ഠനായ ശങ്കരക്കുറുപ്പ് അക്കാലത്ത് പ്രാദേശികമായി പ്രസിദ്ധിയാര്‍ജ്ജിച്ച ഒരു കഥകളി നടനായിരുന്നു. (പ്രസിദ്ധസാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ പിതാവാണ് ശങ്കരക്കുറുപ്പ്. ജ്യേഷ്ഠനെപ്പോലെ ഒരു കഥകളി നടനാകണമെന്ന ആഗ്രഹക്കാരനായിരുന്നു കുഞ്ചുക്കുറുപ്പ്. ഏതെങ്കിലും വിദ്യാലയത്തില്‍ പോയി കാര്യമായ പഠനം നടത്തിയതായി അറിവില്ല. മന്ത്രേടത്ത് നമ്പൂതിരിപ്പാടെന്ന ഒരു ധനാഢ്യന്‍ കുറുപ്പിനെ തന്‍റെ അന്തോവാസിയായി ക്ഷണിച്ചത് അദ്ദേഹം സാഹ്ളാദം സ്വീകരിക്കുകയാണുണ്ടായത്. വളരെക്കാലം കഴിഞ്ഞ് നാലുകൊല്ലക്കാലത്തോളം (1948-52) നാഗസ്വരവിദ്വാനായ
ശങ്കരനാരായണപ്പണിക്കരുടെ ക്ഷണം സ്വീകരിച്ച് ചെമ്പകശ്ശേരി നടന കലാമണ്ഡലത്തിന്‍റെ പ്രഥമാചാര്യനായി ജന്മദേശത്ത് താമസിച്ചത് മാറ്റിനിര്‍ത്തിയാല്‍ കുഞ്ചുക്കുറുപ്പിന്‍റെ പല്‍ക്കാലവാസം മുഴുവന്‍ മലബാര്‍ പ്രദേശത്തുതന്നെയായിരുന്നു. കഥകളിപ്രസ്ഥാനത്തിലും ആസ്വാദക പ്രപഞ്ചത്തിലും ഒരു പുതിയ തലമുറയെ കരുപ്പിടപ്പിക്കാന്‍ കുറുപ്പ് ചെയ്ത അമൂല്യസേവനമാണ്, വള്ളത്തോളിന്‍റേതിനോടും കേരള കലാമണ്ഡലത്തിന്‍റേതിനോടും സമസ്കന്ധമായി ഈ ദൃശ്യകലാപ്രസ്ഥാനം നേടിയ സാര്‍വലൗകികാംഗീകരണത്തിന് അടിത്തറപാകിയത്. കോഴിക്കോട് ക്രിസ്ത്യന്‍ കോളേജിലെ മലയാള പണ്ഡിതനായ തെന്മഠത്തില്‍ കേശവമേനോന്‍റെ പുത്രിയും തന്‍റെ ഒരു സഹനടനായിരുന്ന പാലയില്‍ കുരുണാകരമേനോന്‍റെ അനന്തരവനുമായ ശ്രീദേവിയെ അദ്ദേഹം വിവാഹം കഴിച്ചത് 1910 ലാണെങ്കിലും പാലക്കാട്ടു ജില്ലയില്‍ കോട്ടായില്‍ സ്വന്തമായി ഒരു സ്ഥലം വാങ്ങി കെട്ടിടം പണിയിച്ച് അവിടെ സ്ഥിരതാമസമുറപ്പിച്ചത് 1940 ല്‍ മാത്രമാണ്. അതിനു മുമ്പുള്ള കാലമെത്രയും താന്‍ സേവിക്കുന്ന കലാദേവിയെ മേളവാദ്യഘോഷങ്ങളോടുകൂടി എഴുന്നള്ളിച്ചുകൊണ്ട് അദ്ദേഹം ദേശദേശാന്തരം രാപ്പകല്‍ നടന്നു കഴിച്ചുകൂട്ടി.അദ്ദേഹത്തിന്‍റെ പുത്രന്മാരില്‍ ഹരിദാസന്‍ മഹാകവി ടാഗോറിന്‍റെ വിശ്വഭാരതിയില്‍ ഭാരതീയ നൃത്തകലാധ്യാപകനാണ്. ജാമാതാവായ മാധവന്‍ മദിരാശിയിലെ ജെമിനി സ്റ്റുഡിയോവില്‍ നൃത്തസംവിധായകനും.  1964 ഏപ്രിലില്‍ കുഞ്ചുക്കുറുപ്പിന്‍റെ ശതാഭിഷേകം കോട്ടയില്‍വച്ച് ഒരു അഖില കേരളീയ ദേശീയോത്സവമായി ആഘോഷിച്ചു.  ഇന്ത്യയാകെ പരന്ന ആ മഹാപ്രതിഭ 1973 ഏപ്രില്‍ രണ്ടിനാണ് അന്തരിച്ചത്.
Share:

Sunday, 9 July 2023

തിടമ്പുനൃത്തകുലപതിയുടെ രംഗഭാഷ

 തിടമ്പുനൃത്തകുലപതിയുടെ രംഗഭാഷ 

"Dance is the hidden language of the soul." 
Martha Graham
വി ശരത്ചന്ദ്രൻ 

ആത്മാവിന്റെ അദൃശ്യഭാഷയാണ് നൃത്തം. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ തിടമ്പുനൃത്തം കാണുമ്പോൾ അങ്ങനെയാണ്. നൃത്തച്ചവിട്ടിന്റെ ദൃശ്യം കാണുമ്പോൾത്തന്നെ ഭംഗിയും ഭക്തിയും നാമനുഭവിക്കുന്നു. കാഴ്ചയെയും കടന്ന് തിടമ്പുനൃത്തത്തെ ആകര്ഷണീയമാക്കുവാൻ ഗോവിന്ദൻ നമ്പൂതിരിക്ക് സാധിച്ചു. ഒരിക്കൽ അവസാനിച്ചുപോകുമായിരുന്ന നൃത്തം പുതുമന തുടർന്നു, താളം പിഴയ്ക്കാതെ. സ്വാഭാവികമല്ലാത്ത ചവിട്ടിളക്കങ്ങളെ അദ്ദേഹം വിമർശിച്ചു. കാലിന്റെ ഓരോ ഇളക്കത്തെയും നൃത്തമാക്കി. ഓരോ നൃത്തത്തിലും നമ്പൂതിരിയുടേതായ ഒരു ഭാഷയുണ്ടാക്കി. അതോടെ അഗാധവും സൂക്ഷ്മവുമായ ദൃശ്യഭാഷ തിടമ്പുനൃത്തത്തിലും വന്നു. ധ്യാനവും മന്ത്രവും ഭക്തിയും ആ കാലുകളിൽ നാം കണ്ടു. അരങ്ങേറ്റം മുതൽ തന്നെ ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തത്തിൽ ഇതുകൂടാതെ കലാഭംഗിയും നാം കണ്ടു. ഇന്നത്തെ നൃത്തത്തിലും പുതിയ ദൃശ്യഭാഷകൾ നമ്മെ തേടിയെത്തുന്നു. കാലുകൾ ഇളകുമ്പോൾ അകമ്പടിയായ മാനസതാളത്തിന്റെ ആഴം കാണിയുടെ മനസ്സ് തേടിവരുന്നു. ഓരോ കെട്ടിയാടലിലും അതുവരെ കാണാത്ത എന്തൊക്കെയോ കാണിച്ചുതരികയാണദ്ദേഹം. താളം ചൂടുപിടിക്കുമ്പോൾ ചവിട്ടുകൾ തുടരുമ്പോൾ കാണിയുടെ ചിന്തകളിൽ ജ്ഞാനാന്വേഷണം വളരുന്നു. ആഹ്ളാദത്തിന്റെയും ഭക്തിയുടെയും ചവിട്ടിൽ നാം ഉള്ളിൽ നിറയ്ക്കുന്നത് അപൂർവ്വമായ ശുഭചിന്തകൾ. ഗോവിന്ദൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തം കൊട്ടിയുറയൽ വഴിയിൽ തുടങ്ങി തകിലടി, അടന്ത, ചെമ്പട, പഞ്ചാരി എന്നീ പാതയിൽക്കൂടി കലാശത്തിൽ തീരുന്നു. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തവഴിയിൽ ജീവിതമുണ്ട്. ഓരോ നൃത്തത്തിന്റെയും സ്വരൂപം വ്യത്യസ്തമാക്കി ദൃശ്യസ്ഥമാക്കുന്നതാണ് അദ്ദേഹത്തിന്റെ കഴിവ്. തകിലടിയിൽ തുടങ്ങി അടന്തയിലേക്ക് സംക്രമിച്ച്‌ അടിസ്ഥാനം അമർന്നെണീക്കുമ്പോൾ മുറുകുന്നതും ലയിപ്പിച്ചുചേർക്കുന്നതും ഭക്തിയെങ്കിൽ തുടർന്നങ്ങോട്ട് തലയിലേറ്റിയ മൂർത്തിക്ക് പ്രതീക്ഷാനിർഭരമായ താണ്ഡവപ്രാർത്ഥനയായി തട്ടിലും പ്രദക്ഷിണവഴിയിലും ഭക്തിയിലും മാറുന്നു. ആത്മീയതയുടെ ഉന്നതിയിൽ നിൽക്കുന്ന ആന്തരികമായ നൈർമ്മല്യവും ആർദ്രമായ അനുഭവവുമാണ് ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തം. ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തപ്രപഞ്ചം വിശാലമാക്കുന്നതും ഈ ഉന്നതമായ നിലയാണ്.

Share:

Tuesday, 8 February 2022

തിടമ്പ് നൃത്തത്തിന്റെ വിശ്വപ്രതിഭ

സാംസ്കാരികപ്രതിരോധത്തിന്റെ ഗുരുത്വകേന്ദ്രം: ഗുരുജി പുതുമന. 

ഉണ്ണിക്കൃഷ്ണൻ  റ്റി  എം വി. 

കേരളത്തിന്റെ തിടമ്പ് നൃത്തം ചരിത്രപ്രാധാന്യമുള്ള അനുഷ്ഠാനമാണ്. അനുഷ്ഠാനകർമ്മങ്ങളുമായി അനുബന്ധിച്ചുള്ള അവതരണത്തിൽ രൂപവും ഭാവവും അവതരണക്രമവും മറ്റു കലകളിൽ നിന്ന് വേറിട്ട് നില്കുന്നു. അടിസ്ഥാനത്തിൽ നിന്നുമകന്നുപോകുന്ന നാടൻ സംസ്കൃതികൾ ഒന്നൊന്നായി നഷ്ടപ്പെടുന്നതാണ് പൊതുവിൽ ദൃശ്യമാകുന്നത്. നവീനപരിഷ്കാരങ്ങളുടെ കടന്നുകയറ്റം കലകളുടെ അടിസ്ഥാനാടിത്തറയെ തകർക്കുകയും സാങ്കേതികത പാലിക്കാതെയുള്ള വിനോദപരതയിലേക്കും നാടൻതനിമയുടെ മറഞ്ഞുപോകലിലേക്കും എത്തിക്കുന്നു. ഇത്തരം കടന്നുകയറ്റങ്ങളെ സാംസ്കാരികമായി പ്രതിരോധിക്കുവാനുള്ള ഗുരുത്വകേന്ദ്രമാണ് പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ തിടമ്പ് നൃത്ത കലാശൈലി. 

അസാമാന്യമായ നൃത്തവൈഭവത്തിൽക്കൂടി തിടമ്പ് നൃത്തത്തെ വിശ്വപ്രസിദ്ധമാക്കിത്തീർത്ത പരമാചാര്യനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. ക്ഷേത്രനൃത്തത്തിന്റെ എക്കാലത്തെയും ഈ അതുല്യപ്രതിഭ ഇന്നും കാണികൾക്ക് വിസ്മയകരമായ നൃത്തസന്ദർഭങ്ങൾ സമ്മാനിക്കുന്നു. അഞ്ചര ദശാബ്ദങ്ങളിലേറെയായി തിടമ്പ് നൃത്തത്തിന്റെ ഉപാസനയിൽ മുഴുകി ജീവിതം ഉഴിഞ്ഞിട്ട കലാകാരൻ. നന്നേ ചെറുപ്പത്തിൽത്തന്നെ ചെറിയ ചുവടുകൾ വെച്ചുകൊണ്ട് പരിശീലനം ചെയ്യുന്നത് കണ്ടവരെല്ലാം അത് ജന്മസിദ്ധമായ കഴിവുതന്നെയെന്ന് പറഞ്ഞു. ചെറിയ കാലത്തെ ശിക്ഷണം കൊണ്ടുതന്നെ പുതുമന സുപ്രസിദ്ധനായി. മുന്നോട്ടുള്ള ജീവിതത്തിന് പുതുമന കൂടെ നിർത്തിയത് തിടമ്പ് നൃത്തത്തെ. ആഗോള ക്ഷേത്രനൃത്തവേദിയിൽ തിളങ്ങിയ പുതുമന തിടമ്പ് നൃത്തത്തെ ക്ഷേത്രമതിൽ കടന്ന് ജനപ്രിയമാക്കിയതോടുകൂടി അതിന്റെ പ്രസിദ്ധിയാണുയർന്നത്. തനിമ നിലനിർത്തുന്ന ഈ ജനപ്രിയ തിടമ്പ് നൃത്തവഴിക്ക്  ആസ്വാദകരേറി വരുന്നു. ശരീരവും മനസും അർപ്പിച്ചുകൊണ്ടുള്ള സൂക്ഷ്മമായ അദ്‌ഭുത തിടമ്പ് നൃത്തപ്രകടനങ്ങൾ സദസ്സുകളെ പുളകം കൊള്ളിച്ചു. അക്രൂരനെന്ന കൃഷ്ണഭക്തന്റെ ഭാവപ്രദർശനത്തിലൂടെ പുതുമന പ്രേക്ഷകഹൃദയം കീഴടക്കി. പുതുമന ഗോവിന്ദൻ നമ്പൂതിരിക്ക് തിടമ്പ് നൃത്തത്തോട് എന്നും തീരാത്ത അഭിനിവേശവും ഉത്സാഹവുമാണ് ഇന്നും. തിടമ്പ് നൃത്തത്തിന്റെ പാരമ്പര്യത്തെ അവഗണിക്കാതെ പുതിയ പദ്ധതികളുണ്ടാക്കിയ പുതുമന മഹാനായ പ്രതിഭയാണെന്നാണ് ഗവേഷകരെല്ലാം ഒറ്റ സ്വരത്തിൽ പറയുന്നത്. പുതുമന കഷ്ടപ്പെട്ട് ചിട്ടപ്പെടുത്തിയ തിടമ്പ് നൃത്തത്തിന്റെ ജനപ്രിയവഴികളെക്കുറിച്ച് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാനുള്ള വലിയ മനസ്സാണ് ഇത്രയേറെ പ്രേക്ഷകഹൃദയം തൊടാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. നാടൻ കലകളിലും ക്ലാസ്സിക് കലകളിലും ശിൽപ്പകലകളിലുമെല്ലാം പ്രവർത്തിക്കുന്നവർക്ക് ആത്മവിശ്വാസം നൽകുന്ന ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുന്ന കലാചാര്യനാണ് പുതുമന. എല്ലാ കലാകാരന്മാർക്കും ഉത്തമമാതൃകയാണദ്ദേഹം. ഉയരങ്ങൾ കീഴടക്കുമ്പോഴും പുതുമന പിന്തുടരുന്ന തിടമ്പ് നൃത്തത്തിന്റെ അടിസ്ഥാന ചിട്ടകളോടുള്ള ഭക്തിയും വിനയവും ലാളിത്യവുമാണ് അദ്ദേഹത്തെ എല്ലാ ജനങ്ങൾക്കും കൂടി ആദരണീയനാക്കുന്നത്.
Share:

Sunday, 6 February 2022

ഗുരു ചെങ്ങന്നൂർ : തെക്കൻ ചിട്ടയുടെ അതികായൻ

 'ഗുരു ചെങ്ങന്നൂർ : തെക്കൻ ചിട്ടയുടെ അതികായൻ' 

പണ്ണൂർ ശിവകുമാർ 

പ്രമുഖനായ കഥകളി നടനായിരുന്നു ഗുരു ചെങ്ങന്നൂർ രാമൻപിള്ള (1886–1980). പ്രതി നായക സ്ഥാനത്തുള്ള കത്തി വേഷങ്ങൾ അഭിനയിക്കുന്നതിൽ മികവ് കാട്ടിയിരുന്നു. ബാണൻ, ദുര്യോധനൻ രാവണൻ കീചകൻ ജരാസന്ധൻ എന്നിവയൊക്കെ ആയിരുന്നു പ്രസിദ്ധ വേഷങ്ങൾ. 1101 മുതൽ കൊട്ടാരം കഥകളി നടനായിരുന്നു. 65 വർഷത്തോളം കൊട്ടാരം കഥകളി യോഗത്തിനു നേതൃത്വം നൽകി. 16 ജനുവരി 1886, ന് ചെങ്ങന്നൂരിൽ ജനിച്ചു. അഭിനയത്തിനു പ്രാധാന്യം നൽകുന്ന തെക്കൻ കേരളത്തിലെ കപ്ലിങ്ങാട് ശൈലിയുടെ ആചാര്യനായിരുന്നു. "തെക്കൻ ചിട്ടയിലുള്ള അഭ്യാസക്രമങ്ങൾ"" എന്ന പുസ്തകം ചെങ്ങന്നൂർ രാമൻ പിള്ള രചിച്ചിട്ടുണ്ട്. തകഴി കേശവപ്പണിയ്ക്കർ, മാത്തൂർ കുഞ്ഞുകൃഷ്ണപ്പണിയ്ക്കർ, കുഞ്ഞുകൃഷ്ണപ്പണിയ്ക്കർ തുടങ്ങിയവരുടെ കീഴിലുള്ള അഭ്യസനം ചെങ്ങനൂർ രാമൻ പിള്ളയെ ഒത്ത ഒരു നടനാക്കി മാറ്റി. മങ്കൊമ്പ് ശിവശങ്കരപ്പിള്ള, ഹരിപ്പാട്ട് രാമകൃഷ്ണപ്പിള്ള, മടവൂർ വാസുദേവൻ നായർ തുടങ്ങിയവർ അദ്ദേഹത്തിൻറെ പ്രസിദ്ധ ശിഷ്യന്മാരാണ്‌. 1980 നവംബർ 11 -ന് തൊണ്ണൂറ്റിനാലാം വയസ്സിൽ അന്തരിച്ചു. .

Share:

Saturday, 5 February 2022

തിടമ്പുപാരമ്പര്യത്തിന്റെ ചരിത്രപുരുഷൻ

 തിടമ്പുപാരമ്പര്യത്തിന്റെ ചരിത്രപുരുഷൻ 


നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അനുഷ്ഠാനകലയായ തിടമ്പ് നൃത്തത്തിന്റെ പുനരുജ്ജീവനം, പുനർനിർവചനം, നവീകരണം, പൊതുവത്ക്കരണം, പൊതുപ്രചാരണം എന്നീ മേഖലകളിലാണ് ആറു ദശകങ്ങളായുള്ള ഗോവിന്ദൻ നമ്പൂതിരിയുടെ പ്രവർത്തനം  

കെ. സുരേന്ദ്രൻ പിള്ള 
    surendranpillai57@gmail.com                                   
                                      
അന്യം നിന്നുപോയേക്കാവുന്ന അപൂർവ്വമായ തിടമ്പ് നൃത്തപാരമ്പര്യത്തിന്റെ സുഗന്ധം പകരുകയാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. നൂറ്റാണ്ടുകൾക്കുമുമ്പ് മലബാറിലെ മഹാക്ഷേത്രങ്ങളിൽ രാജകുടുംബങ്ങളുടെ ഉപദേശപ്രകാരം ഉത്സവത്തിൽ കൂട്ടിച്ചേർത്ത ഒടുവിലത്തെ ഇനമാണിത്. ദൈവീകമായ അനുഗ്രഹവും കണിശമായ ചിട്ടകളും ഒത്തുചേർന്ന സിദ്ധിവിശേഷമാണ് പണ്ടുകാലത്തെ തിടമ്പ് നൃത്തകലാകാരന്മാർ അവതരിപ്പിക്കുമ്പോൾ നമുക്കു കാണാനായിരുന്നത്. അദ്‌ഭുതകരമായ ഈ ശരീരചലനങ്ങൾ അവതരിപ്പിക്കാനുള്ള അപൂർവ്വസിദ്ധിയും കഴിവും നിലനിർത്തുന്ന ഒടുവിലത്തെ ആചാര്യനാണ് പുതുമന. പുതുമന നിലനിർത്തുന്നത് നൂറ്റാണ്ടുകളുടെ പഴമയും ചരിത്രസ്പന്ദനങ്ങളുടെ പെരുമയുമാണ്. തലമുറകളിലൂടെ കൈമാറിവന്ന തിടമ്പ് നൃത്തത്തിന്റെ ചവിട്ടുകളും കാൽവെയ്പ്പുകളും അറുപതു വർഷങ്ങളായി പുതുമനയുടെ ജീവിതമാണ്. 
തിടമ്പ് നൃത്തത്തിന്റെ തുടക്കത്തെക്കുറിച്ച് നിരവധി കഥകളുണ്ട്. കർണ്ണാടകയിലും തമിഴ് നാട്ടിലും തിരുവിതാംകൂറിലുമെല്ലാം ഇത്തരം ആചാരരൂപങ്ങൾ അനുഷ്ഠിക്കപ്പെടുന്നു. ഈ രൂപങ്ങളെല്ലാം പല പേരുകളിൽ അറിയപ്പെടുന്നു. പ്രചരിപ്പിക്കപ്പെടുന്ന വാദങ്ങളും കഥകളും നിരവധി. 
തിടമ്പ് നൃത്തത്തെ ശാസ്ത്രീയമായി പുനർനിർമ്മിക്കുവാനും കലാസുന്ദരമായി പ്രകാശിപ്പിക്കുവാനും ജീവിതം ഉഴിഞ്ഞുവെച്ച കലാകാരനാണ് പുതുമന. ത്യാഗവും കഷ്ടപ്പാടും സഹിച്ച് സാധനയുടെ പാരമ്യത്തിൽ ശുദ്ധമായ തിടമ്പ് നൃത്തത്തെ പുനർനിർവ്വചിക്കാനും പുനരുജ്ജീവിപ്പിക്കാനും നവീകരിക്കുവാനുമായിരുന്നു പുതുമനയുടെ കലാജീവിതത്തിന്റെ ആദ്യപരിച്ഛേദം. മനുഷ്യനെ മനുഷ്യനായിക്കണ്ട് തിടമ്പ് നൃത്തത്തെ പരിചയപ്പെടാൻ നിഷേധിക്കപ്പെട്ടിരുന്ന സമൂഹങ്ങൾക്ക് അതിനെ പരിചയപ്പെടുത്താൻ ദേശങ്ങളും കടന്നു നടത്തിയ പുതുമനയുടെ പദയാത്രകളും  ജനകീയവത്ക്കരണവുമെല്ലാം ഇന്ന് ചരിത്രപ്രാധാന്യമുള്ളവയാണ്. അനേകവർഷത്തെ പരിശ്രമത്തിൽക്കൂടിയാണ് തടസ്സങ്ങളെയെല്ലാം ഒറ്റയ്ക്ക് സധൈര്യം നേരിട്ടുകൊണ്ട് തിടമ്പ് നൃത്തത്തിന്റെ പൊതുവത്ക്കരണവും സാമൂഹ്യവത്ക്കരണവും പുതുമന നേടിയെടുത്തത്. തിടമ്പ് തലയിൽ ഉറപ്പിച്ചുനടത്തിയ നൃത്തമാകയാലാണ് ഇതിനെ അദ്ദേഹം തിടമ്പ് നൃത്തമെന്നു പേരു വിളിക്കുന്നത്. കാളിയമർദ്ദനകഥയും അക്രൂരായണവുമടങ്ങിയ പ്രമേയം ചേർത്ത് ആരോഹണത്തിലുയരുന്ന കൃഷ്ണലീലകളുടെ  ചിട്ടവഴിയാണ് പുതുമന നിർമ്മിച്ചത്. പൂർവ്വികരുടെ അടിസ്ഥാനനിർമ്മിതികളെ തള്ളാത്ത കാതലായ തിടമ്പ് നൃത്തം. നീണ്ട കാലത്തെ കഠിനമായ പരിശീലനം തിടമ്പ് നൃത്തത്തിന് ആവശ്യമുണ്ട്. പഴയ കാലത്ത് ഇതിനോടുണ്ടായ സ്വയം അർപ്പണവും നീണ്ട കാലത്തെ കഷ്ടപ്പാടും പുതുമന സ്മരിക്കുന്നു. വളരെ കൃത്യമായ നിയന്ത്രണത്തോടെയാണ് കാൽ ചലിപ്പിക്കേണ്ടത്. തിടമ്പ് നൃത്തത്തിന്റെ ചമയം അലങ്കരിക്കേണ്ടതിനും തിടമ്പ് എടുക്കേണ്ടതിനും വയ്‌ക്കേണ്ടതിനും ചവിട്ടുകൾക്കും നിഷ്ഠയും കണക്കുകളുമുണ്ടെന്ന് അദ്ദേഹം. തിടമ്പിന്റെ ചലനനിയമങ്ങൾ നന്നായി അറിഞ്ഞിരുന്നാലേ  നൃത്തം ഭംഗിയാവൂ. ' ഓരോ ദിശയിലേക്കും ഇത്ര അളവ് എന്ന കണക്കുണ്ട്, അങ്ങനെയാണ് കാൽ വയ്‌ക്കേണ്ടത്. പണ്ട് കാണികൾക്കും ഈ അളവും കണക്കുമെല്ലാം നല്ല ധാരണയുണ്ടായിരുന്നു. നൃത്തചുവടിന്റെ അളവുകളും കണക്കുകളും തെറ്റിപ്പോയാൽ തിടമ്പ് നൃത്തത്തിന്റെ മൂല്യത്തിന് കോട്ടം വരാൻ തന്നെ സാധ്യതയുണ്ട്.'. ജന്മസിദ്ധമായ പ്രതിഭയും ചെറുപ്രായം തൊട്ടേ നൃത്തം ചെയ്ത് ശീലമുള്ളതിനാലുള്ള പ്രാവീണ്യവുമാണ് പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തത്തിന്റെ ഭംഗി ഇന്നും കൂടിക്കൊണ്ടിരിക്കുന്നത്.  
Share:

Thursday, 6 January 2022

തിടമ്പ് നൃത്തം പിന്നിട്ട വഴികൾ 2 : ഉയർത്തപ്പെട്ട സമൂഹം

 തിടമ്പ് നൃത്തം പിന്നിട്ട വഴികൾ 2 : ഉയർത്തപ്പെട്ട സമൂഹം 

ഡോ. സുബിൻ ജോസ് 

വടക്കേ മലബാറിന്റെ താളാത്മകമായ കലാരൂപമാണ് തിടമ്പ് നൃത്തം. തിടമ്പ് നൃത്തത്തിലെ ഓർമ്മകളും കഴിഞ്ഞ കൊല്ലങ്ങളിലെ നിരീക്ഷണങ്ങളും ചരിത്രബോധവും ഒത്തിണങ്ങുമ്പോഴാണ് ഇതിന്റെ വഴികളെ ആധികാരികമായി അടയാളപ്പെടുത്താൻ നാം പ്രാപ്തരാക്കുക. തിടമ്പ് നൃത്തത്തെക്കുറിച്ച് കൂടുതലന്വേഷിക്കുന്നവർക്ക് ആവേശമാണ്
അറുപതോളം വര്ഷങ്ങളായി ഈ നാടൻ കലയുടെ വിവിധമേഖലകളിൽ പ്രവർത്തിച്ച പുതുമന ഗോവിന്ദൻ നമ്പൂതിരി.
മഹാനായ കലാകാരനെന്ന നിലയിൽ അനുകരണീയമായ അനേകം സവിശേഷതകളുടെ സങ്കലനമാണ് അദ്ദേഹത്തിന്റെ ജീവിതം. തനി കേരളീയത്തനിമയോടെയുള്ള കലാകാരൻ. ലളിതമായ ജീവിതരീതി. അദ്ധ്വാനശീലം, സത്യസന്ധത, ആത്മാർഥത, കൃത്യത, വിശ്വാസ്യത തുടങ്ങിയ ഗുണങ്ങളെല്ലാം അദ്ദേഹത്തിന്റെ ശീലങ്ങളാണ്. അഹങ്കാരവും ധാർഷ്ട്യവുമില്ലാതെ ആരോടും പകയോ വിദ്വേഷമോയില്ലാതെ തിടമ്പ് നൃത്തത്തെ ഉപാസിച്ചും ധ്യാനിച്ചും കൊണ്ടുള്ള ജീവിതം. വിജയത്തിന്റെ പതക്കമണിയുവാൻ വിനയത്തിന്റെ പടവുകളേറണമെന്ന് അദ്ദേഹത്തിന്റെ സമർപ്പണം നമ്മളെ പഠിപ്പിക്കുന്നു. അധ്വാനശീലവും സ്ഥിരോത്സാഹവുമുണ്ടെങ്കിൽ വിജയം തേടിയെത്തുമെന്ന് അദ്ദേഹത്തിന്റെ  അനുഭവങ്ങൾ തെളിയിക്കുന്നു. ആർജ്ജവമുള്ള മനസ്സും ആർദ്രതയുള്ള ഹൃദയവുമുണ്ടെങ്കിൽ എത്ര അവഗണിക്കപ്പെട്ടാലും ഒരു ഗ്രാമകലയെയും ഒരു ദേശത്തേയും ലോകവ്യാപകമാക്കാം എന്നറിയുകയും അറിയിക്കുകയും ചെയ്തു അദ്ദേഹം.കഴിഞ്ഞ 60 വര്ഷങ്ങളായി നാടൻ കലയിൽ സാധാരണയിലുമപ്പുറമായ ചില സങ്കല്പങ്ങൾ വളർത്താനും അവ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും പുതിയ തലമുറയ്ക്കും സമൂഹത്തിനും പരിചയപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹം പ്രഭാഷണത്തിന്റെയും പ്രകടനത്തിന്റെയും വേദികളിൽ കാണികൾക്ക് ഊർജ്‌ജം പകർന്ന് വാക്കുകൾക്കതീതമായ ആത്മബന്ധമുണ്ടാക്കി. ഉരിയാടാത്ത തിടമ്പ് നൃത്ത വേദിയോടൊപ്പം അദ്ദേഹത്തിന്റെ വാക്കുകൾ, ഇടപെടലുകൾ, പ്രവൃത്തികൾ, തേടിയെത്തിയ ബഹുമതികൾ എന്നിവ സമൂഹത്തെ സ്വാധീനിച്ചു. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ അനുഭവങ്ങളിൽ നിന്നും നമുക്ക് പഠിക്കുവാനും മറ്റുള്ളവരെ പഠിക്കുവാനും ഒത്തിരി കാര്യങ്ങളുണ്ട്.
Share:

Wednesday, 5 January 2022

തിടമ്പ് നൃത്തം പിന്നിട്ട വഴികൾ : സാമൂഹ്യവൽക്കരണം

 തിടമ്പ് നൃത്തം പിന്നിട്ട വഴികൾ : സാമൂഹ്യവൽക്കരണം 

ഡോ. സുബിൻ ജോസ് 

കഴിഞ്ഞ 60 ലേറെ വര്ഷങ്ങളായി കേരളത്തിലെ ക്ഷേത്ര നാടൻ കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒരു നർത്തകശ്രേഷ്ഠനാണ് പുതുമന ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി. തിടമ്പു നൃത്തമെന്ന ക്ഷേത്രവിഷയത്തിനു വേണ്ടി ജീവിതം സമർപ്പിച്ച പ്രതിഭ.
അദ്ദേഹത്തിന്റെ പൂർവ്വകാലപ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഇതിലേക്കുള്ള വരവും തുടക്കവും പ്രയാസമേറിയതായിരിക്കുന്നുവെന്ന് മനസ്സിലാക്കാനായി. വളരെ ചെറുപ്പത്തിൽ അദ്ദേഹം പരിശീലനം പൂർത്തിയാക്കിയതിനു ശേഷം അക്കാലത്തെ ക്ഷേത്രാനുഷ്ഠാനമായ ഉത്സവ നൃത്തത്തിൽ ഉന്നതമായ  പ്രാവീണ്യം നേടുകയും പിന്നീട് അതിനെ തിടമ്പ് നൃത്തമായി പുനർനിർവചിച്ച് പുതിയൊരു ക്ഷേത്രകലാരൂപമായി വളർത്തിയെടുക്കുകയും ചെയ്തു. തിടമ്പുനൃത്തത്തെ ഉത്തമനിലവാരത്തിലുള്ള കലാവിഷ്കാരമാതൃകയാക്കിയിട്ടും ക്ഷേത്രസമിതികൾക്ക് ഗോവിന്ദൻ നമ്പൂതിരിയുടെ ആഴമുള്ള അറിവുകളെയും അഭിപ്രായങ്ങളെയും സാധാരണക്കാരിലെത്തിക്കാനോ മറ്റു  പ്രസിദ്ധകലകളുടെ വിദഗ്‌ധരിലെത്തിക്കാനോ കഴിഞ്ഞിരുന്നില്ല. തിടമ്പുനൃത്തത്തിലെ ആചാരസംബന്ധിയായ ഉന്നതപ്രവർത്തനങ്ങളും ഉത്തരവാദിത്വങ്ങളും വഹിച്ചിരുന്ന ഇദ്ദേഹം സമാനദിശയിൽ തിടമ്പുനൃത്തകലയെ സാമാന്യജനത്തിനും സമൂഹത്തിനും എത്തിപ്പിടിക്കാവുന്ന തരത്തിൽ സാധാരണക്കാരന്റെ ഭാഷയിൽ അതിനെ സാമൂഹ്യവൽക്കരിച്ചു. തിടമ്പുനൃത്തത്തിലെ അദ്‌ഭുതപ്രതിഭയായ പുതുമനയുടെ വീക്ഷണത്തിൽ ഒരു കലാകാരനെന്നാൽ കലാകാരനും വിദ്യാർത്ഥിയും വിമർശകനും ആശാനുമാണ്.  പുതുമന ഗോവിന്ദൻ നമ്പൂതിരിക്ക് ഈ നിർവ്വചനം യോജിക്കുന്നു. തിടമ്പുനൃത്തത്തെ പൊതുവൽക്കരിച്ച് ലോകശ്രദ്ധ പിടിച്ചുപറ്റിയ ശേഷമാണ് അദ്ദേഹത്തെ എനിക്ക് പരിചയമാകുന്നത്. അദ്ദേഹത്തിന്റെ തിടമ്പുനൃത്തപ്രചാരണത്തിന്റെ പ്രവർത്തനങ്ങളും പ്രഭാഷണങ്ങളും കേൾക്കുവാനും അനുഭവിക്കുവാനും കഴിഞ്ഞുവെന്നതിൽ എനിക്കഭിമാനമുണ്ട്. ഗോവിന്ദൻ നമ്പൂതിരിയുടെ പ്രഭാഷണങ്ങൾ കേൾക്കുകയും ലിഖിതങ്ങൾ വായിക്കുകയും ചെയ്യുന്ന ഏതൊരാളിനും മനസ്സിലാകുന്ന ഒരു വസ്തുത, അദ്ദേഹത്തിന് തിടമ്പുനൃത്തത്തിലുള്ള താത്പര്യവും, അതിൽ കൂടി സമൂഹത്തെ ഉദ്ധരിക്കുക എന്ന പ്രക്രിയ നിർവ്വഹിക്കാൻ അദ്ദേഹത്തിനുള്ള വ്യഗ്രതയുമാണ്. ഇൻഡ്യയിൽത്തന്നെ അസാധാരണമായ ഒരു സാമൂഹികമാറ്റമാണ് 700 വർഷത്തെ പാരമ്പര്യമുള്ള കലയ്ക്ക് 60 വര്ഷം കൊണ്ട് അദ്ദേഹം നടപ്പാക്കിയത്. ചെറുതും വലുതുമായ പ്രാദേശികപ്രവർത്തിയ്ക്കു പുറമെ പുതിയ പ്രവർത്തനശൈലിയിലൂടെ അദ്ദേഹം തിടമ്പുനൃത്തത്തെ എല്ലാവർക്കുമായി അവതരിപ്പിച്ചു. വളരെയധികം ജനങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് തിടമ്പുനൃത്തത്തിന്റെ പല വിവരങ്ങളും നേരിട്ട് അദ്ദേഹത്തിൽ നിന്ന് മനസ്സിലാക്കി. തിടമ്പുനൃത്തം വളർന്നതും വിപുലപ്പെട്ടതും പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ ശക്തമായ നേതൃത്വത്തിലൂടെയും അദ്ദേഹത്തിന്റെ ശ്രമങ്ങളെ പ്രോത്സാഹിപ്പിച്ച സാമൂഹിക സാഹചര്യങ്ങളിലൂടെയുമാണ്. ഗോവിന്ദൻ നമ്പൂതിരി ശ്രദ്ധിക്കുന്നത് ഇതുപോലുള്ള  വലിയ കാര്യങ്ങളിലാണ്. പുതുമന ഗോവിന്ദൻ നമ്പൂതിരിക്ക് ഇതുപോലുള്ള നല്ല പ്രവർത്തനങ്ങൾ തുടരാനുള്ള സാഹചര്യം ഉണ്ടാകട്ടെ. 
Share:

Thursday, 23 December 2021

തിടമ്പുനൃത്തം തന്നെ ജീവിതം

തിടമ്പുനൃത്തം തന്നെ ജീവിതം 

വി കണ്ണൻ 

ആറു ദശകങ്ങളായി പുതുമന ഗോവിന്ദൻ നമ്പൂതിരിക്ക് തിടമ്പുനൃത്തവും ജീവിതവുമൊന്നാണ്. അനുഷ്ഠാനം മാത്രമായിരുന്ന തിടമ്പുനൃത്തത്തെ ദീർഘകാലത്തെ കഠിനമായ സാധനയിലൂടെയും പരിശ്രമത്തിലൂടെയും അദ്ദേഹം ക്ഷേത്രകലയാക്കി ഉടച്ചുവാർത്തു. ഈ രൂപീകരണത്തിൽ സാമ്പ്രദായികതയും മൗലികതയും നിലനിർത്തിയതിലാണ് അദ്ദേഹത്തിന്റെ പ്രാധാന്യം. അദ്ദേഹത്തിലൂടെ ഉയർന്നുവന്ന തിടമ്പുനൃത്തത്തെ എല്ലാ ജനങ്ങളിലേക്കുമെത്തിക്കാൻ തലമുതിർന്ന ഈ കലാകാരൻ ഏറെ പരിശ്രമിക്കുന്നു.  തിടമ്പുനൃത്തകലയുടെ സംസ്‌കൃതരൂപത്തെ ലോകത്തിന് പരിചയപ്പെടുത്തിയത് പുതുമനയാണ്. 
കുട്ടിക്കാലം മുതൽ തിടമ്പുനൃത്തത്തോട് തീവ്രമായ ഇഷ്ടമായിരുന്നു ഗോവിന്ദൻ നമ്പൂതിരിയ്ക്ക്. കൂടുതൽ ആർക്കും അറിയാത്ത അനുഷ്ഠാനരൂപമായിരുന്നതുകൊണ്ട് മനസ്സിൽ അന്വേഷിക്കാനും നിരീക്ഷിക്കാനുമുള്ള ആശ കൂടി. തുടർന്ന് ജീവിതത്തിൽ  ദൃഢനിശ്ചയത്തോടെ തീരുമാനമെടുത്തു. ആത്മസമർപ്പണമായ നൃത്തപഠനവും പരിശീലനവും. തിടമ്പുനൃത്തത്തിന് സമർപ്പിച്ച ജീവിതം.
Share:

Sunday, 21 November 2021

തിടമ്പുനൃത്തകലയുടെ അനുഭവജ്ഞാനി

 തിടമ്പുനൃത്തകലയുടെ അനുഭവജ്ഞാനി 

-Ramakrishnan VK


പ്രായം ഇത്രയുമായെങ്കിലും പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ അരങ്ങിലെ തിടമ്പ് നൃത്തം ആട്ടത്തിന് ഇപ്പോഴും മങ്ങലേറ്റിട്ടില്ലെന്നാണ് അനുഭവജ്ഞർ പറയുന്നത്. അടുത്ത അരങ്ങുകളിലേക്ക് പുതുമനയ്ക്ക് പ്രചോദനമാകുന്നത് ഈ വർത്തമാനങ്ങളാണ്. തിടമ്പ് നൃത്തക്കാരന്റെ ചിട്ടവട്ടങ്ങൾക്ക്  കോട്ടം വരാതെ സൂക്ഷിക്കുന്നു പുതുമന, പല ചിട്ടകളും വഴികളും അദ്ദേഹം സൃഷ്ടിച്ചതും. തിടമ്പ് നൃത്തത്തിന്റെ വലിയാശാനാണ് പുതുമന. 

തിടമ്പ് നൃത്ത അഭ്യസനത്തിന്റെ ഓർമ്മ പുതുമനയ്ക്ക് വികാരഭരിതമായ ഗൃഹാതുരത്വമാണ്. തിടമ്പ് നൃത്തം തുള്ളിയാടി പഠിച്ച കാലം. അന്ന് തൊട്ടിന്നു വരെ തിടമ്പിനായി ഉഴിഞ്ഞുവച്ച ജീവിതം. വലിയ കലാകാരനെന്നതോടൊപ്പം നൂറു ശതമാനവും കലാസ്വാദകനുമാണ് താനെന്ന് ഗോവിന്ദൻ നമ്പൂതിരി പറയുന്നു. കഥകളിയിലെയും മറ്റും വലിയ കലാകാരന്മാരുമായുള്ള ഇടപഴക്കം. ഉറക്കമൊഴിഞ്ഞുള്ള അരങ്ങുകളിൽ ഭക്തിയോടെ നൃത്തം ചെയ്യാൻ ഭക്തജനങ്ങളുടെയും മഹാന്മാരായ കലാകാരന്മാരുടെയും അനുഗ്രഹം അദൃശ്യശക്തിയാണെന്ന് അദ്ദേഹം പറയുന്നു. ഈ വിനയമാണ് പുതുമനയെ കേരളത്തിലെ മഹനീയവ്യക്തിയായി പ്രതിഷ്ഠിക്കാൻ കാരണമായത്.
Share:
Ancient Indian Art forms have been passed down from generation to generation, and are still practiced and celebrated in different parts of the country. Here’s a look at few of them what makes these art forms unique.

Search This Blog

Blog Archive

 
// //